Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

വൈറ്റ്ഹൗസ് സ്വപ്നം കാണുന്ന സ്‌ളാവിക്ക് സുന്ദരി മെലനിയ (ഒരു അവലോകനം) ജോസഫ് പടന്നമാക്കല്‍

November 3, 2016

melania-sizedഅമേരിക്കയുടെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ അടുത്ത പ്രസിഡന്റ് ആരെന്നറിയാന്‍ ഇനി അവശേഷിച്ചിരിക്കുന്നത് ഏതാനും ദിവസങ്ങള്‍ മാത്രം. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ചരിത്രപരവും കൗതുകകരവുമെന്നതില്‍ സംശയമില്ല. സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹില്ലരി ക്ലിന്റനും പരസ്പരം കുറ്റാരോപണങ്ങളും പരിഹാസങ്ങളും ഈ തെരഞ്ഞെടുപ്പില്‍ കാഴ്ച വെച്ചെന്നുള്ളതും ഒരു സവിശേഷതയായിരുന്നു. ആര് ജയിക്കുമെന്നുള്ളത് പ്രവചനങ്ങള്‍ക്കും അതീതമാണ്.

Zemanta Related Posts Thumbnail

ലേഖകന്‍

അമേരിക്കയുടെ പാരമ്പര്യ ചരിത്രത്തിന്റെ ചുരുളുകള്‍ അഴിക്കുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സാധ്യത കുറവാണ്. കൂടാതെ ഇ-മെയില്‍ വിവാദത്തില്‍ ഹില്ലരി കുടുങ്ങിയും കിടക്കുന്നു. മറുവശത്ത് ലൈംഗിക അപവാദത്തില്‍ മങ്ങലേറ്റ ട്രംപ് പ്രതിയോഗിയുടെ ഇമെയില്‍ വിവാദത്തെ മുറുകെപ്പിടിച്ചു മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാദ്ധ്യമങ്ങളില്‍ കൂടി നാം ദര്‍ശിക്കുന്നത്. ആരു ജയിക്കും ആരു തോല്‍ക്കുമെന്നുള്ളതും പ്രവചനാതീതം. ഒരു വശത്തു എബ്രഹാം ലിങ്കണ്‍ മുതല്‍ മഹനീയമായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കുബേര ചക്രവര്‍ത്തി ട്രംപും മറുവശത്ത് പ്രഗത്ഭയായ ഭരണാധികാരിയും അമേരിക്കയുടെ പ്രഥമ വനിതയുമായിരുന്ന ഹില്ലരി ക്ലിന്റണും നേര്‍ക്കു നേരെ പോരാടുമ്പോള്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നുള്ള ചിന്താകുഴപ്പങ്ങളും വോട്ടര്‍മാരില്‍ വന്നു പെട്ടിട്ടുണ്ട്. ഇത്തരുണത്തില്‍ നാം ഓര്‍മ്മിക്കേണ്ട ഒരു സംഗതി ട്രംപ് പ്രസിഡന്റാവുകയാണെങ്കില്‍ ഒപ്പം പ്രഥമ വനിത മെലനിയയും ട്രംപിനൊപ്പം വൈറ്റ് ഹൌസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരിയാകും. പ്രസിഡന്റിനോടൊപ്പം കൈകോര്‍ത്തു പിടിച്ചു നടക്കേണ്ട അവര്‍ ലോക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടും. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപിന്റെ ഭാര്യയെന്ന നിലയില്‍ മെലനിയയും ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. അവരെപ്പറ്റി കൂടുതലായറിയാന്‍ ചരിത്രകുതുകികളായവര്‍ തീവ്രമായ ഗവേഷണങ്ങളും ആരംഭിച്ചതായി കാണാം.

a-2ഒരു സാധാരണ വീട്ടില്‍ ഗ്രാമീണ കന്യകയെപ്പോലെയാണ് അവര്‍ വളര്‍ന്നത്. മെലനിയയ്ക്ക് ഇളയ ഒരു സഹോദരിയുമുണ്ട്. ആദ്യകാലങ്ങളില്‍ അവര്‍ മോഡലിംഗ് ജീവിതം നയിച്ചിരുന്നത് മിലാനിലും പാരീസിലുമായിരുന്നു. പതിനാറാം വയസ്സില്‍ അവര്‍ മോഡലിംഗ് തുടങ്ങി. പതിനെട്ടാം വയസില്‍ മിലാനിലുള്ള ഒരു ഏജന്‍സിയുമായി ഒപ്പിട്ടു. 1996ല്‍ അവര്‍ ന്യൂയോര്‍ക്കില്‍ വന്നു. പ്രസിദ്ധ ഫോട്ടോഗ്രാഫറന്മാരുടെ കീഴില്‍ സ്ഥിരമായ ജോലിയുമുണ്ടായിരുന്നു. പാട്രിക്ക് ഡിമാര്‍ക്കല്ലെര്‍, ഹെല്‍മട്ട് ന്യൂട്ടണ്‍ എന്നീ ഫോട്ടോഗ്രാഫര്‍മാരോടൊപ്പം പ്രവര്‍ത്തിച്ചു. ഹാര്‍പെഴ് ബസാര്‍, ബള്‍ഗേറിയാ, (Harper’s Bazaar, Bulgaria), വാനിറ്റി ഫെയര്‍ ഇറ്റലി, (Vantiy Fair,Italy), ജി ക്യു ആന്‍ഡ് സ്‌പോര്‍ട്‌സ് ഇല്ലുസ്‌ട്രേറ്റഡ് സ്വിം സ്യൂട്ട് ഇഷ്യു, (GQ and Sports Illustrated Swimsuit Issue) എന്നീ മാസികകളുടെ കവര്‍ പേജുകളില്‍ അവരുടെ ഫോട്ടോകള്‍ സ്ഥിരം വരുമായിരുന്നു.

മെലനിയയും ട്രംപും 1998ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് ഒരു പാര്‍ട്ടിയില്‍ യാദൃച്ഛികമായി കണ്ടുമുട്ടി. പിന്നീട് രണ്ടു വര്‍ഷം അവര്‍ യുറോപ്പിലായിരുന്നു. 2004ല്‍ ട്രംപ് അവരോടു വിവാഹാഭ്യര്‍ത്ഥന നടത്തി. 2005 ജനുവരിയില്‍ അവര്‍ തമ്മില്‍ വിവാഹിതരായി. ട്രംപിന്റെ വക ഫ്ലോറിഡയിലെ ‘മാര്‍ലാഗോ’ ക്ലബില്‍ വെച്ചായിരുന്നു വിവാഹം. രാത്രികാലങ്ങളില്‍ സാധാരണ അനേക കോണ്‍ഫറന്‍സുകള്‍ നടത്തുന്ന ഹാളാണ് അത്. അവര്‍ വ്യവസായ മൊഗുലിന്റെ മൂന്നാമത്തെ ഭാര്യയാണ്. ആദ്യം ട്രംപ് വിവാഹം കഴിച്ചിരുന്നത് ‘ഐവാനാ’യെന്ന ചെക്കോസ്ലൊവോക്യന്‍ മോഡലിനെയായിരുന്നു. ആ വിവാഹം 1977 മുതല്‍ 1992 വരെ നിലനിന്നു. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ഭാര്യ മരിയാ മാപ്പിള്‍സുമായുള്ള വിവാഹ ബന്ധം 1993 മുതല്‍ 1999 വരെയായിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുകയാണെങ്കില്‍ മെലനിയ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു കമ്യുണിസ്റ്റ് രാജ്യത്തു വളര്‍ന്ന ആദ്യത്തെ പ്രഥമ വനിതയായിരിക്കും.

‘മെലനിയ’ എന്ന സ്‌ളാവിക്ക് സുന്ദരി ട്രംപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് അറിയപ്പെട്ടിരുന്നത് മെലനിയാ ക്‌നാവ്‌സ് എന്നായിരുന്നു. നിശബ്ദതയിലെ സുന്ദരിയെന്നാണ് അവരെ അറിയപ്പെട്ടിരുന്നത്. 1970 ഏപ്രില്‍ ഇരുപത്തിയാറാം തിയതി സ്ലോവേനിയായില്‍ ഒരു നദീതീര പ്രദേശമായ സേവനിക്കയില്‍ അവര്‍ ജനിച്ചു. അന്ന് ആ രാജ്യം കമ്മ്യൂണിസ്റ്റ് യൂഗോസ്ലോവിയായുടെ ഭാഗമായിരുന്നു. 2001ല്‍ അവര്‍ക്ക് അമേരിക്കയില്‍ സ്ഥിരം താമസിക്കാനുള്ള ഗ്രീന്‍ കാര്‍ഡും 2006ല്‍ പൗരത്വവും ലഭിച്ചു. ട്രംപ് പ്രസിഡന്റാവുകയാണെങ്കില്‍ അവര്‍ ജോണ്‍ ക്വിന്‍സി ആഡമിന്റെ ഭാര്യയായ ലൂയിസാ ആഡമിനു ശേഷം പുറം രാജ്യത്തു ജനിച്ച രണ്ടാമത്തെ അമേരിക്കയുടെ പ്രഥമ വനിതയായിരിക്കും. പ്രസിഡന്റ് ജോണ്‍ ആഡമിന്റെ ഭാര്യയായ ലൂയിസാ ആഡം ജനിച്ചത് ഇംഗ്ലണ്ടിലായിരുന്നു.

a-1ഭര്‍ത്താവിനെപ്പോലെ വാതോരാതെ വര്‍ത്തമാനം പറയുന്ന സ്വഭാവം മെലനിയക്കില്ല. മിതഭാഷിയായ അവര്‍ കുറച്ചു മാത്രമേ സംസാരിക്കുള്ളൂ. സൈബര്‍ പേജിലോ ട്വീറ്റിലോ സമയം കളയാറില്ല. 2016 മാര്‍ച്ച് 27നു അവര്‍ ഹാപ്പി ഈസ്റ്റര്‍ എന്നെഴുതി വെറും രണ്ടു വാക്കില്‍ ട്വീറ്റു ചെയ്തു. അതിനു മുമ്പ് 2015ല്‍ അവരുടെ പോസ്റ്റ് ഹാപ്പി ജൂലൈ ഫോര്‍ത്ത് എന്നായിരുന്നു. അവര്‍ അഞ്ചടി പതിനൊന്നിഞ്ചു പൊക്കമുള്ള സ്‌ളാവിയന്‍ സൗന്ദര്യ പട്ടം കിട്ടിയ ഒരു മോഡലായിരുന്നു. പൊക്കത്തിന്റെ കാര്യത്തില്‍ അവരെക്കാള്‍ പൊക്കം കൂടിയ പ്രഥമ വനിതകള്‍ വൈറ്റ് ഹൌസില്‍ താമസിച്ചിട്ടുണ്ട്. മിഷാല്‍ ഒബാമയ്ക്കും അവര്‍ക്കൊപ്പം പൊക്കമുണ്ട്. അതുപോലെ എലനോര്‍ റൂസ്‌വെല്‍റ്റിനും അവരോടൊപ്പം പൊക്കമുണ്ടായിരുന്നു. ഔദ്യോഗികമായ സ്ഥാനങ്ങള്‍ ഒന്നും തന്നെ വഹിച്ചിട്ടില്ലെങ്കിലും ഭര്‍ത്താവുമായുള്ള യാത്രാവേളകളില്‍ പ്രസിദ്ധരായ അനേകരായും സൗഹാര്‍ദ ബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചിട്ടുണ്ട്. സ്ലോവേനിയ ഭാഷ കൂടാതെ ഇംഗ്ലീഷും ഫ്രഞ്ചും സെര്‍ബിയനും ജര്‍മ്മനും നല്ലവണ്ണം സംസാരിക്കും.

മെലനിയ-ട്രംപ് ദമ്പതികള്‍ക്ക് ഒരു കുട്ടിയും ട്രംപിന്റെ മുന്‍ ഭാര്യമാരിലുള്ള മറ്റു നാല് മക്കളുമുണ്ട്. അവരുടെ മകന്‍ ‘ബാറന്‍’ സ്ലോവേനിയന്‍ ഭാഷ ഭംഗിയായി സംസാരിക്കും. പിതാവ് ഒരു കാര്‍ കച്ചവടക്കാരനും ‘അമ്മ ഫാഷന്‍ ഡിസൈനറുമായിരുന്നു.

സൗന്ദര്യപ്പട്ടം നേടിയ അവരുടെ പടങ്ങള്‍ വര്‍ഷങ്ങളായി പ്രമുഖ മാഗസിനുകളുടെ കവര്‍ പേജുകളില്‍ വരാറുണ്ട്. വോഗ്, ഹാര്‍പെഴ്‌സ് ബസാര്‍, ഓഷ്യന്‍ ഡ്രൈവ്, അവന്യൂ, ഇന്‍ സ്‌റ്റൈല്‍, ന്യൂയോര്‍ക്ക് മാഗസിന്‍ മുതലായ പ്രസിദ്ധീകരണങ്ങളിലാണ് അവരുടെ മികവുറ്റ ശരീര ഭാഗങ്ങളോടെയുള്ള പടങ്ങള്‍ കൂടുതലായും പ്രസിദ്ധീകരിക്കാറുള്ളത്. ബ്രിട്ടീഷ് ജി ക്യു മാഗസിനില്‍ ഡൈമന്‍ഡ് ധരിച്ചുകൊണ്ടും കൈകളില്‍ പിസ്റ്റള്‍ ചൂണ്ടിയും വിലങ്ങുമായി നില്‍ക്കുന്ന മാദക റാണിയെപ്പോലുള്ള ഫോട്ടോകള്‍ വിവാദപരമായിരുന്നു. യാഥാസ്ഥിതികനായ റ്റെഡ് ക്രൂസുമായി ഡൊണാള്‍ഡ് ട്രംപ് അതിനെപ്രതി കടുത്ത വാക്കുകള്‍ കൊണ്ടുള്ള യുദ്ധവും നടത്തി. അത്തരം പടങ്ങള്‍ സദാചാര വിരുദ്ധമെന്ന് യാഥാസ്തിക ലോകത്തിനു തോന്നുമെങ്കിലും പരസ്യ വിപണികളിലും വ്യവസായിക ലോകത്തിനും അതൊരു പ്രശ്‌നമല്ല. അമേരിക്കയെ സംബന്ധിച്ച് അത്തരം പടങ്ങള്‍ നിയമവിരുദ്ധവുമല്ല. ഫാഷന്‍ ലോകത്തുനിന്നും അമേരിക്കയില്‍ ഒരു പ്രഥമ വനിത ആദ്യമാണെങ്കിലും ഫ്രഞ്ച് പ്രഥമ വനിതയായിരുന്ന ‘കാര്‍ലാ ബ്രൂണിയും’ ഇതുപോലെ ശരീര ഭംഗി കാണിച്ചുകൊണ്ടുള്ള പടങ്ങളുമായി ഫാഷന്‍ ലോകത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ്. അവരുടെ മോഡലിംഗ് കാലങ്ങളിലും നഗ്‌നമായ ഫോട്ടോകള്‍ ലോക മാഗസിനുകളില്‍ നിറഞ്ഞു നിന്നിരുന്നു.

നഗ്‌ന ഫോട്ടോകളെ സംബന്ധിച്ചും ട്രമ്പിനു വിശദീകരണമുണ്ട്. ‘ഈ ഫോട്ടോകള്‍ മെലനിയയെ പരിചയപ്പെടുന്നതിനു മുമ്പുള്ളതാണ്. മെലനിയ പ്രൊഫഷണല്‍ നിലവാരങ്ങളില്‍ അങ്ങേയറ്റം ശോഭിച്ച വ്യക്തിപ്രഭാവം നിറഞ്ഞ ഒരു മോഡല്‍ ഗേളായിരുന്നു. യൂറോപ്പില്‍ അത്തരം പടങ്ങള്‍ ഫാഷന്റെ ഭാഗങ്ങളാണ്. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ അത് സാധാരണവുമാണ്. ഒരു രാജ്യത്തുള്ള സാംസ്ക്കാരികതയെ വ്യക്തിഹത്യയായി കാണുന്നതും ബാലിശ ചിന്താഗതിയാണ്.
മെലനിയ പ്രൊഫഷണലായി ഫാഷന്‍ ലോകത്ത് ഉയര്‍ന്നുവെങ്കിലും ഒരു കോളേജ് ഡിഗ്രി നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സ്ലോവേനിയാ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനിംഗില്‍ കോഴ്‌സുകള്‍ മുഴുവനും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിന്നീട് അവര്‍ സ്കിന്‍ കെയര്‍ ബിസിനസിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. 2016 ജൂലൈയില്‍ സി.എന്‍.എന്‍. ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരുടെ അന്വേഷണത്തിലാണ് അവര്‍ ആ യൂണിവേഴിസിറ്റിയില്‍നിന്നും ബിരുദം സമ്പാദിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. മെലനിയ ഒരിക്കലും അവരുടെ വിദ്യാഭ്യാസ യോഗ്യതകളെപ്പറ്റി ആരുമായും വെളിപ്പെടുത്തിയിരുന്നില്ല.

a-3മെലനിയ 2010ല്‍ ടൈംപീസ് & ഫാഷന്‍ ജ്വല്ലറിയെന്ന പേരില്‍ ഒരു ബിസിനസ് നടത്തിയിരുന്നു. 2010 ഫെബ്രുവരിയില്‍ ഹോം ഷോപ്പിംഗ് നെറ്റ്‌വര്‍ക്കായി തുടങ്ങിയ ഈ ബിസിനസില്‍ ഡൊണാള്‍ഡായിരുന്നു ആദ്യത്തെ അവരുടെ പറ്റുപടിക്കാരന്‍. നാല്‍പ്പത്തിയഞ്ച് മിനിറ്റുകൊണ്ട് മെലനിയായുടെ വില്പനയ്ക്കു വെച്ചിരുന്ന ഉല്‍പ്പന്നങ്ങള്‍ മുഴുവനായി വിറ്റഴിഞ്ഞുവെന്നുള്ളതു അവരെ സംബന്ധിച്ചു വിസ്മയകരമായിരുന്നു. 2013ല്‍ അവര്‍ സ്കിന്‍ കെയര്‍ സംബന്ധിച്ച ബിസിനസും തുടങ്ങി. മെലനിയ കാവിയര്‍ കോംപ്ലെക്‌സ് സി 6 (“Melania™ Caviar Complexe C6.) എന്ന പേരില്‍ ആ സ്ഥാപനം പ്രവര്‍ത്തിച്ചു. അവരുടെ മകന്‍ ‘ബാറണ്‍’ എന്നും കിടക്കുന്നതിനുമുമ്പ് കുളി കഴിഞ്ഞശേഷം ഈ സ്കിന്‍ ഓയിന്റ്‌മെന് പെരട്ടുന്നുവെന്നു ഡെയിലി മെയില്‍ പത്രത്തോടായി അവര്‍ പറഞ്ഞു. അനേക ടെലിവിഷന്‍ കൊമേഴ്സ്യലില്‍ മെലനിയ പങ്കുചേരാറുണ്ട്. ബാര്‍ബറാ വാള്‍ട്ടേര്‍ഴ്‌സിനൊപ്പം അവര്‍ കോ ഹോസ്റ്റായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ അവരുടെ ഭര്‍ത്താവിന്റെ അപ്രന്റിക്‌സ് (Apprentice) ഷോകളിലും സജീവമായിരുന്നു.

2005ല്‍ ന്യൂയോര്‍ക്ക് പോസ്റ്റിന്റെ വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്ന പാലോ സമ്പോളിയുമായി മെലനിയായ്ക്ക് ഒരു അഭിമുഖ സംഭാഷണമുണ്ടായിരുന്നു. അതില്‍ ‘പാലോ’ പറഞ്ഞിരിക്കുന്നു, “അവര്‍ അസാധാരണമായി മാത്രമേ വീടു വിട്ടു പുറത്തു പോകാറുള്ളൂ. ക്ലബിലും ബാറിലും ഒരിക്കലും പോയിട്ടില്ല. ഡൊണാള്‍ഡിനെ കണ്ടുമുട്ടുന്നതിനു മുമ്പ് അവര്‍ ആരുമായും മൈത്രിബന്ധം പുലര്‍ത്തിയിരുന്നില്ല. അതിനുമുമ്പ് ഒരു പുരുഷനുമായും ഡേറ്റും ചെയ്തിട്ടില്ല. സിനിമയ്ക്കും ജിംനേഷ്യത്തിലും പോവുന്ന സമയം തനിയെ മാത്രമേ പോവുമായിരുന്നുള്ളൂ. ക്യാമല്‍ സിഗരറ്റിന്‍റെ മോഡലായി അവര്‍ ടൈംസ് സ്ക്വയറില്‍ പോയിരുന്നു. എങ്കിലും എല്ലാ സമയവും വീട്ടില്‍ തന്നെ വീട്ടുകാര്യങ്ങളും നോക്കി ജീവിക്കാനാണ് അവര്‍ക്കിഷ്ടം. അവര്‍ ഒരിക്കലും പാര്‍ട്ടിമേളകളില്‍ താല്പര്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നില്ല.”

ഫാഷന്‍ ഷോകളിലും മറ്റും അവര്‍ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊണ്ട് മത്സര രംഗത്തും പരസ്യ വിപണികളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും സ്വകാര്യ ജീവിതത്തില്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് അവര്‍ക്കുള്ളത്. 1999ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് മത്സരത്തിനായി ശ്രമിച്ചിരുന്നു. അന്ന് ഡൊണാള്‍ഡ് അവരുടെ കൂട്ടുകാരന്‍ മാത്രമായിരുന്നു. അവര്‍ ന്യൂയോര്‍ക്ക് ടൈംസുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു, “ഞാന്‍ പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയാണ്. എന്നും അങ്ങനെതന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയുടെ പ്രഥമ വനിതകളായിരുന്ന ‘ബെറ്റി ഫോര്‍ഡിനെപ്പോലെയും,’ ‘ജാക്കി കെന്നഡിയെപ്പോലെയും’ ഒരു കുടുംബിനിയായി ജീവിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നത്.” അവര്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ സ്വര്‍ണ്ണ ബിക്കിനിയിട്ടും മോഡലിംഗ് ചെയ്തിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രൈവറ്റ് ജെറ്റിലായിരുന്നു അന്ന് ആ പടമെടുത്തത്.

a2-1ആദ്യം ഡൊണാള്‍ഡിനെ കണ്ടപ്പോള്‍ അവര്‍ക്ക് പ്രേമമൊന്നും തോന്നിയില്ലായെന്നു പറയുന്നു. 1998ല്‍ ന്യൂയോര്‍ക്കിലെ കിറ്റ് കാറ്റ് ക്ലബില്‍ വെച്ചാണ് ഒരു ഫാഷന്‍ ഷോയില്‍ ഡൊണാള്‍ഡ് തന്റെ ഭാവിവധുവായ മെലനിയെ കണ്ടുമുട്ടിയത്. ഡൊണാള്‍ഡ് ആദ്യം അവരുടെ ടെലിഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ മെലനിയാ നിരസിക്കുകയാണുണ്ടായതെന്നു ന്യൂയോര്‍ക്ക് പോസ്റ്റിന്റെ എഡിറ്റര്‍ ‘മോള്‍നാര്‍’ പറയുന്നു. പകരം അവര്‍ ഡൊണാള്‍ഡിന്റെ നമ്പര്‍ മേടിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം മെലനിയാ ഡൊണാള്‍ഡിനെ ടെലിഫോണില്‍ വിളിക്കുകയുമുണ്ടായി.

ഡൊണാള്‍ഡ്മായി വിവാഹത്തിനു മുമ്പ് ഇരുവരുടെയും ഭാവിയിലെ സ്വത്തവകാശങ്ങളുടെ പേരിലുള്ള ഒരു ഉടമ്പടി 2005ല്‍ മെലാനിയാ ഒപ്പു വെച്ചിരുന്നു. ഡൊണാള്‍ഡ് പറഞ്ഞതുപോലെ അത്തരം ഒരു ഉടമ്പടി (prenuptial agreement) സന്തോഷപൂര്‍വമാണ് അവര്‍ ഒപ്പുവെച്ചത്. ബന്ധം വേര്‍പെടേണ്ടി വന്നാലും ഡൊണാള്‍ഡിന്റെ സ്വത്തുക്കളൊന്നും ആഗ്രഹിക്കാതെ പൂര്‍ണ്ണ സമ്മതത്തോടെ ആ ഉടമ്പടിയില്‍ ഒപ്പുവെച്ചതും അവരുടെ മഹത്വം അവിടെ പ്രകടമാക്കുന്നു. ആഘോഷ പൂര്‍വമായിരുന്ന ആ വിവാഹ ചടങ്ങില്‍ ക്ലിന്റണും ഹിലരിയും അന്നു സംബന്ധിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യയെന്ന നിലയില്‍ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ അവര്‍ക്ക് ഒരു പ്രസംഗം ചെയ്യേണ്ടതായി വന്നു. അവര്‍ ചെയ്ത പ്രസംഗത്തിന്റെ തുടര്‍ച്ചയില്‍ ഏതാനും ഭാഗങ്ങള്‍ മിഷാല്‍ ഒബാമയുടെ എട്ടുവര്‍ഷം മുമ്പു നടത്തിയ പ്രസംഗത്തിന്റെ കോപ്പിയായതും വിവാദമായി. മിഷാല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഉത്തരവാദിത്വം ട്രംപിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടറായ മെറീഡിത് മക്ലവര്‍ (Meredith McIver)ഏറ്റെടുത്തു. അവര്‍ മിഷാലിന്റെ പ്രസംഗത്തിന്റെ ഭാഗം അവിചാരിതമായി ചേര്‍ത്തതെന്നും പറഞ്ഞു. അവരുടെ വിവരണം ഇങ്ങനെ ‘മെലനിയായുടെ പ്രസംഗം തയ്യാറാക്കുന്ന ജോലിയിലുള്ള സംഭാഷണമധ്യേ മെലനിയാ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് മിഷാല്‍ ഒബാമയെന്നു പറഞ്ഞു. മിഷാല്‍ ഒബാമയുടെ ചില ഉദ്ധരണികള്‍ അവര്‍ ടെലഫോണില്‍ക്കൂടി പറഞ്ഞു തരുകയും ചെയ്തു. അവര്‍ ടെലിഫോണില്‍ പറഞ്ഞതുപോലെ പ്രസംഗവും തയ്യാറാക്കി. അതില്‍ പൂര്‍ണ്ണമായും മെലനിയയെ കുറ്റപ്പെടുത്തേണ്ടന്നും മക്ലവര്‍ പ്രതികരിച്ചിരുന്നു.

aഅമേരിക്കയുടെ പ്രഥമ വനിതയാകാന്‍ സാധ്യതയുള്ള അവരുടെ പ്രൊഫൈല്‍ ഒരു റിപ്പോര്‍ട്ടറായ ജൂലിയാ ലോഫേ തയ്യാറാക്കിയപ്പോള്‍ അവര്‍ക്ക് രഹസ്യമായ ഒരു സഹോദരനുണ്ടെന്നു കണ്ടെത്തിയിരുന്നു. മെലനിയയുടെ പിതാവ് വിക്റ്റര്‍ ക്‌നാവ് കഠിനാദ്ധ്വാനിയും പാരമ്പര്യത്തില്‍ വിശ്വസിക്കുന്നയാളുമായി വിശേഷിക്കപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന് മെലനിയയുടെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു പുത്രനുണ്ടായിരുന്ന കാര്യം അതീവ രഹസ്യമായിരുന്നു. കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന കാര്യമായതുകൊണ്ടു അങ്ങനെയൊരു മകനെപ്പറ്റി കുടുംബം മറ്റുള്ളവരില്‍നിന്നും ഒളിച്ചു വെച്ചിരുന്നു. വിവാഹത്തിന് പുറത്തുള്ള ആ മകന്റെ പേര് ‘ഡെന്നിസ് സിജല്‍ജാക്‌സ്’ (Denis Cigelnjak’s) എന്നായിരുന്നു. മകനാണെന്നു കോടതിവഴി തെളിഞ്ഞതിനാല്‍ ആ കുട്ടിയ്ക്കുള്ള ചെലവുകള്‍ കൊടുത്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കലും ആ പിതാവിന് ഡെന്നിസ് തന്റെ മകനെന്നു അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു. ആ മകന് ഇപ്പോള്‍ അമ്പത് വയസു പ്രായമുണ്ട്. അയാള്‍ കുടുംബത്തിന്റെ സ്വദേശമായ സ്ലോവേനിയായില്‍ തന്നെ താമസിക്കുന്നു. അങ്ങനെയൊരു സഹോദരനെപ്പറ്റി മെലനിയയ്ക്ക് വര്‍ഷങ്ങളായി അറിയാമായിരുന്നുവെന്നു സമ്മതിക്കുകയും ചെയ്തു.

ഡൊണാള്‍ഡ് ട്രംപ് ലൈംഗികപരമായ അശ്‌ളീല പദങ്ങള്‍ ഉപയോഗിക്കുന്ന വീഡിയോ കണ്ടപ്പോള്‍ മെലനിയയില്‍ വിസ്മയമുളവാക്കി. അവര്‍ അതില്‍ ട്രംപിനെ ന്യായികരിക്കുകയാണുണ്ടായത്. ട്രംപ് തന്റെ സ്വകാര്യ ജീവിതത്തില്‍ ഒരിക്കലും അസഭ്യ വാക്കുകള്‍ പുലമ്പുന്ന സ്വഭാവക്കാരനല്ലെന്നും പറഞ്ഞു. എന്‍.ബി.സി ഹോസ്റ്റ് ‘ബില്ലി ബുഷ്’ പ്രേരിപ്പിച്ചതുകൊണ്ടാണ് ഒരു ദുര്‍ബല നിമിഷത്തില്‍ ട്രംപ് സമനില തെറ്റി അശ്‌ളീല പദങ്ങള്‍ ഉപയോഗിച്ചതെന്ന് മെലനിയാ സ്വന്തം ഭര്‍ത്താവിനെ ന്യായികരിച്ചുകൊണ്ടു പറയുന്നുമുണ്ട്. അവര്‍ ഭര്‍ത്താവിനോടായി പറഞ്ഞു, “ഡൊണാള്‍ഡ്, നിങ്ങള്‍ ഉപയോഗിച്ച ആ ഭാഷ തികച്ചും പാകതയുള്ള ഒരാളിന്റെയല്ലായിരുന്നു. അത് അംഗീകരിക്കാന്‍ എനിക്കു സാധിക്കില്ല. ഞാന്‍ അറിയുന്ന ഡൊണാള്‍ഡ് എന്ന മനുഷ്യനെയല്ല ആ വീഡിയോയില്‍ കണ്ടത്. നിങ്ങളുടെ വൈകൃതമായ ആ സംസാരം എന്നെ സംബന്ധിച്ച് വിസ്മയകരമായിരുന്നു.” പാകതയില്ലാത്ത ആ വര്‍ത്തമാനത്തില്‍ ഡൊണാള്‍ഡ് തന്നോട് ക്ഷമ ചോദിച്ചുവെന്നും മെലനിയ പറഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആ സംഭാഷണം തന്നെ സംബന്ധിച്ച് അതൊരു പ്രശ്‌നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വായില്‍ നിന്നും വരുന്ന വാക്കാലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ലൈംഗിക പീഡനമല്ലെന്നും അവര്‍ വിശ്വസിക്കുന്നു. കുറ്റവാളികള്‍ മെക്‌സിക്കോ ബോര്‍ഡര്‍ കടക്കുന്നതിനെപ്പറ്റിയും ചോദ്യങ്ങളുണ്ടായിരുന്നു. ‘അദ്ദേഹം മെക്‌സിക്കക്കാരെ അവഹേളിച്ചതല്ലെന്നും നിയമപരമായല്ലാതെ അനധികൃതമായി കുടിയേറുന്നവരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും’ സ്ഥാപിച്ചുകൊണ്ട് മെലനിയ ഭര്‍ത്താവിനെ ന്യായികരിച്ചു.

ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഗൗരവപൂര്‍വം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ മെലനിയ ഭര്‍ത്താവിനെ ഉപദേശിക്കാറുണ്ട്. അരിസോണയിലെ ഒരു റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് ജനക്കൂട്ടത്തോടായി പറഞ്ഞു, “എന്റെ ഭാര്യയും മൂത്ത മകള്‍ ഐവാന്‍കായും എന്റെ പെരുമാറ്റ രീതിയെ അംഗീകരിക്കാറില്ല. ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെപ്പോലെ പെരുമാറാന്‍ കൂടെക്കൂടെ അവരെന്നെ ഓര്‍മ്മിപ്പിക്കുന്നു.” ഭര്‍ത്താവിന് രാഷ്ട്രീയ ഉപദേശം കൊടുക്കുമ്പോള്‍ മെലനിയാ ഒരിക്കലും ലജ്ജിക്കാറില്ല. അവര്‍ സി എന്‍ എന്‍ പ്രതിനിധിയോടു പറഞ്ഞു, “എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് തുറന്നുപറയും. ഒന്നല്ല, അനേക പ്രാവശ്യങ്ങള്‍. അദ്ദേഹം പറയുന്നതെല്ലാം ഞാന്‍ സമ്മതിക്കില്ല. എനിയ്ക്ക് എന്റേതായ വ്യക്തിത്വമുണ്ട്. എന്റെ വ്യക്തിത്വത്തെ അദ്ദേഹം എന്നും മാനിക്കാറുണ്ട്. ഞാനും ഡൊണാള്‍ഡും തമ്മിലുള്ള ബന്ധത്തിലും അതൊരു പ്രധാന ഘടകമാണ്.”

a4ഡൊണാള്‍ഡിന്റെ തനി പകര്‍പ്പുപോലെയാണ് അവര്‍ മകനെ വളര്‍ത്തുന്നത്. ലിറ്റില്‍ ഡൊണാള്‍ഡെന്നാണ് സ്‌നേഹപൂര്‍വ്വം മകനെ വിളിക്കാറുള്ളത്. പത്തു വയസുള്ള ‘ബാറണ്‍’ എപ്പോഴും സ്യൂട്ടും ടൈയും ധരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പനുമൊത്ത് ഗോള്‍ഫ് കളിക്കാന്‍ പോവും. അപ്പനെപ്പോലെ തന്നെ ചുറ്റുമുള്ളവരെ ഭരിക്കാനും ശ്രമിക്കുന്നു. അവനെ നോക്കുന്ന നാനിയെയും വീട്ടു ജോലിക്കാരെയും അപ്പന്‍ പറയുന്നപോലെ ഫയര്‍ ചെയ്‌തെന്നു പറയും. ചെറുക്കന്റെ ആജ്ഞ ഒരു തമാശപോലെ അവര്‍ അനുസരിക്കും. വീണ്ടും അവരെ മടക്കി വിളിക്കും. ഇതാണ് അവന്റെ ഹോബി. അപ്പന്‍ എപ്പോഴും ബിസിനസ് സംബന്ധമായി തിരക്കിലായതുകൊണ്ടു കൂടുതല്‍ സമയവും അമ്മയോടൊപ്പമാണ് മകന്‍ സമയം ചെലവഴിക്കുന്നത്. മെലനിയ പറയുന്നു, “അവനു തങ്ങളുടെ രണ്ടുപേരുടെയും മുഖഛായ ഉണ്ടെങ്കിലും വ്യക്തിത്വം മുഴുവന്‍ അപ്പന്റേതാണ്. അതുകൊണ്ടാണ് ഞാന്‍ അവനെ ലിറ്റില്‍ ഡൊണാള്‍ഡെന്നു വിളിക്കുന്നത്.” ‘അവന്‍ നല്ല ഉറച്ച മനസുള്ളവനും കാര്യപ്രാപ്തിയുള്ളവനുമാണെന്നു’ അവന്റെ അദ്ധ്യാപകരും പറയുന്നു.

ഡൊണാള്‍ഡിനു തന്റെ ഭാര്യയെപ്പറ്റി പറയുമ്പോള്‍ ആയിരം നാവുകളാണുള്ളത്. അദ്ദേഹം മെലനിയയെപ്പറ്റി കൂടെക്കൂടെ പറയാറുള്ളത് “അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട നല്ലയൊരു അമ്മയെന്നാണ്. ഞങ്ങളുടെ മകന്‍ ബാറനെ മെലനിയ ജീവനു തുല്യമായി സ്‌നേഹിക്കുന്നു.” അതുപോലെ ഡൊണാള്‍ഡിന്റെ മറ്റു മക്കളെയും അവര്‍ക്കു ജീവനാണ്. മക്കളെല്ലാവരുടെയും ഏതാവശ്യത്തിനും മെലനിയ അവരോടൊപ്പമുണ്ട്. ഡൊണാള്‍ഡ് പറയുന്നു, “മെലനിയ ഇനിമേല്‍ ഭാവിയില്‍ എഴുതാന്‍ പോവുന്ന ചരിത്രത്തിലെ അവിസ്മരണീയമായ പ്രഥമ വനിതയായിരിക്കും. അവള്‍ അടുത്ത ജാക്വ്‌ലിന്‍ കെന്നഡിയായിരിക്കും.” ജാക്വലിന്‍ കെന്നഡിയുടെ ജീവചരിത്രമെഴുതിയ ‘പമേല കീ’ ഡെയിലി മെയിലിനോട് പറഞ്ഞു, ‘അവര്‍ ജെ എഫ് കെ യുടെ പ്രസിദ്ധിയേറിയ ജാക്കിയെപ്പോലെ തന്നെയാണ്. സുന്ദരിയും മിടുക്കിയും കാര്യപ്രാപ്തിയുള്ളവരുമാണ്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുമുണ്ട്. ബെറ്റി ഫോര്‍ഡിനെപ്പോലെയോ ജാക്വിലിനെപ്പോലെയോ കുലീനത്വമുള്ള പ്രഥമ വനിതയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു.’

a2‘ട്രംപ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ജയിച്ചാലും വിജയിക്കുന്നത് മെലനിയാ ആയിരിക്കും.’ ഇത് പറഞ്ഞത് ഡെയിലി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടര്‍ ‘സെലിയാ വാല്‍ഡണ്‍ (Celia Walden) ആണ്. മെലനിയ തന്റെ സ്വപ്ന ഭൂമിയായ അമേരിക്കയില്‍ രണ്ടു പതിറ്റാണ്ടോളം ജീവിച്ചു. ഭാവിയിലും എന്തുതന്നെ സംഭവിച്ചാലും ഈ രാജ്യത്തിന്റെ മഹത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതും. എന്നും തനിക്കു സൗഭാഗ്യങ്ങള്‍ നല്‍കിയ ഈ രാജ്യത്തിനു നല്ലതു ഭവിക്കണമെന്നുള്ളതാണ് അവരുടെ അഭിലാക്ഷവും. ഒന്നുകില്‍ അവരുടെ ഭര്‍ത്താവു ഡൊണാള്‍ഡ് ചരിത്രം ഭേദിച്ചുള്ള പ്രസിഡന്റ് അല്ലെങ്കില്‍ അവര്‍ക്കും അവരുടെ ഭര്‍ത്താവിനും പൊതു ജീവിതത്തിലെ വലിയ പരാജയവും സംഭവിക്കാം. രണ്ടാണെങ്കിലും മെലനിയ ചരിത്രത്തില്‍ ഇടം നേടി കഴിഞ്ഞിരിക്കുന്നു.

a-4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top