മുഖ്യമന്ത്രി പിണറായി വിജയന്‍െറ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ ഏഴുപേരെ അറസ്റ്റ് ചെയ്തു; പ്രതികളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും

untitledകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍െറ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനി സാന്ദ്ര തോമസ് ഡി.ജി.പിക്ക് നല്‍കിയ പരാതി പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രോഡ്‌വെയില്‍ ജ്വല്ലറി ഉടമയായ പോണേക്കര സെന്‍റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപം പാതുപ്പിള്ളി വീട്ടില്‍ കമാലുദ്ദീന്‍ (43), തൃശൂര്‍ വലപ്പാട് കാഞ്ഞിരപ്പറമ്പ് ജോഷി (48), കലൂര്‍ ദേശാഭിമാനി റോഡ് ലിബര്‍ട്ടി ലെയ്നിലെ മല്ലിശേരി കറുകപ്പിള്ളി സിദ്ദീഖ് (35), എളമക്കര അറക്കല്‍ വിച്ചാണ്ടി എന്ന വിന്‍സെന്‍റ് (39), കലൂര്‍ സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന അജയകുമാര്‍ (44), തലയോലപ്പറമ്പ് കാഞ്ഞൂര്‍ നിയാസ് (25), തമ്മനം മെയ് ഫസ്റ്റ് റോഡില്‍ കോതാടത്ത് കെ.കെ. ഫൈസല്‍ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ കലൂര്‍ മസ്ജിദ് യൂനിറ്റ് കമ്മിറ്റിയംഗമാണ് പ്രതിയായ സിദ്ദീഖ്. ഇയാളെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയതായി എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ കമാലുദ്ദീന്‍െറ വീടും അഞ്ചു സെന്‍റ് സ്ഥലവും സാന്ദ്ര തോമസിന് വില്‍ക്കാന്‍ കരാറായിരുന്നു. ഒരു കോടി രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. അഡ്വാന്‍സായി 50 ലക്ഷം നല്‍കി ബാക്കി തുക ഗഡുക്കളായി നല്‍കാനായിരുന്നു കരാര്‍. 50 ലക്ഷം കൈപ്പറ്റി ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയശേഷം കമാലുദ്ദീനും കൂട്ടാളികളും സാന്ദ്രയുടെ വീട്ടിലും ബ്രോഡ്‌വേയിലെ സ്ഥാപനത്തിലുമെത്തി 1.25 കോടി നല്‍കിയില്ലെങ്കില്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സാന്ദ്ര തോമസിന്‍െറ തൃക്കാക്കരയിലെ 4000 ചതുശ്രയടിയുള്ള വീടും എട്ടു സെന്‍റ് സ്ഥലവും ഭീഷണിപ്പെടുത്തി കമാലുദ്ദീന്‍െറ പേരില്‍ എഴുതിവാങ്ങുകയും ചെക്കുകളും ആദായനികുതി രേഖകളും തട്ടിയെടുക്കുകയും ചെയ്തു. സാന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആഡംബര കാര്‍ രണ്ടാം പ്രതിയായ സ്പിരിറ്റ് ജോഷിയെന്ന ജോഷിക്ക് 30 ലക്ഷത്തിന് പണയം വെപ്പിച്ചശേഷം ആ തുകയും കമാലുദ്ദീന്‍ പലിശയിനത്തില്‍ തട്ടിയെടുത്തു. പിന്നീട് ജോഷിയും സഹോദരനായ രാജേഷും പണയത്തുകയായ 30 ലക്ഷത്തിന്‍െറ പലിശ ആവശ്യപ്പെട്ട് വീട്ടില്‍ അതിക്രമിച്ചു കയറുകയും സാന്ദ്രയുടെ ഭര്‍ത്താവിന്‍െറ വിലയേറിയ വാച്ച് എടുത്തുകൊണ്ടുപോവുകയും പലിശയിനത്തില്‍ പലപ്പോഴായി ആറുലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു.

കമാലുദ്ദീനും ഭാര്യയും ഗുണ്ടകളും ഭീഷണിപ്പെടുത്താന്‍ തങ്ങള്‍ മുഖ്യമന്ത്രിയുടെ സ്വന്തം ആള്‍ക്കാരാണെന്ന് പറയുമായിരുന്നെന്ന് സാന്ദ്ര തോമസ് ഡി.ജി.പിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളതായി അന്വേഷണത്തില്‍ ബോധ്യമായെന്ന് പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment