1. ഒരൊറ്റ ആദിമാണുവില്‍നിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തില്‍നിന്ന് ഒരു പുതുജീവി വികസിക്കണമെങ്കില്‍ രണ്ടിടത്തും പശ്ചാത്തലത്തില്‍ അസാമാന്യ ബോധവൃത്തി ഉണ്ടായിരിക്കണം.
2. ജീവനില്‍നിന്നേ ജീവന് വരൂ എന്നതിനാല്‍ അത് അനന്തമാണ്.
3. സത്ത = അസ്തിത്വം = ജീവന് = ബോധം = പ്രകൃതി/ദൈവം
4. നമ്മെ സംബന്ധിച്ചിടത്തോളം ജനനവും മരണവും ജീവന്റെ അവസ്ഥാന്തരത്തിലേക്കുള്ള ഒരു വഴി മാത്രമാണ്.
ഭൗതിക ശാസ്ത്രജ്ഞാനം അനുമാനിക്കുന്നതുപോലെ ഒരൊറ്റ ആദിമാണുവില്‍നിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തില്‍നിന്ന് ഒരു പുതുജീവി വികസിക്കണമെങ്കില്‍ രണ്ടിടത്തും പശ്ചാത്തലത്തില്‍ ബോധവൃത്തി ഉണ്ടായിരിക്കണം.
ജീവശാസ്ത്രത്തില്‍ വിഭേദനം (differentiation) എന്നൊരു പ്രക്രിയ ഉണ്ട്. നമുക്ക് നമ്മുടെ മനുഷ്യാനുഭവം ഒന്ന് പരിശോധിക്കാം. എവിടെനിന്നാണ് ഒരു പുതിയ മനുഷ്യക്കുഞ്ഞുണ്ടാകുന്നത്? മാതാപിതാക്കള്‍ ആകെ ചെയ്യുന്നത് ഒരണ്ഡത്തെയും ഒരു ബീജത്തെയും സന്ധിപ്പിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഉണ്ടാകുന്ന ഭ്രൂണം ഒരൊറ്റ കോശ ജീവിയാണ്. അതിനുള്ള വാസസ്ഥലം മാത്രമാണ് ഗര്‍ഭാശയം. ആ ഏകകോശം വിഭജിച്ച് രണ്ടായി, പിന്നെ നാലായി, എട്ടായി വളരുകയാണ്. ഇങ്ങനെ കോശങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം ഒരു പുതിയ മനുഷ്യജീവി ഉണ്ടാവില്ല. ആയിരങ്ങളും ലക്ഷങ്ങളുമായി പെരുകുന്ന കോശങ്ങള്‍ ആംഗോപാംഗങ്ങളുള്ള ഒരു ജീവി ആയിത്തീരണമെങ്കില്‍ ഇവയില്‍ ഏതു കോശം ശരീരത്തിന്റെ ഏതവയവത്തിന്റെ ഏതുഭാഗമായി – ചര്‍മം, അസ്ഥി, മജ്ജ, രക്തം, മാംസം, നാഡി, രോമം എന്നിങ്ങനെ – പ്രവര്‍ത്തിക്കാന്‍ തുടങ്ങണം എന്നത് ഓരോ കോശവും സ്വയം കൃത്യമായി അറിഞ്ഞിരിക്കണം. എവിടെനിന്നാണ് ഈ അറിവ് വരുന്നത്? ഈ അറിവുകള്‍ നൽകാന് ഗര്‍ഭധാരണത്തിന് ശേഷം മാതാപിതാക്കള്‍ ഒന്നും ചെയ്യുന്നില്ല. അതിനര്‍ത്ഥം, ഈ കോശ സമൂഹങ്ങളുടെയെല്ലാം ഉദ്ദേശ്യം ആരംഭത്തിലെ ഭ്രൂണത്തില്‍ തന്നെ ഉണ്ടായിരുന്നു എന്നല്ലേ? ജീവല്‍പ്രക്രിയയുടെ ഭൗതികാടിസ്ഥാനമായ ജീന്‍ വെറും രാസവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിതമാണെങ്കിലും അതില്‍ അറിവ് അല്ലെങ്കില്‍ ബോധം കൂടെ ഉണ്ടെങ്കിലേ ഇന്നയിന്ന അവയവങ്ങള്‍ അതാതിന്റെ സമയത്ത് രൂപപ്പെടുവാന്‍ സാദ്ധ്യതയുള്ളൂ. അതായത്, എല്ലാ ജീവികളുടെയും ആവിര്ഭാവത്തില് നടക്കുന്നത് ബോധപൂര്‍വമുള്ള വിഭേദനമാണ്. അതുകൊണ്ട് അത് ഭൗതികാതീതമാണ് എന്ന് സമ്മതിക്കാതെ പറ്റില്ല.
പ്രാചീനമായ ഭൗമാന്തരീക്ഷത്തില്‍ ചില രാസപദാർത്ഥങ്ങള്‍ യാദൃശ്ചികമായി കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ പ്രതിഭാസമാണ് ജീവന് എന്ന ഭൗതിക കാഴ്ചപ്പാട് ശരിയാകാന്‍ പോകുന്നില്ല. ചില അമ്ലസൂപ്പുകളില്‍ വൈദ്യുതിപ്രസരം നടത്തി ജീവന്റെ ആവിര്‍ഭാവം കണ്ടെത്തിയതായി പ്രചരിപ്പിക്കുന്നവര്‍ ഉണ്ടെങ്കിലും ഉണ്മയില് നിന്നല്ലാതെ ഉണ്മ ഉണ്ടാവില്ല എന്നതുപോലെ, ജീവനില്‍ നിന്നല്ലാതെ ജീവന് ഉണ്ടാവില്ല എന്നതില്‍ സംശയത്തിനു സ്ഥാനമില്ല.
നാം കാണുന്ന പ്രപഞ്ചത്തിന്റെ ഉത്ഭവവും ഇതേ യുക്തിക്ക് അധീനമാണ്. The big bang എന്ന സിദ്ധാന്തമനുസരിച്ച്, അതിസാന്ദ്രമായിരുന്ന ഒരു ആദിമാണുവില്‍നിന്ന് ഒരുഗ്രന്‍ പൊട്ടിത്തെറിയിലൂടെ രൂപംകൊണ്ടതാണ് ഈ മഹാപ്രപഞ്ചം എന്ന് പറയുമ്പോള്‍ അതിന്റെ സത്ത മുഴുവന്‍ ആ ആദിമാണുവില്‍ ഉള്‍ക്കൊണ്ടിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. അവിടെയില്ലാത്തത് പിന്നീട് ഉണ്ടാവാന്‍ ഒരു സാദ്ധ്യതയുമില്ല. ശൂന്യതയില്‍ (അസത്തില്‍) നിന്ന് സത് ഉണ്ടാവില്ല. സത്തില്‍ നിന്നേ സത് ഉണ്ടാവൂ. അങ്ങനെയെങ്കില്‍ ഭാവി പരിണാമത്തിനുള്ള ബോധം ആ ആദിമാണുവില്‍ സന്നിഹിതമായിരുന്നു എന്നത് സംശയാതീതമാണ്.
ഏറ്റവും മൗലികമായ സത്യത്തെയാണ് നാം സത്ത അല്ലെങ്കില്‍ ഉണ്മ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. “ജീവപരിണാമത്തില്‍നിന്ന് ദശലക്ഷക്കണക്കിനു ജീവരൂപങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്. ഇങ്ങനെ രൂപംകൊണ്ട സസ്യ- ജന്തുവര്‍ഗങ്ങള്‍ ക്ഷീരപഥങ്ങളിലെ താരങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് തോന്നുമെങ്കിലും അവ തമ്മില്‍ ഉണ്മയുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. ഇവയുടെയെല്ലാം നിര്‍മിതി ഒരേ മൂലഘടകങ്ങള്‍കൊണ്ടും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബോധപ്രക്രിയകൊണ്ടുമാണ് എന്നേ യുക്തിക്ക് അംഗീകരിക്കാനാവൂ. ഇവയിലെല്ലാം പ്രവര്‍ത്തിക്കുന്നത് അപാരമായ ജീവന്റെ ഊടും പാവുമാണ്. ഉപാണവകണാമായ ഓരോ എലെക്ട്രോണിനും ബോധമുണ്ടെന്നും സ്ഥലകാല പരിധികള്‍ക്കപ്പുറത്തേക്ക് ഒന്ന് മറ്റൊന്നിനെ അറിയുന്നുണ്ടെന്നുമാണ് ഏറ്റവും ആധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തല്‍.” ജൈവപരിണാമത്തിന്റെ മുന്നോടിയായിട്ടുള്ള ദ്രവ്യപരിണാമം പ്രപഞ്ചാരംഭം മുതല്‍ ഉള്ളതാണെന്ന് മൂലകങ്ങളുടെ പാചകം എന്ന കൃതിയില്‍ ശാസ്ത്രസാഹിത്യകാരനായ ജോര്‍ജ് ഗാമോവ് പറയുന്നു.
കണങ്ങളുടെ ഭാഗമായ പ്രോട്ടോണുകളും ന്യൂട്രോണുകളും നിര്‍മിച്ചിരിക്കുന്നത് ക്വാര്‍ക്കുകള്‍ കൊണ്ടാണ്. അവക്കും ഏകകോശബാക്ടീരിയകള്‍ വിഭജിച്ചു രണ്ടാകുന്നതുപോലെ പെരുകാന്‍ കഴിയും. ഈ പ്രക്രിയയും ബോധത്താല്‍ നിയന്ത്രിക്കപ്പെടുന്നതായി വേണം കരുതാന്‍. ബോധമുള്ളിടത്ത് ജീവനുണ്ട്. ജീവനില്ലാത്തവയുടെ ഏതോ സവിശേഷമായ കൂടിച്ചേരല്‍ വഴിയാണ് ജീവന് പ്രപഞ്ചത്തില്‍ വന്നുചേര്‍ന്നതെന്നുള്ള ചിന്ത യുക്തിസഹമല്ല. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഉണ്മയില് നിന്നേ ഉണ്മ ഉണ്ടാവൂ. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ കൂടിചേര്‍ന്നാണ് അമിനോ ആസിഡുകളും പഞ്ചസാരയും കൊഴുപ്പും ഉണ്ടായി അവയില്‍നിന്നും ജീവന്റെ ആദിരൂപം ഉടലെടുത്തെന്ന് ഇനിയും പറയാം, എന്നാല്‍ ഇതൊക്കെ നമുക്ക് മനസ്സിലാവാത്ത വിധത്തിലുള്ള ബോധപ്രവര്‍ത്തനത്തിന്റെ പരിണതഫലമാണെന്നത് വിസ്മരിക്കാനാവില്ല. ജീവന് എപ്പോഴും ഇവിടെ ഉണ്ടായിരുന്നു എന്നത് ഒരു ആദ്ധ്യാത്മിക വീക്ഷണമാണ്; എന്നാല്‍ അത് ശാശ്ത്രീയമായും യുക്തിസഹമാണെന്ന് കൂടുതല്‍ ചിന്തകര്‍ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.
സത്ത = അസ്തിത്വം = ജീവന് = ബോധം = പ്രകൃതി/ദൈവം എന്നത് അതിമനോഹരമായ ഒരു ചിന്തയാണ്. അക്കൂടെ ഉത്തരമില്ലാത്ത ഒരേയൊരു ചോദ്യം എപ്പോഴും ഉയര്‍ന്നവരുന്നു – ആധുനിക ഭൗതികശാസ്ത്രത്തിലൂടെയും (ക്വാണ്ടം ഫിസിക്സ്) വേദാന്തത്തിലൂടെയും മതവിശ്വാസത്തിലൂടെയുമൊക്കെ ദൈവം, പ്രപഞ്ചം, മനുഷ്യന് എന്നിവയെ ബന്ധിപ്പിച്ച് അദ്വൈതവും ഏകം സത്തും ഒക്കെ കണ്ടെത്താം. എന്നാല്‍ അവിടെയെല്ലാം ഒഴിയാബാധയായി ഈ ഒരു പ്രശ്നം മനുഷ്യബുദ്ധിയെ അലട്ടുന്നു – എന്തുകൊണ്ട് ജൈവലോകത്ത് ഇത്രയധികം വേദനകള്‍, എന്തുകൊണ്ട് ഇത്രമാത്രം ക്രൂരതകള്‍? ഈ സമസ്യ വിലയേറിയ എല്ലാ നല്ല ബൗദ്ധിക കണ്ടെത്തലുകളെയും അനാകര്‍ഷകവും അസാധുവുമാക്കുന്നു. എക്കാലവും മനുഷ്യര്‍ ഇതിനുത്തരം അന്വേഷിക്കുന്നു, എന്നാല്‍ ഇതുവരെ അതില്‍ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.