ദലിത് യുവാക്കള്‍ക്ക് നേരിടേണ്ടിവന്നത് കൊടുംക്രൂരമായ മൂന്നാംമുറ

dalit-2കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട ദലിത് യുവാക്കളായ രാജീവ് (32), ഷിബു (36) എന്നിവര്‍ക്ക് നേരിടേണ്ടിവന്നത് കടുത്ത മൂന്നാംമുറ. കുറ്റം സമ്മതിച്ചാല്‍ ഒരാഴ്ച കിടന്നാല്‍ മതിയെന്നും ഇല്ലെങ്കില്‍ അനുഭവിക്കുമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തി. സ്റ്റേഷനിലും സെല്ലിലുമായി ക്രൂരമായി മര്‍ദിച്ചു. ജനനേന്ദ്രിയത്തില്‍ സ്പ്രിങ് ക്ളിപ്പിട്ട് പിടിക്കുകയും മുളങ്കമ്പ് പോലുള്ള വടി ഉപയോഗിച്ച് ഇരുകൈവിരലുകള്‍ക്കിടയില്‍ തിരുകിക്കയറ്റി മര്‍ദിക്കുകയുമായിരുന്നു.

മോഷണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടും മര്‍ദനമുറകള്‍ തുടരുകയായിരുന്നു. ദേഹമാസകലമുള്ള മര്‍ദനത്തെതുടര്‍ന്നുള്ള കടുത്ത വേദന മൂലം പ്രാഥമികാവശ്യം പോലും നിറവേറ്റാനാകാത്ത അവസ്ഥയിലാണ് ഇരുവരും. എസ്.ഐയും രണ്ട് പൊലീസുകാരും സിവില്‍ ഡ്രസിലെത്തിയാണ് മര്‍ദിച്ചത്. അഞ്ചാലുംമൂട്ടിലെ ഹോട്ടലില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പൊലീസെത്തി വിളിച്ചത്. പൊലീസ് ആരോപിക്കുന്ന മോഷണവുമായി ബന്ധമില്ലെന്നും രാജീവും ഷിബുവും പറയുന്നു.

അതിനിടെ, കൊല്ലം അസി.കമീഷണര്‍ ആശുപത്രിയിലെത്തി യുവാക്കളുടെ മൊഴിയെടുത്തു. അഞ്ചാലുംമൂട്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി അഞ്ചു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചതായി ഇരുവരും മൊഴിനല്‍കി.

ഒരുമാസം മുമ്പ് തൃക്കരുവ കാഞ്ഞിരംകുഴിയില്‍ രമണന്‍െറ ഉടമസ്ഥതയിലുള്ള കിണര്‍ തൊടി നിര്‍മാണ സ്ഥലത്തെ ഓഫിസില്‍നിന്ന് 1,80,000 രൂപ മോഷണം പോയിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന രാജീവിനെ കുറച്ച് നാളായി സ്ഥലത്ത് കാണാനില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് സംശയത്തിന്‍െറ പേരില്‍ ഞായറാഴ്ച രാത്രിയോടെ രാജീവിനെയും ബന്ധുവായ ഷിബുവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന് അഞ്ചാലുംമൂട് എസ്.ഐ പ്രശാന്ത്കുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment