Flash News

ചാരവൃത്തി നടത്തിയതായി പാക്കിസ്ഥാന്‍ ആരോപിക്കുന്ന മൂന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു

November 8, 2016

yamuna-world-culture-festivald_0165eed2-a586-11e6-8311-ecdc6071292fഇസ്ലാമാബാദ്: ചാരവൃത്തി നടത്തിയതായി പാക്കിസ്ഥാന്‍ ആരോപിക്കുന്ന മൂന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരായ അനുരാഗ് സിംഗ്, വിജയ് കുമാര്‍, മാധവന്‍ നന്ദകുമാര്‍ എന്നിവരെയാണ് തിരിച്ചുവിളിച്ചത്.

കഴിഞ്ഞ ആഴ്ച ഒരുപറ്റം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാനില്‍ തീവ്രവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പാക് വിദേശകാര്യ ഉദ്യോഗസ്ഥന്‍ നഫീസ് സകരിയ ആരോപിച്ചിരുന്നു. എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളായ ഐ.ബിയുമായും റോയുമായും ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. ഇവരുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോടെ പാക്കിസ്ഥാനില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് തിരിച്ചു വിളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ചാരപ്രവര്‍ത്തനം നടത്തിയ ആറ് പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥരുടെ പേര് നേരത്തെ ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ പാകിസ്താന്‍ തിരിച്ചുവിളിക്കുകയുമുണ്ടായി.

അതേസമയം, ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിംഗിനെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ വീണ്ടും വിളിച്ചുവരുത്തി. ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയതായി ആരോപിച്ച് പ്രതിഷേധം അറിയിക്കാനാണ് വിളിച്ചു വരുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചാം തവണയാണ് ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചുവരുത്തുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ സ്ത്രീയടക്കം മൂന്നു സിവിലിയന്മാര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ചൈനയുമായുള്ള പാകിസ്താന്റെ സാമ്പത്തിക ഇടനാഴി അട്ടിമറിക്കുന്നതിനും രാജ്യത്ത് അരാജകത്വം വളര്‍ത്താനും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ മോശമായി കാണിക്കുന്നതിന് വേണ്ടി വിവിധ നെറ്റ്‌വര്‍ക്കുകള്‍ ഉണ്ടാക്കുന്നുവെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കറിയ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മെഹമ്മൂദ് അക്തറിനെ പിടികൂടിയതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനായ സുര്‍ജീത് സിംഗിനെ പാകിസ്താന്‍ അനഭിമതനായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, തങ്ങളുടെ ആറ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇന്ത്യയില്‍ പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി തന്നെക്കൂടാതെ 16 ലധികം പാക് നയതന്ത്ര ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായി പിടിയിലായ പാക് ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top