Flash News

മാധ്യമങ്ങള്‍ പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ടുപോകും; സ്ഥാനമൊഴിയില്ലെന്ന സൂചനയുമായി ജേക്കബ് തോമസ്

October 20, 2016

jacob-thomasതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറില്ലെന്ന സൂചനയുമായി വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. വിഷയത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക. പിണറായി വിജയനാകട്ടെ, അദ്ദേഹം രാജി വക്കേണ്ടതില്ല എന്ന നിലപാടിലാണ്.

തന്‍െറ ബുദ്ധിമുട്ടുകള്‍ സര്‍ക്കാറിനെ ധരിപ്പിച്ചതായും ഇനി തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാറാണെന്നും ജേക്കബ് തോമസ് പറഞ്ഞു. മാധ്യമങ്ങള്‍ പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില കോണുകളില്‍നിന്നുയര്‍ന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ചിലര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് മറുപടി അര്‍ഹിക്കുന്നതല്ല. താന്‍ തന്‍െറ തൊഴിലാണ് ചെയ്യുന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് വിജിലന്‍സ് മുന്നോട്ടുപോകുന്നത്. അത് ശക്തമായി തുടരുകതന്നെ ചെയ്യും. തനിക്ക് ലഭിച്ച പരാതികള്‍ പരിശോധിക്കേണ്ടത് തന്‍െറ ഉത്തരവാദിത്തമാണ്. സര്‍ക്കാറിന് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കേണ്ടത് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തവും.

തുറമുഖ ഡയറക്ടറായിരിക്കെ വരുത്തിയ ക്രമക്കേടുകളുടെ പേരില്‍ വകുപ്പ് തല നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആരാണെന്ന് അറിയാമെന്നും ഇന്നത്തെ സത്യം നാളത്തെ സ്വപ്‌നമാണല്ലോ എന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ജേക്കബ് തോമസ് തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജേക്കബ് തോമസിനെ പുറത്താക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയവര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ജേക്കബ് തോമസിനെ മാറ്റി പകരം ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടറാക്കാനായിരുന്നു ഇക്കൂട്ടരുടെ ശ്രമം. ഐഎഎസ് ലോബിയാണ് ജേക്കബ് തോമസിനെതിരെ രംഗത്തിറങ്ങിയതെന്നാണ് സൂചന.

അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെയും തൊഴില്‍ വകുപ്പ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റുമായ ടോം ജോസിനെതിരെയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് അവരെ ചൊടിപ്പിച്ചിരുന്നു. ഇവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത് കൂടാതെ ടിഒ സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയതും അതൃപ്തിയ്ക്ക് ഇടയാക്കി. മറ്റ് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നതിലും വിജിലന്‍സ് ഡയറക്ടര്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല.

അതേസമയം, വിഷയത്തില്‍ അവ്യക്തത തുടരുമ്പോഴും ജേക്കബ് തോമസ് വ്യാഴാഴ്ച രാവിലെ വിജിലന്‍സ് ആസ്ഥാനത്തെത്തി ഫയലുകള്‍ പരിശോധിച്ചു. തുടര്‍ന്ന് വേളി ബോട്ട് ക്ളബ്, അഞ്ചുതെങ്ങ് തീരദേശഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top