Flash News

സൈറസ് മിസ്ട്രിക്കെതിരെ ടാറ്റ കോടതിയില്‍; ടാറ്റയുടെ ഓഹരിയില്‍ ഇടിവ്

October 25, 2016

rathan-tata-and-mistryമുംബൈ: ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ അപ്രതീക്ഷിതമായി നീക്കം ചെയ്തതിനു പിന്നാലെ ഇതു സംബന്ധിച്ച അണിയറക്കഥകള്‍ ശക്തമാണ്. ടാറ്റ ഗ്രൂപ്പ് കവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്തതാണ് അതില്‍ പ്രധാനം. ടാറ്റ സണ്‍സ് ബോര്‍ഡ് മീറ്റിംഗ് നടന്നതിന്റെ തലേന്ന് ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ ഡീന്‍ നിതിന്‍ നോഹ്‌റിയ സൈറസ് മിസ്ത്രിയെ സന്ദര്‍ശിച്ച് രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയില്‍ ബോര്‍ഡ് മീറ്റിംഗിന്റെ അജണ്ട എന്തായിരിക്കുമെന്ന ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ സന്ദേശം നിതിന്‍ നോഹ്‌റിയ സൈറസ് മിസ്ത്രിയെ അറിയിക്കുകയും ചെയ്തു.

സൈറസ് മിസ്ട്രിയുടെ തലയുരുളുമെന്നത് മാസങ്ങള്‍ക്കുമുമ്പ് തന്നെ വ്യക്തമായിരുന്നു. പിറമല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അജയ് പിറമല്‍, ടിവിഎസ് മോട്ടോര്‍ ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓഗസ്റ്റ് 26ന് ടാറ്റ സണ്‍സ് ഡയറക്റ്റര്‍ ബോര്‍ഡ് വിപുലീകരിച്ചിരുന്നു. മിസ്ട്രി അധ്യക്ഷനായ ടാറ്റ സണ്‍സിനുമേല്‍ ടാറ്റ ട്രസ്റ്റിനുള്ള സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനങ്ങളെന്ന് കാണാനാകും. നിയമനക്കാര്യം സൈറസ് മിസ്ട്രിയുമായി സംസാരിച്ചതുപോലുമില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സൈറസ് മിസ്ട്രിയാട് ടാറ്റ ട്രസ്റ്റ്‌സിനുണ്ടായിരുന്ന അതൃപ്തിയാണ് ഇത് പ്രതിഫലിപ്പിച്ചത്.

ടാറ്റ ട്രസ്റ്റിനെതിരെയും രത്തന്‍ ടാറ്റക്കെതിരെയും മിസ്ട്രി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാണ് കമ്പനി കോടതിയെ സമീപിച്ചത്. എന്നാല്‍, താന്‍ കോടതിയെ സമീപിച്ചിട്ടില്ലെന്ന് മിസ്ട്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്‍െറ പക്ഷം കേള്‍ക്കാതെ ഈ വിഷയത്തില്‍ തുടര്‍നടപടികളെടുക്കുന്നത് തടയാനാണ് തടസ്സഹരജി നല്‍കിയത്.

തന്നെ മാറ്റുന്നത് നിയമാനുസൃതമല്ലെന്ന് മിസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍തന്നെ വാദിച്ചിരുന്നു. കോടതിയെ സമീപിക്കുമെന്ന് മിസ്ട്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മിസ്ട്രിയുടെ കമ്പനിയായ മിസ്ത്രി, ഷപൂറോ, പല്ലോനോ ഗ്രൂപ്പും അറിയിച്ചു. മിസ്ട്രിയുടെ പുറത്താക്കലിനെ തുടര്‍ന്ന് രണ്ട് പുതിയ ഡയറക്ടര്‍മാരെ ബോര്‍ഡിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സി.ഇ.ഒ റാള്‍ഫ് സ്പെത്ത്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സി.ഇ.ഒ.യും എം.ഡി.യുമായ എന്‍. ചന്ദ്രശേഖരന്‍ എന്നിവരായിരിക്കും പുതിയ ഡയറക്ടര്‍മാര്‍.

സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് തുടങ്ങിയ ജീവകാരുണ്യ സംഘടനകളെല്ലാം ചേര്‍ന്ന് ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരികളാണ് കൈയാളുന്നത്. സ്ഥാപകനായ ജാംഷഡ്ജി ടാറ്റയുടെ മക്കളുടെ കുടുംബങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച ടാറ്റ സണ്‍സ് ഇപ്പോഴും കുടുംബത്തിന്റെ നിയന്ത്രണത്തില്‍ത്തന്നെയാണ്.

ടാറ്റയുടെയോ പ്രധാന ഓഹരിയുടമകളുടെയോ അനുമതി തേടാതെയാണ് ജൂണ്‍ മാസത്തില്‍ 1.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് വെല്‍സ്പണിന്റെ സോളാര്‍ ഫാമുകള്‍ ഏറ്റെടുക്കുന്നതിന് ടാറ്റ പവറിന് സൈറസ് മിസ്ട്രി നിര്‍ദ്ദേശം നല്‍കിയത്. വളരെ ചെറിയ ലാഭം മാത്രം നേടിത്തരുന്ന ടാറ്റ പവറില്‍ കൂടുതല്‍ പണം മുടക്കുന്നത് അനാവശ്യമാണെന്നും അത്തരമൊരു സാഹചര്യത്തില്‍ പുതിയ ഏറ്റെടുക്കല്‍ നടത്തുമ്പോള്‍ പ്രധാന ഓഹരിയുടമയെ ഇരുട്ടില്‍ നിര്‍ത്തിയെന്നും ഇത് ബോംബെ ഹൗസില്‍ (ടാറ്റ ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്) പതിവില്ലാത്തതാണെന്നും മിസ്ട്രിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. 2011ല്‍ രത്തന്‍ ടാറ്റ, കുടുംബത്തിനു പുറത്തുനിന്ന് 43 കാരനായ സൈറസ് മിസ്ട്രിയെ തലപ്പത്ത് കൊണ്ടുവരുമ്പോള്‍ 148 വര്‍ഷത്തെ പഴക്കമുള്ള ടാറ്റ സണ്‍സിന് യൗവനം കൈവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

മിസ്ട്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്‍െറ ഓഹരിയില്‍ കാര്യമായ ഇടിവുണ്ടായി. ടാറ്റ സ്റ്റീല്‍ നാലു ശതമാനം ഇടിഞ്ഞപ്പോള്‍ ടാറ്റ പവര്‍ 3.1, ടാറ്റ മോട്ടോഴ്സ് രണ്ട്, ടി.സി.എസ് 1.6 ശതമാനവും ഇടിഞ്ഞു. ഇതിന് പുറമെ ടാറ്റ എല്‍ക്സി (1.40 ശതമാനം), ടാറ്റ കമ്യൂണിക്കേഷന്‍ (2.26), ഇന്ത്യന്‍ ഹോട്ടല്‍ (3.16), ടാറ്റ കെമിക്കല്‍സ് (2.09), ടൈറ്റാന്‍ (1.19) എന്നിവയുടെ ഓഹരിയും ഇടിഞ്ഞു.

ടാറ്റയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ നിന്ന് മിസ്ട്രിയുമായി ബന്ധപ്പെട്ട വിവരങ്ങളും അഭിമുഖവും നീക്കം ചെയ്തു. അതേസമയം, നേതൃത്വത്തിലെ മാറ്റം കാര്യമാക്കാതെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രത്തന്‍ ടാറ്റ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കി ഒരു ദിവസം പിന്നിടുമ്പോള്‍ മൗനം ഭേദിച്ച് രത്തന്‍ ടാറ്റ രംഗത്തെത്തി. ഇത് അധികാര യുദ്ധമല്ലെന്നായിരുന്നു രത്തന്‍ ടാറ്റയുടെ പ്രതികരണം.

സൈറസ് മിസ്ത്രിയെ പുറത്താക്കുന്നതിലുള്ള നിയമ തടസങ്ങള്‍ മുന്നില്‍ കണ്ട് മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് എന്‍ സാല്‍വേ, അഭിഷേക് മനു സിംഗ്‌വി, സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പാരാസരണ്‍ എന്നിവരുടെ നിയമ സഹായം ടാറ്റ ഗ്രൂപ്പ് തേടിയിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ടാറ്റയില്‍ പ്രധാന ഓഹരി ഉടമകളായ മിസ്ത്രി, ഷപൂറോ, പല്ലോനോ ഗ്രൂപ്പ്രുകളുടെ നിയമ സംഘം കേസ് ഫയല്‍ ചെയ്താല്‍ മാത്രമേ ടാറ്റ ഗ്രൂപ്പ് ഇതിനോട് പ്രതികരിക്കൂ എന്നാണ് ടാറ്റാ ഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങല്‍ വെളിപ്പെടുത്തുന്നത്.

ടാറ്റ റൂള്‍ ബുക്ക് പ്രകാരം ഇത്തരം വിഷയങ്ങള്‍ ബോര്‍ഡ് ചര്‍ച്ചയ്‌ക്കെടുക്കാന്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ചൂണ്ടിക്കാണിച്ചാണ് മിസ്ത്രി എതിര്‍പ്പുന്നയിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബോര്‍ഡ് ഇതിന് മറുപടി നല്‍കിയത്. നിയമോപദേശം കാണണമെന്ന് മിസ്ത്രി ആവശ്യപ്പെട്ടപ്പോള്‍ ‘ഇത് കോടതിയല്ലെ’ന്നായിരുന്നു പ്രതികരണം.

തുടര്‍ന്ന് ഒമ്പതംഗ ബോര്‍ഡില്‍ വിഷയം വോട്ടിനിട്ടു. ആറു പേര്‍ സൈറസ് മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ ഇതിനെ എതിര്‍ത്തു. ബോര്‍ഡംഗം കൂടിയായ മിസ്ത്രി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടെങ്കിലും മിസ്ത്രി ഇപ്പോഴും ബോര്‍ഡംഗവും കമ്പനി ഡയറക്ടറുമാണ്.

അപ്രതീക്ഷിതമായാണ് സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത്. ലാഭകരമല്ലാത്ത ബിസിനസുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ നിര്‍ത്തലാക്കാനുള്ളത് ഉള്‍പ്പെടെയുള്ള മിസ്ത്രിയുടെ നടപടികളോട് ടാറ്റ സണ്‍സിനുള്ള അതൃപ്തിയാണ് കടുത്ത നടപടികളിലേക്ക് ബോര്‍ഡിനെ കൊണ്ടെത്തിച്ചതെന്നാണ് വിവരം.

അതേസമയം, ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം രത്തന്‍ ടാറ്റ ചുമതലയേറ്റു. നാലു മാസത്തിനകം പുതിയ ചെയർമാനെ കണ്ടെത്തുന്നതുവരെ രത്തൻ ടാറ്റയ്ക്കായിരിക്കും ചുമതല. പുതിയ പിന്‍ഗാമിയെ കണ്ടെത്താന്‍ അഞ്ചംഗ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രത്തൻ ടാറ്റ, ടാറ്റ സൺസിന്റെ അമരക്കാരനാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top