Flash News

കരുതലോടെ ലോകരാഷ്ട്രങ്ങള്‍ ട്രംപിനെ വരവേല്‍ക്കുന്നു

November 10, 2016

28trumpbelgium-web2-facebookjumboവാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്‍െറ അപ്രതീക്ഷിത ജയം ആഗോളരാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കും. അമേരിക്കയുടെ അന്താരാഷ്ട്ര ഇടപെടലുകളില്‍ അടിമുടി മാറ്റം ഉറപ്പുനല്‍കുന്ന ഒരു പ്രസിഡന്‍റിനെ രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമായാണ് അമേരിക്കന്‍ ജനത തെരഞ്ഞെടുക്കുന്നത്. സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ ഊന്നുകയും ലോകത്തെ അതിന്‍െറ പാട്ടിനുവിടുകയും ചെയ്യുന്ന ഒരു അമേരിക്കയുടെ ഉദയമാണ് ട്രംപിന്‍െറ വരവോടെ സാക്ഷാത്കരിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

യൂറോപ്പും ഏഷ്യയും പശ്ചിമേഷ്യയുമെല്ലാം സഖ്യകക്ഷികളെ പരസ്പരം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ വ്യാപാരപങ്കാളികളും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ ട്രംപിന്‍െറ വരവ് എങ്ങനെ സ്വാധീനിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുമ്പെങ്ങുമില്ലാത്ത ആകാംക്ഷയോടെയാണ് ലോകം വീക്ഷിച്ചത്.

റഷ്യയൊഴിച്ചുള്ള രാജ്യങ്ങള്‍ക്ക് പ്രിയങ്കരിയായിരുന്നു ഹിലരി ക്ളിന്‍റന്‍. അമേരിക്കയുടെ വിദേശനയവുമായി ബന്ധപ്പെട്ട ശരിയായ വ്യക്തി ട്രംപിനേക്കാള്‍ ഹിലരിയാണെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് 15 രാജ്യങ്ങളില്‍ പ്യൂ റിസര്‍ച് സെന്‍റര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും സഖ്യകക്ഷികള്‍ക്കും വിശ്വസിക്കാവുന്ന രാജ്യമായി അമേരിക്ക തുടരുമോയെന്ന ചോദ്യമാണ് ട്രംപ് ഉയര്‍ത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ യൂറോപ്യന്‍, പശ്ചിമേഷ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തങ്ങളുടെ അമേരിക്കന്‍ സഖ്യം പുനര്‍നിര്‍വചിക്കേണ്ടിവരും.

വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക സന്നാഹങ്ങളെയാണ് ഇത് അതിവേഗം സ്വാധീനിക്കുക. ഏഴു ദശാബ്ദത്തിലേറെയായി ജര്‍മനിയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. ലോക യുദ്ധാനന്തരം അമേരിക്കന്‍ ആണവായുദ്ധങ്ങളും സൈനിക സന്നാഹവും പാശ്ചാത്യലോകത്തെയും പിന്നീട് മധ്യ യൂറോപ്പിനെയും അണിയിച്ച കവചം എടുത്തുമാറ്റപ്പെടുകയും യൂറോപ്പിന്‍െറ സുരക്ഷ സ്വന്തം ചുമലിലേക്ക് മാറ്റപ്പെടുകയുമാണ് എന്നായിരുന്നു ജര്‍മന്‍ ജേണലിസം പ്രഫസര്‍ ഹെന്‍റിക് മുള്ളറുടെ പ്രതികരണം.

ട്രംപിന്‍െറ തെരഞ്ഞെടുപ്പ് അമേരിക്കയും യൂറോപ്പും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യങ്ങള്‍ക്കായുള്ള ജര്‍മന്‍ പാര്‍ലമെന്‍ററി കമ്മിറ്റി ചെയര്‍മാന്‍ നോര്‍ബര്‍ട്ട് റോട്ട്ഗണ്‍ പറയുന്നു. മെക്സികോയാണ് ട്രംപിന്‍െറ വരവ് ഏറ്റവും ആശങ്കയോടെ കാണുന്നത്. കോടിയിലേറെ വരുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്നും യു.എസ്-മെക്സികോ അതിര്‍ത്തിയില്‍ മതില്‍പണിയുമെന്നുമുള്ള ട്രംപിന്‍െറ പ്രഖ്യാപനം അന്തരീക്ഷത്തിലുണ്ട്.

കാനഡയും ചൈനയും കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് മെക്സികോ. നിരവധി അമേരിക്കന്‍ ഉല്‍പന്നങ്ങളാണ് മെക്സികോയിലെ ഫാക്ടറികളില്‍ നിര്‍മിക്കപ്പെടുന്നത്. 50 ലക്ഷം അമേരിക്കന്‍ ജോലികള്‍ മെക്സികോയുമായുള്ള വ്യാപാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. യു.എസ് തെരഞ്ഞെടുപ്പിനുശേഷം മെക്സികന്‍ പെസോയുടെ മൂല്യത്തില്‍ 13 ശതമാനത്തിന്‍െറ ഇടിവാണുണ്ടായത്. ദശാബ്ദത്തിലെ ഏറ്റവുംവലിയ ഇടിവ്. റഷ്യയും ഇസ്രായേലുമാണ് ട്രംപിന്‍െറ വിജയത്തെ പ്രതീക്ഷയോടെ കാണുന്ന ചുരുക്കം രാജ്യങ്ങളില്‍ ചിലത്.

ശീതയുദ്ധത്തിനുശേഷം റഷ്യ ഇത്ര ആവേശപൂര്‍വം വീക്ഷിച്ച മറ്റൊരു യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. ഏഷ്യയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്‍െറ ഉറപ്പ് ചൈനയും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ട്. ഇത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥ തകിടംമറിക്കുമെന്ന് ചൈന ആശങ്കപ്പെടുന്നു. യു.എസ് സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ ജപ്പാനും ദക്ഷിണ കൊറിയയും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഷാങ്ഹായ് ഫുദാന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഷെന്‍ ദിന്‍ഗ്ളി പറയുന്നു. ഇത് ചൈനക്ക് ഗുണകരമാകില്ല. ചുരുക്കത്തില്‍ ഏഷ്യ, യൂറോപ്പ് മേഖല രാഷ്ട്രങ്ങള്‍ ട്രംപിന്‍െറ വരവിനെ ഒട്ടൊക്കെ ആശങ്കയോടെയാണ് കാണുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top