ജേക്കബ് തോമസിന്‍െറ രാജി സ്വീകരിക്കില്ല, കത്ത് പിണറായിയുടെ ഒത്താശയോടെ, ലക്ഷ്യം സ്ഥാനം ഉറപ്പിക്കല്‍; അന്തിമ തീരുമാനം പിണറായി എടുക്കും

jacobതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. ജേക്കബ് തോമസ് മാറില്ല. ആലോചിച്ചുറപ്പിച്ച വ്യക്തമായ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതെന്നും അതില്‍നിന്ന് പിന്നോട്ടുപോകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ടെങ്കിലും രാജി സ്വീകരിക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.
ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന് സി.പി.എം അവൈലബ്ള്‍ സെക്രട്ടേറിയറ്റും തീരുമാനിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. അഴിമതി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ മാറ്റുന്നത് സര്‍ക്കാറിന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ജയരാജന്‍െറ രാജിക്കുപുറകേ ഈ പ്രശ്നം സര്‍ക്കാറിനെ വന്‍ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍ അദ്ദേഹത്തിന്‍െറ രാജി സ്വീകരിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം.

ജേക്കബ് തോമസ് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നല്‍കിയത് പിണറായി വിജയന്‍െറ ഒത്താശയോടെയാണെന്നും റിപ്പോര്‍ട്ടുണ്ട്. സമ്മര്‍ദ്ദതന്ത്രത്തിലൂടെ തന്‍െറ സ്ഥാനം അരക്കെട്ടുറപ്പിക്കുകയാണത്രേ ജേക്കബ് തോമസിന്‍െറ ലക്ഷ്യം. ഇതിന് പിണറായി വിജയന്‍െറ രഹസ്യ പിന്തുണയുമുണ്ട്. തനിക്കെതിരായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നീക്കം തടയാനുള്ള ജേക്കബ് തോമസിന്‍െറ തന്ത്രപരമായ നീക്കം കൂടിയാണിത്. തിരിച്ചുവരുന്ന ജേക്കബ് തോമസ് ഇരട്ടി ശക്തിമാനായിരിക്കുമെന്നാണ് സംസാരം.

അതിനിടെ, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്തിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല. നിയമനകാര്യം മാത്രം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്ത് മുഖ്യമന്ത്രിയാണ് പരിഗണിക്കേണ്ടതെന്നുമായിരുന്നു മന്ത്രിമാരുടെ അഭിപ്രായം. ഇതിന്‍െറ അടിസ്ഥാനത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയായിരുന്നു.  നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സമ്മര്‍ദം തുടര്‍ന്നാല്‍ അവധിയില്‍ പോകുന്ന കാര്യം ആലോചനയിലാണെന്നുമാണ് ജേക്കബ് തോമസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ‘ഓരോദിവസവും പുതിയ ആകാശവും പുതിയ ഭൂമിയു’മാണെന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ബുധനാഴ്ച രാത്രി വൈകുവോളം ഓഫിസില്‍ ഫയലുകള്‍ നോക്കിയശേഷമാണ് അദ്ദേഹം മടങ്ങിയതും.

യു.ഡി.എഫ് സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിനെ രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തിയ സി.പി.എം യോഗം പ്രതിപക്ഷ ആരോപണങ്ങളെ നേരിടാനും തീരുമാനിച്ചു. പാര്‍ട്ടി തീരുമാനം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാനും ധാരണയായി. അഴിമതിവിരുദ്ധനായ മികച്ച ഉദ്യോഗസ്ഥനാണ് ഡോ. ജേക്കബ് തോമസെന്നും അദ്ദേഹത്തെ മാറ്റരുതെന്നും വി.എസ് പറഞ്ഞു. അദ്ദേഹം തുടരണമെന്നാണ് തന്‍െറ ആഗ്രഹം. മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് സര്‍ക്കാര്‍ അവഗണിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഉയരുന്ന അപവാദങ്ങള്‍ കെ.എം. മാണിയും കൂട്ടരും കെട്ടച്ചമച്ചതാണെന്നും അതിനെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളുന്നതായും വി.എസ് പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയിലുള്ള ജേക്കബ് തോമസിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി സംതൃപ്തനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ചില ഉന്നത ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ ജേക്കബ് തോമസിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്, എന്നാല്‍ ഇത് സര്‍ക്കാരിന്റെ അറിവോടെയല്ല. ജേക്കബ് തോമസിനെ വിജിലന്‍സ് സ്ഥാനത്ത് നിന്ന് നീക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വികാരമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുള്‍പ്പടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. ജേക്കബ് തോമസിനെ നീക്കരുതെന്ന് വിഎസ് അച്യുതാനന്ദനും പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.

അതേസമയം ജേക്കബ് തോമസിനെതിരായ മുന്‍നിലപാടില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ട് പോയിട്ടില്ല. തുറമുഖ വകുപ്പിലെ അഴിമതിയെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് ഡയറക്ടറെ കടന്നാക്രമിച്ച പ്രതിപക്ഷം സ്ഥാനമൊഴിയാനുള്ള അദ്ദേഹത്തിന്റെ നീക്കത്തേയും സംശയത്തോടെയാണ് കാണുന്നത്. അധികാരത്തിലിരിക്കുന്ന സമയത്ത് യുഡിഎഫിനെതിരായി പ്രവര്‍ത്തിച്ച ജേക്കബ് തോമസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാജിവയ്ക്കാനൊരുങ്ങുന്നുവെങ്കില്‍ അതിന് കാരണം സര്‍ക്കാരില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട സമ്മര്‍ദ്ദമാണെന്നാണ് യുഡിഎഫ് ക്യാമ്പുകള്‍ വിശദീകരിക്കുന്നത്.

ബുധനാഴ്ച്ച സഭയില്‍ സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരോക്ഷമായി ഇക്കാര്യം പറഞ്ഞു വയക്കുകയും ചെയ്തു. കൊടുങ്കാറ്റടിച്ചാലും മുന്‍പോട്ട് പോകുമെന്ന് പറഞ്ഞയാള്‍ മന്ദമാരുതന്‍ അടിച്ചപ്പോള്‍ തന്നെ ഇളക്കിപോയെന്നും, മുഖ്യമന്ത്രി നടത്തിയ ഇടപെടലാണോ ”തത്ത” പറന്നു പോകാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു. ഒരു പദവിയിലും ആറ് മാസത്തില്‍ കൂടുതല്‍ അടങ്ങിയിരിക്കാത്ത ആളാണ് ജേക്കബ് തോമസെന്ന പരിഹാസവും ബുധനാഴ്ച്ച പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment