മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബീറ്റിക്ക്

britain-booker-prizeലണ്ടന്‍: അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം. ‘ദ് സെല്ലൗട്ട്’ എന്ന നോവലിനാണ് പുരസ്‌ക്കാരം. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കക്കാരന്‍ എന്ന ബഹുമതി കൂടി ഇതിലൂടെ പോള്‍ ബീറ്റി സ്വന്തമാക്കി. അമേരിക്കയില്‍ ഇന്നും തുടരുന്ന വര്‍ണവിവേചനത്തോടുള്ള അതിരൂക്ഷമായ പ്രതികരമാണ് നോവലിന്‍റെ ഇതിവൃത്തം. ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിതായ രീതിയില്‍ തമാശയുള്ളതും എന്നാണ് ജൂറി അംഗങ്ങള്‍ കൃതിയെ വിശേഷിപ്പിച്ചത്.

വളരെ അപൂര്‍വമായ കൃതിയെന്ന് വിലയിരുത്തപ്പെട്ട ‘ദ സെല്‍ഒൗട്ട്’ സമകാലിക അമേരിക്കന്‍ രാഷ്ട്രീയസാഹചര്യങ്ങളെ നര്‍മോക്തിയോടെ വിമര്‍ശിക്കുന്നതില്‍ വിജയിച്ചു. മാര്‍ക് ട്വയിനും ജേനാഥന്‍ സ്വിഫ്റ്റിനും ശേഷം ആക്ഷേപഹാസ്യത്തെ ഇത്ര സമര്‍ഥമായി ഉപയോഗപ്പെടുത്തിയത് പോള്‍ ബീറ്റാണെന്ന് ജൂറി പാനല്‍ അംഗമായ ഫോര്‍മാന്‍ ചൂണ്ടിക്കാട്ടി. പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബീറ്റി പറഞ്ഞു. 54 കാരനായ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൌട്ട്. നോവലിന് നാഷണല്‍ ബുക് ക്രിറ്റിക്‌സ് സര്‍കിള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്ളംബര്‍ലാന്‍ഡ്, ടഫ്, ദ വൈറ്റ്ബോയ് ഷഫ്ള്‍ എന്നിവയാണ് പോള്‍ ബീറ്റിയുടെ മറ്റു കൃതികള്‍.

50,000 പൗണ്ടാണ് (40.8 ലക്ഷത്തോളം രൂപ) പുരസ്ക്കാര തുക. 155 നോവലുകളാണ് ഇത്തവണ പുരസ്‌കാര സമിതി വിലയിരുത്തിയത്. അന്തിമ പട്ടികയില്‍ ഇടം തേടിയത് ആറ് പുസ്തകങ്ങള്‍. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പൗരാവകാശ നിരാസം പ്രതിപാദിക്കുന്ന ഡു നോട്ട് സേ വി ഹാവ് നതിങ്, കനേഡിയന്‍ എഴുത്തുകാരനായ ഡേവിഡ് സലേയിയുടെ ആള്‍ ദാറ്റ് മാന്‍ ഈസ്, അമേരിക്കയുടെ ഒട്ടെസ മൊസ്‌ഫെഗിന്റെ ഐലീന്‍, ബ്രീട്ടീഷ് രചയിതാവ് ദെബോറ ലെവിയുടെ ഹോട്ട് മില്‍ക്ക്, ഗ്രെയിം മക്രീ ബുനെറ്റിന്റെ ഹിസ് ബ്ലഡി പ്രൊജക്ട് എന്നിവയായിരുന്നു ദി സെല്ലൌട്ടിന് പുറമെ അന്തിമപട്ടികയിലെത്തിയ മറ്റ് നോവലുകള്‍. ഇതില്‍ നിന്നണ് പുരസ്‌കാര സമിതി ഐകകണ്‌ഠേന ദി സെല്ലൗട്ടിനെ തെരഞ്ഞെടുത്തത് . പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment