പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്‍െറയും സാന്നിധ്യത്തില്‍ കെജ്രിവാളിന്‍െറ ആരോപണം…എല്ലാ ജഡ്ജിമാരുടെയും ഫോണ്‍ ചോര്‍ത്തുന്നു

kejriwal-and-modiന്യൂഡല്‍ഹി: ജില്ലാ തലം തൊട്ട് സുപ്രീംകോടതിവരെ രാജ്യത്തെ മുഴുവന്‍ ജഡ്ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് എങ്ങനെ ജനാധിപത്യം പുലരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി ഹൈകോടതിയുടെ 50ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ന്യൂഡല്‍ഹി വിജ്ഞാന്‍ഭവനില്‍ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ജ. രോഹിണി എന്നിവരുടെ സാന്നിധ്യത്തില്‍ കെജ്രിവാള്‍ ആരോപണമുന്നയിച്ചത്. ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ സമര്‍പ്പിച്ചിട്ടും അത് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കഴിഞ്ഞ ഒമ്പത് മാസമായി തീരുമാനമാകാതെ കിടക്കുകയാണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന് വിപുലമായ ശക്തിയും അധികാരങ്ങളുമുള്ളതിനാല്‍ ജുഡീഷ്യറി പൂര്‍ണമായും ഭരണകൂടത്തിന്‍െറ ഇടപെടലില്‍നിന്ന് സ്വതന്ത്രമാകണം. ജഡ്ജിമാരെ നിയമിക്കാനുള്ള കാലതാമസം കോടതിയും സര്‍ക്കാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന ഊഹങ്ങള്‍ക്ക് വഴിവെക്കുമെന്ന് പറഞ്ഞശേഷമാണ് ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്ന വിഷയത്തിലേക്ക് കെജ്രിവാള്‍ കടന്നത്. ഏതാനും ദിവസം മുമ്പ് ജഡ്ജിമാര്‍ ഇക്കാര്യം നേരില്‍ പറയുന്നതിന് താന്‍ സാക്ഷിയായി. ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുമോ എന്ന് ചോദിച്ചപ്പോള്‍ കീഴ്കോടതി മുതല്‍ സുപ്രീംകോടതി വരെ എല്ലാ ജഡ്ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്നായിരുന്നു മറുപടി.

വേദിയിലുണ്ടായിരുന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ആധികാരികമായി നിഷേധിക്കുകയാണെന്ന് വ്യക്തമാക്കി. താന്‍ ടെലികോം മന്ത്രിയായിരുന്നുവെന്നും ഒരിക്കലും ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ളെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment