ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ ഒരുപറ്റം പ്രവാസി യുവാക്കള്‍ തുടങ്ങി വച്ച കാരുണ്യകൂട്ടായ്മയുടെ ഭാഗമാകുവാനും, കനിവ് തേടുന്നവര്‍ക്കു സ്വാന്തനമാകുവാനും ഇപ്പോള്‍ അനേകര്‍.
ജന്മനാട്ടിലെ അശരണരും രോഗികളുമായ നിര്‍ധനര്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ സഹൃദയരായ ഏതാനും മലയാളി ചെറുപ്പക്കാര്‍ 2001 നവംബറിലാണ് ‘ഹെല്‍പ്പ് സേവ് ലൈഫ്’ എന്ന ചാരിറ്റി സംഘടന തുടങ്ങുന്നത്.
അമേരിക്കയിലുടെനീളം സന്മനസ്സുള്ള മുന്നൂറോളം അംഗങ്ങളാണ് ‘Lend a hand to mend a life’ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പതിനാറാം വയസിലേക്കു കടക്കുന്ന ഈ ചാരിറ്റി സംഘടനയുടെ കരുത്തും സഹായ ഹസ്തങ്ങളും. കരുണയുടെ കനിവുതേടി മറുനാട്ടില്‍ നിന്നെത്തുന്ന അപേക്ഷകള്‍ക്കു സഹായമെത്തിക്കുവാന്‍ അംഗങ്ങള്‍ തന്നെ മാസം തോറും നിശ്ചിത തുക സ്വരൂപിക്കുകയാണ് ചെയ്യുന്നത്. നേരിട്ടോ സുഹൃത്തുക്കള്‍ വഴിയോ ലഭിക്കുന്ന അപേക്ഷകളുടെ അര്‍ഹത പരിഗണിച്ചാണ് സഹായം നൽകുക. ഓരോ മാസവും അഞ്ച് അപേക്ഷകള്‍ക്കു ഇത്തരത്തില്‍ ഇപ്പോള്‍ സഹായം നല്കി വരുന്നു.
2001 മുതല്‍ ഇതുവരെ ലഭിച്ച അപേക്ഷകളുടേയും മാസംതോറും അംഗങ്ങള്‍ നല്കുന്ന സംഭാവനകളുടേയും, നല്കിയ സേവനങ്ങളുടെയും വിശദ വിവരങ്ങള്‍ സംഘടയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. ചുരുക്കത്തില്‍ ആര്‍ക്കും അപേക്ഷകള്‍ നല്‍കാം, ആര്‍ക്കും സഹായഹസ്തവുമാകാം . മുഖ്യമായും ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ ചാരിറ്റി ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം ഇത്തരത്തില്‍ വളരെ സുതാര്യമാണ്. ഫെഡറല്‍ ഗവണ്മെന്റിന്റെ (501)(c)3 അംഗീകാരം ലഭിച്ച ഈ കൂട്ടായ്മായിലേക്കുള്ള ധനസഹായങ്ങള്‍ക്ക് നികുതിയിളവും ലഭിക്കും.
അവശത അനുഭവിക്കുന്ന നാനൂറില്പരം നിര്‍ധന കുടുംബങ്ങള്‍ക്കായി നാലര ലക്ഷത്തോളം ഡോളറിന്റെ (ഏകദേശം 2 കോടി 85 ലക്ഷം രൂപ ) സഹായമാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനകം സംഘടന നല്‍കിയത്. രണ്ടര ലക്ഷം രൂപയ്ക്കു മുകളില്‍ പ്രതിമാസം സഹായമെത്തിക്കാന്‍ കഴിയുന്ന രീതിയില്‍ നടത്തുന്ന ഈ പ്രസ്ഥാനത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുത്യര്‍ഹവും മാതൃകാപരവുമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ എന്നിവയും വിദ്യാഭ്യാസ സഹായവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതുകൂടാതെ സ്കൂള്‍ കുട്ടികളെ പഠനത്തിനു സഹായിക്കുവാന്‍ “സ്പോണ്സര് എ സ്റ്റുഡന്റ്’ എന്ന പരിപാടി അഞ്ചുവര്‍ഷം മുമ്പ് തുടങ്ങി. അന്‍പതോളം കുട്ടികളെയാണ് ഇപ്പോള്‍ സഹായിച്ചുവരുന്നത്. ഈ പ്രോഗ്രാമിലൂടെ പ്ലസ്സ് ടു പൂര്‍ത്തിയാകുന്നതുവരെയുള്ള കുട്ടികളുടെ മുഴുവന്‍ പഠന ചിലവുകളും സംഘടന വഹിക്കും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, കെനിയ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇതിന്റെ സഹായം ലഭിക്കുന്നുണ്ട്. ഈ ജീവകാരുണ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുവാന്‍ പ്രത്യേക പ്രവര്‍ത്തക സമിതിയുമുണ്ട്.
ഈ കാരുണ്യ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും പങ്കുചേരണമോ ? സംഘടനയെപറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും കൂടുതല്‍ അറിയുവാന്‍ www.helpsavelife.com സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിള്‍ ചെറിയാന് (പ്രസിഡന്റ്) 970 407 1529, സോജിമോന്‍ ജയിംസ് (ട്രഷറര്‍) 732-939-0909.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply