Flash News

കേരളത്തിന്‍െറ അറുപതാം പിറന്നാളാഘോഷവും വിവാദത്തില്‍ മുങ്ങി; വി.എസ് അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നു

November 1, 2016

imageതിരുവനന്തപുരം: വിവാദം കേരളത്തിന്‍െറ കൂടപ്പിറപ്പാണെന്ന് പറയാറുണ്ട്. അത് കേരളപ്പിറവിയുടെ 60ാം വാര്‍ഷികാഘോഷചടങ്ങിലും അന്വര്‍ഥമാക്കി. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.എസ് അച്യുതാന്ദന്‍ അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല. എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്ത വി.എസും ഉമ്മന്‍ ചാണ്ടിയും നിയമസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാതെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഫോണില്‍ ക്ഷണിച്ചതിനെതുടര്‍ന്ന് എത്തിയെങ്കിലും എ.കെ. ആന്‍റണിയും പങ്കെടുത്തില്ല. നോട്ടീസില്‍ പേര് ഉള്‍പ്പെടുത്താത്തതിനാലാണ് അദ്ദേഹം പങ്കെടുക്കാതിരുന്നത്. ക്ഷണിച്ചിരുന്നെന്നും പരിപാടിയുടെ നോട്ടീസ് കണ്ടപ്പോള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തോന്നിയെന്നും ആന്‍റണി പ്രതികരിച്ചു. ഗവര്‍ണറെ ക്ഷണിക്കാഞ്ഞത് പ്രോട്ടോകോള്‍ സംബന്ധിയായ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണെന്ന് ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, മുന്‍മുഖ്യമന്ത്രിമാരുടെ അസാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചതുമില്ല.

മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിക്കും വി.എസ്. അച്യുതാനന്ദനും ചൊവ്വാഴ്ച രാവിലെ നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക സെഷനില്‍ സംസാരിക്കാന്‍ അവസരവും നല്‍കിയിരുന്നു. അറുപതോളം അതിഥികള്‍ പങ്കെടുത്തതിനാല്‍ ഇവരുടേതുള്‍പ്പെടെ മന്ത്രിമാരുടെയെല്ലാം പേരുപോലും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ക്ഷണിച്ചിട്ടും എ.കെ. ആന്‍റണിയെ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തോടുകാട്ടിയ അനാദരവാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. നിലവിലെ എല്ലാ മുന്‍മുഖ്യമന്ത്രിമാരും പരിപാടിയില്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. നടത്തിപ്പിലെ കല്ലുകടിയാണ് ഇതിലൂടെ പ്രകടമാകുന്നത്.

മുന്‍മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും ആദരവും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതുകൊണ്ടാണ് ക്ഷണമുണ്ടായിട്ടും താനും വിട്ടുനിന്നതെന്നും സുധീരന്‍ പറഞ്ഞു. ഗവര്‍ണറെ പങ്കെടുപ്പിക്കാഞ്ഞത് ഭരണഘടനാലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. രാഷ്ട്രീയം കണ്ടതുകൊണ്ടാണ് ഇങ്ങനെ ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top