Flash News

മണ്ണാറശാലയില്‍ ആയില്യം എഴുന്നള്ളത്ത്

October 25, 2016

marrarasala-aayiliamആലപ്പുഴ: മണ്ണാറശാലയില്‍ ആയില്യം എഴുന്നള്ളത്തിന് ആയിരങ്ങള്‍. ആയില്യം നാളില്‍ പുലര്‍ച്ചെ നട തുറന്നു. അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ ആറോടെ കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിച്ചു. 8 മുതല്‍ 12.30 വരെ ഇല്ലത്ത് നിലവറക്ക് സമീപം ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി. നിവേദ്യത്തിന് ശേഷം രാവിലെ 10 മുതല്‍ ക്ഷേത്രം വക സ്കൂളില്‍ പ്രസാദമൂട്ട് ആരംഭിച്ചു. ഉച്ചപൂജക്ക് ശേഷം കുടുംബത്തിലെ രണ്ടാമത്തെ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്ന തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജക്കുള്ള നാഗപത്മക്കളം വരച്ചു. കളം പൂര്‍ത്തിയായതോടെ അമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേതത്തിലെത്തി. ഇളയമ്മ, കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ അമ്മയെ അനുഗമിച്ചു.

അമ്മ ശ്രീകോവിലില്‍ പ്രവേശിച്ചതിനുശേഷം ശ്രീകോവിലില്‍നിന്ന് കുത്തുവിളക്കിലേക്ക് കുടുംബകാരണവര്‍ ദീപം പകര്‍ന്നതോടെ എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങി. വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്‍െറ തിരുമുഖവും നാഗഫണവും, ഇളയമ്മ സാവിത്രി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെയും കാരണവന്‍മാരായ വാസുദേവന്‍ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും, പരമേശ്വരന്‍ നമ്പൂതിരി നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി ക്ഷേത്രത്തിന് വലം വെച്ച് ഇല്ലത്തേക്ക് എത്തി.

ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം ചെയ്ത് എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങി. മണല്‍ വിരിച്ച പാതയ്ക്കിരുവശവും ഭക്തര്‍ വായ്ക്കുരവയിട്ടും ശരണം വിളിച്ചും എഴുന്നള്ളത്തിനെ ദര്‍ശിച്ചു. ഇല്ലത്തെ നിലവറയ്ക്ക് മുന്നില്‍ വരച്ച നാഗക്കളത്തിന് സമീപം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അമ്മ പൂജകള്‍ തുടങ്ങി. ഈ സമയം തെക്കേ മുറ്റത്തെ സര്‍പ്പംപാട്ടുതറയില്‍ പഞ്ചവാദ്യം അരങ്ങേറി.

രാജചിഹ്നങ്ങളായ ഛത്രചാമരധ്വജങ്ങള്‍, പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട,തിമില തുടങ്ങിയ വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേരാന്‍ അരമണിക്കൂറോളം വേണ്ടി വന്നു.

പതിവ് പൂജകള്‍ കഴിഞ്ഞ് അമ്മ നാഗദൈവങ്ങള്‍ക്ക് നൂറുംപാലും നിവേദിച്ചു. രാവേറെ നീണ്ട പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുവാദത്തോടെ ഇല്ലത്തെ കാരണവര്‍ ആകാശസര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും നൂറുംപാലും നിവേദിച്ചതോടെ ആയില്യത്തിന് പരിസമാപ്തിയായി. ആയില്യ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടില്‍ പതിനായിരങ്ങള്‍ പങ്കുകൊണ്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top