സാമ്പത്തിക അടിയന്തരാവസ്ഥ; 500, 1000 രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കി, ബാങ്കുകളും എ.ടി.എമ്മുകളും അടച്ചിടുന്നു

New Delhi: TV Grab- Prime Minister Narendra Modi gestures as he addresses to the nation in New Delhi on Tuesday. PTI Photo/ Courtesy DD(PTI11_8_2016_000315B)
New Delhi: TV Grab- Prime Minister Narendra Modi gestures as he addresses to the nation in New Delhi on Tuesday. PTI Photo/ Courtesy DD(PTI11_8_2016_000315B)

ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് സാമ്പത്തിക അടിയന്തരാവസ്ഥക്കുതുല്യമായ നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതിന്‍െറ ഭാഗമായി 500, 1000 രൂപ കറന്‍സി നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഈ നോട്ടുകളുടെ പതിവു വിനിമയം തടഞ്ഞു. ബാങ്കുകള്‍ ബുധനാഴ്ച അടച്ചിടും. എ.ടി.എമ്മുകള്‍ ബുധനും വ്യാഴവും പ്രവര്‍ത്തിക്കില്ല. പോസ്റ്റോഫീസുകളിലും ട്രഷറികളിലും സഹകരണ ബാങ്കുകളിലും മറ്റും ബുധനാഴ്ച സാമ്പത്തിക ഇടപാട് ഉണ്ടാവില്ല.

ഇപ്പോള്‍ കൈവശമുള്ള 500, 1000 നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള 50 ദിവസങ്ങള്‍ക്കിടയില്‍ ബാങ്ക്, പോസ്റ്റോഫിസ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. ചെക്ക്, ഡ്രാഫ്റ്റ്, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ എന്നിവ വഴിയുള്ള പണമിടപാടുകള്‍ക്ക് തടസമില്ല.

downloadകള്ളനോട്ട്, കള്ളപ്പണം, ഹവാല, ബിനാമി തുടങ്ങിയ അധോലോക ഇടപാടുകള്‍ ഭീകരപ്രവര്‍ത്തനത്തിനുവരെ സാമ്പത്തിക സഹായം നല്‍കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനം പ്രഖ്യാപിച്ചത്. കള്ളപ്പണവും വ്യാജനോട്ടും അഴിമതി പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്‍െറയും പാവപ്പെട്ടവന്‍െറയും കൈയിലുള്ള 500, 1000 രൂപ നോട്ടുകളുടെ മൂല്യം സര്‍ക്കാര്‍ സംരക്ഷിക്കും. ഇത് ബാങ്കുകളിലും പോസ്റ്റോഫിസുകളിലും നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ട്. അതുകഴിഞ്ഞാല്‍ സ്വന്തം സത്യവാങ്മൂലം നല്‍കി റിസര്‍വ് ബാങ്കില്‍ നല്‍കിയും പണം മാറ്റിയെടുക്കാം.

അടിയന്തരാവശ്യമുള്ളവര്‍ക്ക് ബാങ്ക്, പോസ്റ്റോഫിസുകളില്‍ എത്തി ആധാര്‍, വോട്ടര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം.

നവംബര്‍ 10 മുതല്‍ 24 വരെ പരമാവധി 4,000 രൂപ വരെ ഇങ്ങനെ മാറ്റിവാങ്ങാം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ ഈ പരിധി ഉയര്‍ത്തും.

രണ്ടു ദിവസത്തേക്ക് അടച്ചിടുന്ന എ.ടി.എമ്മുകള്‍ വീണ്ടും തുറക്കുമ്പോള്‍ പരമാവധി പിന്‍വലിക്കാവുന്ന തുക കാര്‍ഡൊന്നിന് 2,000 രൂപയായിരിക്കും. ഈ പരിധി പിന്നീട് ഉയര്‍ത്തി നിശ്ചയിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് 5,000 രൂപ വരെയുള്ള 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം.

ആശുപത്രിച്ചെലവ്, യാത്രകള്‍ തുടങ്ങി മാനുഷിക പരിഗണന ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ 11 വരെ മറ്റൊരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ 500, 1000 രൂപ നോട്ടുകള്‍ ഈ ദിവസങ്ങളില്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഫാര്‍മസികളും ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ നോട്ട് എടുക്കും. റെയില്‍വേ, വിമാന ടിക്കറ്റ് ബുക്കിങ്ങിനും പണം സ്വീകരിക്കും.

പെട്രോള്‍ പമ്പുകളിലും ഗ്യാസ് സ്റ്റേഷനിലും 500, 1000 രൂപ നോട്ടുകള്‍ നവംബര്‍ 11വരെ നല്‍കാം. പാല്‍ ബൂത്തുകള്‍, സഹകരണ സ്റ്റോറുകള്‍, സര്‍ക്കാര്‍ നിയന്ത്രണമുള്ള പലവ്യഞ്ജന കടകള്‍, സംസ്കാര സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഈ നോട്ടുകള്‍ സ്വീകരിക്കും. എന്നാല്‍, സ്ഥാപനങ്ങള്‍ സ്റ്റോക്ക് രജിസ്റ്റര്‍ കണിശമായി സൂക്ഷിക്കണം.

പുതിയ സീരീസിലും സുരക്ഷ മാനദണ്ഡങ്ങളിലുമുള്ള 500, 1000 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറക്കും. 2,000 രൂപയുടെ നോട്ടും ഇറക്കുന്നുണ്ട്.

500-rupee-new-noters1000_b2000-rupee-new-note

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment