മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് സിദ്ദിഖിന്റെ ഗുണ്ടാ വിളയാട്ടം; സിദ്ധിഖിനും ഭാര്യക്കുമെതിരെ പുതിയ അന്വേഷണം

sidhiqueകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കറുകപ്പള്ളി സിദ്ദിഖിനും ഭാര്യക്കും എതിരെ പുതിയ അന്വേഷണം. പിണറായി വിജയന് ഒപ്പമുള്ള ഫോട്ടോ കാണിച്ചും സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 2012ലെ സംഭവങ്ങളുടെ പേരില്‍ അന്നു നല്‍കിയ പരാതി, സിദ്ദിഖിനെ സഹായിക്കാനായി പൊലീസിലെ ഒരുവിഭാഗം പൂഴ്ത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

സിദ്ദിഖിനെതിരെ നാലു വര്‍ഷം മുന്‍പു നല്‍കിയ പരാതി പാര്‍ട്ടിയും പൊലീസും ഒതുക്കിയെന്ന് ബാഗ് വ്യവസായി നിസാര്‍ അഹമ്മദ് അറിയിച്ചു. അന്നു പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടു നിര്‍ദേശം നല്‍കിയിട്ടും പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ സിദ്ദീഖിനെ സംരക്ഷിച്ചെന്നാണ് ആരോപണം. നോര്‍ത്ത്, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകളിലെ മിക്ക ഉദ്യോഗസ്ഥരും സിദ്ദീഖിന്റെ ആളുകളായിരുന്നുവെന്നും നിസാര്‍ അഹമ്മദ് കഴിഞ്ഞ ദിവസം ഡിസിപി ഡോ. അരുള്‍ ആര്‍.ബി.കൃഷ്ണയ്ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടു നിസാര്‍ അഹമ്മദ് കഴിഞ്ഞദിവസം പരാതി നല്‍കി.

താന്‍ നോര്‍ത്തില്‍ ആരംഭിച്ച സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് സിഐടിയു തൊഴിലാളികളുമായി തര്‍ക്കമുണ്ടായപ്പോഴാണ് സിദ്ദിഖിന്റെ രംഗപ്രവേശമെന്ന് നിസാര്‍ മുഹമ്മദ് പറഞ്ഞു. തര്‍ക്കം തീര്‍ക്കാന്‍ നോര്‍ത്തിലെ പാര്‍ട്ടി ഓഫിസില്‍ എത്തുമ്പോള്‍ സിദ്ദീഖും അവിടെയുണ്ടായിരുന്നു. പിന്നീട്, പാര്‍ട്ടിക്കു സംഭാവന തേടി സിദ്ദീഖ് കാണാനെത്തി. അന്ന് 5,000 രൂപ നല്‍കി. സ്‌കൂള്‍കുട്ടികള്‍ക്കു വിതരണം ചെയ്യാന്‍ സൗജന്യമായി ബാഗ് ചോദിച്ചപ്പോള്‍ 100 ബാഗ് നല്‍കി. സ്‌കൂളിലേക്കു കംപ്യൂട്ടര്‍ ആവശ്യപ്പെട്ട് വീണ്ടും എത്തി. 38,000 രൂപയുടെ കംപ്യൂട്ടര്‍ വാങ്ങി നല്‍കി. ഈ കംപ്യൂട്ടര്‍ സ്‌കൂളിലെത്തിയില്ലെന്നു പിന്നീടറിഞ്ഞു. വിശ്വാസ്യത തോന്നുന്ന രീതിയിലായിരുന്നു സിദ്ദീഖിന്റെ ഇടപെടല്‍. ഐഎഎസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നയാള്‍ എന്ന നിലയ്ക്കു ഭാര്യയെ പരിചയപ്പെടുത്തി. ഭാര്യ സ്വകാര്യ ബാങ്ക് മാനേജരാണെന്ന് ധരിപ്പിച്ച് ബാങ്കില്‍ നിന്നു പോളിസിയെടുപ്പിച്ചു. തുടര്‍ന്നാണ് ബിസിനസില്‍ പങ്കാളിയാക്കണമെന്ന അഭ്യര്‍ഥനയുണ്ടായത്. സ്ഥാപനത്തിനു സമീപമുള്ള മുറി 85,000 രൂപ മുടക്കി സിദ്ദീഖിനു വാടകയ്‌ക്കെടുത്തു നല്‍കി. സിദ്ദിഖിന്റെ കടയുടെ ഉദ്ഘാടനത്തിനു പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ മാത്രമല്ല നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലെ ചില പൊലീസ് ഉദ്യോഗസ്ഥരുമെത്തി. പിന്നീട്, തന്റെ സ്ഥാപനത്തിലെ സ്റ്റോക്ക് കൈവശപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ഭീഷണിയായി എന്നും നിസാറിന്റെ പരാതിയില്‍ പറയുന്നു.

താന്‍ ചേര്‍ന്നിരുന്ന ചിട്ടി ഭീഷണിയിലൂടെ സിദ്ദിഖ് സ്വന്തം പേരിലാക്കിയെന്നും രണ്ടു ലക്ഷത്തോളം രൂപ അതിനകം ചിട്ടിയില്‍ അടച്ചിരുന്നുവെന്നും നിസാര്‍ അറിയിച്ചു. ഒടുവില്‍ കോടിയേരി ബാലകൃഷ്ണന്‍ മുഖാന്തരം അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ഗോവിന്ദനെ പരാതിയുമായി സമീപിച്ചു. അദ്ദേഹം നോര്‍ത്തിലെ പാര്‍ട്ടി ഓഫിസിലേക്ക് അയച്ചു.

കലൂരിലെ ലോക്കല്‍ കമ്മിറ്റിയംഗത്തെ ബന്ധപ്പെടാനായിരുന്നു അവിടെനിന്നുള്ള നിര്‍ദേശം. ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. വീണ്ടും എം.വി.ഗോവിന്ദനെ സമീപിച്ചപ്പോള്‍, പൊലീസില്‍ പരാതി കൊടുക്കാന്‍ നിര്‍ദേശിച്ചു. സിദ്ദീഖിനു പിടിപാടുള്ള നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലേക്കു കൈമാറരുതെന്ന അപേക്ഷയോടെ 2012 സെപ്റ്റംബറില്‍ ഡിസിപിക്കു പരാതി നല്‍കി.എന്നാല്‍, പരാതി കൈമാറിയതു നോര്‍ത്ത് സ്റ്റേഷനിലേക്ക്. ഒരു തവണ പോലും ഈ പരാതിയില്‍ പൊലീസ് വിളിപ്പിച്ചില്ല. എന്നാല്‍, തനിക്കെതിരെ സിദ്ദീഖ് നല്‍കിയ പരാതിയില്‍ നോര്‍ത്ത് സിഐ വിളിപ്പിക്കുകയും വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.

ഭീഷണിക്കു പുറമേ മര്‍ദനവുമുണ്ടായതോടെ കുടുംബസമേതം മുളന്തുരുത്തിയിലേക്കു താമസം മാറേണ്ടിവന്നു. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു ഭീഷണിപ്പെടുത്തിയ കേസില്‍ സിദ്ദിഖ് അറസ്റ്റിലായപ്പോഴാണു വീണ്ടും പൊലീസ് സഹായം തേടാനുള്ള ധൈര്യം ലഭിച്ചതെന്നും നിസാറിന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment