Flash News

ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ സഖ്യസേനയുടെ മുന്നേറ്റം ശക്തമായി; ജീവന്‍ വേണമെങ്കില്‍ കീഴടങ്ങാന്‍ ഇറാഖ് പ്രധാനമന്ത്രി

November 5, 2016

nb-172219-636024492778017823ഐ.എസ് ശക്തികേന്ദ്രമായ മൊസൂള്‍ പിടിക്കാന്‍ ഇറാഖിസേന മുന്നേറ്റം തുടരുന്നു. ഭീകരരുടെ കനത്ത ചെറുത്തുനില്‍പ്പും തടസങ്ങളും മറികടന്ന് സൈന്യം മൊസൂള്‍ നഗരത്തിനടുത്തെത്തിയതായാണു റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ത്ത് സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ച ഐ.എസ്, ചാവേര്‍ ആക്രമണത്തിലൂടെ തിരിച്ചടി നല്‍കാനാണു ശ്രമിക്കുന്നത്.

യു.എസ്. സഖ്യസേനയുടെ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തിലാണു ഇറാഖി സ്‌പെഷല്‍ ഫോഴ്‌സിന്റെ നീക്കങ്ങള്‍. കഴിഞ്ഞദിവസങ്ങളില്‍ രാത്രിയും പകലും തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. തോക്കുകള്‍ക്കു പുറമേ മോര്‍ട്ടാര്‍ ഷെല്ലുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഇരുപക്ഷവും ഉപയോഗിക്കുന്നുണ്ട്.

ജീവന്‍ വേണമെങ്കില്‍ ആയുധം താഴെവെച്ച് കീഴടങ്ങാന്‍ ഐഎസിനോട് ഇറാഖ് പ്രധാനമന്ത്രി ഐദര്‍ അല്‍ അബാദി ആവശ്യപ്പെട്ടു. മൊസൂളിനെ ജനതയെ എത്രയും വേഗം ഐഎസില്‍ നിന്നും സ്വതന്ത്രരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൊസൂളിനു സമീപത്തെ അല്‍ബാകിറില്‍ രൂക്ഷമായ ഏറ്റുമുട്ടലാണു നടക്കുന്നത്. അതേസമയം, നഗരപ്രദേശങ്ങളിലേക്ക് മുന്നേറിയ സൈന്യം അതീവജാഗ്രതയോടെയാണ് ഓരോചുവടും വയ്ക്കുന്നതെന്നു സൈനിക വക്താവ് മേജര്‍ ജനറല്‍ സമി അല്‍അരിദി പറഞ്ഞു. ജനവാസകേന്ദ്രങ്ങളായതിനാല്‍ മേഖലയില്‍ ഇരുനില കെട്ടിടങ്ങളാണ് ഏറെയുമുള്ളത്. ഇടുങ്ങിയ തെരുവുകളിലെ പോരാട്ടവും ഏറെ ബുദ്ധിമുട്ടുനിറഞ്ഞതാണ്.

സാധാരണക്കാരുടെയും സൈനികരുടെയും ജീവഹാനി പരമാവധി ഒഴിവാക്കിയുള്ള സൈനികനീക്കമാണു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ നടക്കുന്ന തഹ്‌രിര്‍, സഹാറ ജില്ലകളില്‍ ശുഭ്രപതാകയുമായി സാധാരണക്കാര്‍ സൈനികതാവളത്തിലേക്ക് അഭയം തേടിയെത്തുന്നുണ്ട്. സംഘര്‍ഷബാധിത മേഖലകളില്‍ സസഹായം തേടിയെത്തുന്ന സാധാരണക്കാരെ ഒഴിപ്പിക്കുന്നതും സൈന്യത്തിനു കനത്ത വെല്ലുവിളിയാണ്.

മൂവായിരത്തോളം ഇറാഖി സ്‌പെഷല്‍ ഫോഴ്‌സ് സേനാംഗങ്ങളാണ് മൊസൂള്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഏറ്റുമുട്ടലില്‍ ഏഴു സൈനികര്‍ക്കു ജീവഹാനിയുണ്ടായതായാണു റിപ്പോര്‍ട്ട്. അതേസമയം, ചാവേര്‍ ആക്രമണങ്ങളിലൂടെ സൈനികമുന്നേറ്റത്തെ ചെറുക്കാനാണ് ഇപ്പോള്‍ ഐ.എസിന്റെ ശ്രമം. സൈനികവാഹനവ്യൂഹം ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം മാത്രം ഏഴു ചാവേര്‍ ആക്രമണങ്ങളാണുണ്ടായത്. ലക്ഷ്യസ്ഥാനത്തെത്തുംമുന്‍പ് അഞ്ചു ചാവേറുകളെയും സൈന്യം വധിച്ചു. ശക്തികേന്ദ്രമായ മൊസൂളില്‍നിന്ന് ഐ.എസിനെ ഉന്മൂലനംചെയ്ത് നഗരത്തിന്റെ നിയന്ത്രണം പിടിക്കാന്‍ സൈന്യത്തിന് ആഴ്ചകളോ മാസങ്ങളോ വേണ്ടിവരുമെന്നാണു ലഭിക്കുന്ന സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top