സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്ന് തോമസ് ഐസക്

T._M._Thomas_Isaacതിരുവനന്തപുരം: നോട്ട് നിയന്ത്രണം സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്നും ഡിസംബര്‍ 30 വരെ പ്രയാസം നീളുമെന്നും മന്ത്രി ഡോ. തോമസ് ഐസക്. ഏതാനും ദിവസംകൊണ്ട് ഇതു ശരിയാകില്ല. നോട്ടുകള്‍ അച്ചടിച്ചിട്ടില്ളെന്ന് വേണം കരുതാന്‍. നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വേണമായിരുന്നു.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്‍െറ വിലയാണിതെന്ന നാട്യങ്ങള്‍ക്ക് നിലനില്‍പില്ളെന്നും അദ്ദേഹം പറഞ്ഞു. പഴയ നോട്ടുകള്‍ റദ്ദാക്കാന്‍ ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയിരുന്നെങ്കിലും ഇതേ ലക്ഷ്യങ്ങള്‍ കൈവരിക്കാമായിരുന്നു. കള്ളനോട്ടുകള്‍ മുഴുവന്‍ പുറത്താകും. കള്ളപ്പണം നിയമാനുസൃതമാക്കാന്‍ നിര്‍ബന്ധിതമാകും. 500, 1000 രൂപ നോട്ടിന്‍െറ സ്രോതസ്സ് പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കുകയും ചെയ്യാം. ഇതിനു തുനിയാതെ ഇപ്പോള്‍ സ്വീകരിച്ച നടപടി ജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമല്ല, സാമ്പത്തിക തിരിച്ചടിയും ഉണ്ടാക്കും. പണത്തിന്‍െറ ലഭ്യത കുറയുന്നതും ഡിസംബര്‍ 30 വരെ സാധാരണഗതിയിലെ ക്രയവിക്രയം കുറയുന്നതും സാമ്പത്തികമാന്ദ്യം രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അകാരണമായി കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. കള്ളപ്പണത്തിന്‍െറ സിംഹഭാഗവും വിദേശത്താണ്. 1,16,000 കോടി ബാങ്ക് വായ്പ എടുത്തിട്ട് മടക്കി നല്‍കാത്തവരുടെ പേരുപോലും പറുത്തു പറയുന്നില്ല. സ്വന്തം ബാങ്ക് അക്കൗണ്ടിലെ പണത്തില്‍ ആഴ്ചയില്‍ 4000 രൂപയോ പരമാവധി 20,000 രൂപയിലോ കൂടുതല്‍ പിന്‍വലിക്കാനാകില്ല.

സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര നികുതി വിഹിതമായി ഈ ആഴ്ച നല്‍കേണ്ട 453 കോടി രൂപ വെട്ടിക്കുറച്ചു. 296 കോടി രൂപയുടെ റവന്യുകമ്മി ഗ്രാന്‍റും നല്‍കിയില്ല. നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇതിനു പരിഹാരം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. കള്ളപ്പണത്തിന്‍െറ കാര്യത്തില്‍ ചെറിയ അളവില്‍ മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. വിദേശത്തെ കള്ളപ്പണവും ഭൂമി, സ്വര്‍ണം തുടങ്ങിയവയില്‍ നിക്ഷേപിച്ച കള്ളപ്പണവും വലയില്‍പെടില്ല. 1977 ല്‍ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യമല്ല ഇന്ന്. കൂടുതല്‍ സാധാരണക്കാര്‍ 500 രൂപ നോട്ട് ഉപയോഗിക്കുന്നു. 1977 ലെ 20 രൂപയുടെ മൂല്യം മാത്രമാണ് ഇപ്പോള്‍ 500 രൂപക്ക്. ഇപ്പോള്‍ സ്വീകരിച്ച നടപടി ജനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment