Flash News

മലയാളിയും അമേരിക്കന്‍ രാഷ്ട്രീയവും !

November 8, 2016

mala-sizeഅമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധി നിറഞ്ഞ ഒരു തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുവാന്‍ പോകുന്നത്. നെറികേടുകൊണ്ടും വൃത്തികെട്ട ആരോപണപ്രത്യാരോപണങ്ങള്‍ കൊണ്ടും ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചേയ്ക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ലോകം സാക്ഷ്യം വഹിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ കഴിവും യോഗ്യതയും പാരമ്പര്യവുമുള്ള എല്ലാ സ്ഥാനാര്‍ഥികളെയും പിന്തള്ളി സ്വന്തം നീച പ്രവര്‍ത്തികള്‍കൊണ്ടുതന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡൊണാള്‍ഡ് ട്രംപ് മുന്‍പിലെത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരു വലിയ വിഭാഗം വരുന്ന യാഥാസ്ഥിക റിപ്പബ്ലിക്കന്‍സിന്റെ സ്വപ്‌നങ്ങളായിരുന്നു. അവസരവാദവും മനുഷ്യത്വമില്ലായ്മയും നെറികെട്ട ബിസിനസ് രീതികളുംകൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ട്രംപ് എതിരാളികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും, എപ്പോഴും നേരിട്ടുകൊണ്ടിരുന്നത് വൃത്തികെട്ട വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും ആയിരുന്നു. അങ്ങനെയുള്ള ഒരാള്‍ ആധികാരികമായി പ്രസിഡന്റ് സ്ഥാനാര്‍ഥി ആയത് യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് രംഗത്തുനിന്നുപോലും അകറ്റി. മറ്റാരുമായിരുന്നെങ്കിലും ഹില്ലരിക്കെതിരായി ജയിച്ചു പോകാമായിരുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്.

joseph-idiculaഇതിനിടയില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ വംശജര്‍ ട്രംപിനെ പിന്തുണക്കുന്നതായി പ്രസ്താവിച്ചു കണ്ടു. പൊതുവെ വിദ്യാഭ്യാസം കുറവുള്ള ഒരു വിഭാഗം വെള്ളക്കാരുടെ അടക്കിവച്ചിരിക്കുന്ന വംശവെറിയും വര്‍ഗീയ വിദ്വേഷവും പുറത്തെടുക്കുന്നതിനായിരിക്കും ട്രംപിന്റെ വിജയം ഉപകരിക്കുക. വര്‍ഷങ്ങളായി അടക്കിവച്ചിരിക്കുന്ന വംശീയ കലാപങ്ങള്‍ ആളിക്കത്തുമ്പോള്‍ അത് അനുഭവിക്കാന്‍ പോകുന്നത് കറുപ്പും വെളുപ്പുമല്ലാത്ത തവിട്ടു നിറമുള്ള തൊലിയുള്ള എല്ലാവരുമായിരിക്കും. കാരണം, ഒരു ഇന്ത്യന്‍ വംശജന്റെയും നെറ്റിയില്‍ എഴുതി വച്ചിട്ടില്ല അവന്‍ ഒരു ഇന്ത്യക്കാരന്‍ ആണെന്നോ അവന്‍ ഒരു ഹിന്ദു ആണെന്നോ അവന്‍ ഒരു കത്തോലിക്കന്‍ ആണെന്നോ അവന്‍ ഒരു ടാക്സ് പേയര്‍ ആണെന്നോ അല്ലെങ്കില്‍ അവന്‍ ഒരു മുസ്ലിമോ പാകിസ്താനിയോ അല്ലെന്നോ! ഒരു വംശയീയ കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ ആക്രമണങ്ങള്‍ തൊലിയുടെ നിറം നോക്കി മാത്രമായിരിക്കും. അത് പൊതുസ്ഥലങ്ങളിലായാലും സ്കൂളുകളിലോ ജോലിയിലോ കോളേജുകളിലോ ആയാലും !

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇവിടെ പേടികൂടാതെ ജീവിക്കുവാന്‍ ഊര്‍ജം നല്‍കിയത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആധിപത്യം തന്നെയായിരുന്നു. മുസ്ലിമുകള്‍ക്ക് എതിരാണ് എന്ന് പറയുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെയാണ് ഔട്ട്സോഴ്സിംഗ് പ്രോത്സാഹിപ്പിച്ചതും അനേകം വിദേശ രാജ്യങ്ങളില്‍ നിന്നും നഴ്സുമാര്‍ അടക്കമുള്ള അനേകം വിദേശികളെ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുവാന്‍ അവസരങ്ങള്‍ നൽകിയതും. പക്ഷെ അവര്‍ക്ക് ഈ രാജ്യത്തു മാന്യമായി അധ്വാനിച്ചു ജീവിക്കുവാന്‍ സാമൂഹിക സംരക്ഷണം നല്‍കിയത് ഒബാമയുടെയും ഹില്ലരിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടി ആയിരുന്നു.

ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യം സമ്മാനിച്ചുകൊണ്ട് അധികാരത്തില്‍ നിന്ന് പുറത്തുപോയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തുടര്‍ച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിലും വന്‍ പരാജയം നേരിട്ടു. സാമ്പത്തിക മാന്ദ്യം ലോകമാകെ ആഞ്ഞടിച്ചപ്പോള്‍ കടപുഴകി വീണ ലോകരാജ്യങ്ങളെയടക്കം കരയ്ക്കടുപ്പിക്കുവാന്‍ ഒബാമ ഭരണകൂടത്തിനു കഴിഞ്ഞു. അമേരിക്കയുടെ തകര്‍ച്ച ലോകത്തിന്റെ തകര്‍ച്ചയാണെന്ന് ലോകം മനസിലാക്കുകയും ചെയ്ത ഒരു തിരിച്ചു വരവായിരുന്നു അത്. (പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ മന്മോഹന്‍ സിംഗ് ഭരിച്ച ഭാരതം മാത്രം സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപെട്ടു എന്നത് ചരിത്രം).

അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ നയന്‍ ഇലവനു (9/11) ശേഷം ലോകത്തെ ആകമാനം ബാധിച്ച മുസ്ലിം തീവ്രവാദത്തെ വേരോടെ ഇല്ലാതാക്കുവാന്‍ ഒബാമ ഭരണകൂടം നടത്തിയ ഇടപെടലുകള്‍, ഒഴുക്കിയ ചോരപ്പുഴകള്‍, ഇന്നും തുടരുന്ന ചിതറിച്ചു കളയുവാനും ഇല്ലായ്മ ചെയ്യുവാനും തീവ്രവാദത്തെ വളര്‍ത്തുന്ന രാജ്യങ്ങളെ ഇല്ലാതാക്കുവാനും ഇന്നും ആയിരക്കണക്കിന് തീവ്രവാദികളെ ലോകമെങ്ങും മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ബിന്‍ ലാദന്‍ അടക്കമുള്ള കൊടുംതീവ്രവാദികളെ പിടികൂടി വധിക്കുവാനും അതുവഴി ലോകത്തു ജിഹാദികള്‍ അടക്കം ഉയര്‍ത്തുന്ന തീവ്രവാദം ഇല്ലാതാക്കുവാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന യുദ്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ കാലഘട്ടത്തില്‍, അതിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ ഹില്ലരിയെ മുസ്ലിമുകളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ തള്ളിപ്പറയുന്നത് കാണുമ്പോള്‍ ചിരിക്കുന്നത് ട്രംപ് ആണെന്നത് വാസ്തവം.

കാരണം ട്രംപ് എന്ന് പറയുന്നത് ഒരു കാലുമാറ്റക്കാരന്റെയും കൂറ് മാറ്റക്കാരന്റെയും പ്രതിരൂപമാണ് എന്നതാണ്. ഇന്ന് പറയുന്നതെല്ലാം നാളെ തിരുത്തി പറഞ്ഞേയ്ക്കാം കാരണം, ഔട്ട്സോഴ്സിംഗ് നിരോധിക്കണം എന്ന് പറയുന്ന അതെ വ്യക്തി സ്വന്തം പേരിലുള്ള ട്രംപ് ബ്രാന്‍ഡ് തുണിത്തരങ്ങള്‍ നിര്‍മിച്ചു ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണെന്നത് വിരോധാഭാസം. നിരവധി ബാങ്ക്‌റപ്സികള്‍, ടാക്സ് കൊടുക്കാതിരിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു ദോഷം ചെയ്യുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്ന ട്രംപ് എങ്ങനെ നാളെ രാജ്യത്തിന് ഉപകാരപ്പെടും എന്ന് അയാളെ പിന്തുണയ്ക്കുന്നവര്‍ മനസിലാക്കുന്നില്ല ! അമേരിക്കയെ പിന്തുണയ്ക്കുകയാണെന്നു പറഞ്ഞു ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുന്ന ചില രാജ്യങ്ങള്‍ ലോക പോലീസിന്റെ തകര്‍ച്ച മുന്നില്‍ കണ്ടു രഹസ്യമായി ചിരിക്കുകയാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്.

ക്രിസ്തുവിനെ വേണമോ അതോ ബറാബാസിനെ വേണമോ എന്നുള്ള ന്യായാധിപന്റെ ചോദ്യത്തിന് മറുപടിയായി ബറാബാസിനെ വിട്ടു തരിക ക്രിസ്തുവിനെ ക്രൂശിക്കുക എന്ന് പറഞ്ഞവരുടെ നിലവാരത്തിലേക്ക് ചില വിഭാഗങ്ങളും എത്തുന്നു എന്നത് വളരെ ദുഖകരം!

എന്തായാലും എലിയെ പേടിച്ചു ഇല്ലം ചുടേണ്ട അവസ്ഥ ഒന്നും ഇന്ന് അമേരിക്കയ്ക്ക് ഇല്ല എന്നും, സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകാതിരിക്കുവാന്‍ ഓരോ മലയാളി അമേരിയ്ക്കനും ബാധ്യതയുണ്ടെന്നും ഓര്‍ത്തു കൊള്ളുക.. വോട്ട് ചെയ്യുക !


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മലയാളിയും അമേരിക്കന്‍ രാഷ്ട്രീയവും !”

  1. Friend says:

    നമ്മുടെ സുഹൃത്ത് പറയുന്നത് കേട്ട് ഒബാമ കയറ് കഴുത്തിൽ കെട്ടി തൂങ്ങി ചാവാൻ ആഹ്രഹമില്ലാത്തതുകൊണ്ടും അമേരിക്കയില്‍ റെഫ്യൂജീസ് നെയ് കൊണ്ട് നിറക്കാന്‍ പദ്ധതി ഇടുന്ന ഹില്ലരിയെയും കുടുംബത്തെയും വൈറ്റ്ഹൗസില്‍ താമസിപ്പിക്കാതിരിക്കാനും വോട്ട് ഫോർ ട്രംപ്.

    Please vote for TRUMP. We want a safe place to live. We want our next generation to say America is Great. VOTE FOR TRUMP

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top