അമൃതയുടെ ശബരിമല ശുചീകരണം പൂര്‍ത്തിയായി

photo-1ശബരിമല: മാതാ അമൃതാനന്ദമയി മഠത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുടര്‍ന്ന് വന്ന അമല ഭാരതം ശുചീകരണയജ്ഞം ഇന്നലെ നടന്ന പമ്പയും പരിസരപ്രദേശങ്ങളും ശുചീകരിച്ചതോടെ പൂര്‍ത്തിയായി. മണ്ഡലകാലത്തിനു മുന്നോടിയായി മഠത്തിന്‍റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പതിനൊന്നാം തവണയാണ് ആവര്‍ത്തിക്കപ്പെട്ടത്.

വെള്ളിയാഴ്ച ആരംഭിച്ച ഈ ശുചീകരണയജ്ഞത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിദേശികളടക്കമുള്ള അമ്മ ഭക്തരും ആശ്രമ അന്തേവാസികളും അമൃത സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥിവിദ്യാര്‍ഥിനികളടക്കം രണ്ടായിരത്തിലധികം സന്നദ്ധ സേവകരാണ് ഒന്നിച്ചണിചേര്‍ന്നത്.

മരക്കൂട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി , സന്നിധാനം, പമ്പയും പരിസരപ്രദേശങ്ങളും തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന മാലിന്യങ്ങളെല്ലാം വേര്‍തിരിച്ചു സംഭരിച്ച് മാലിന്യ സംഭരണ കേന്ദ്രങ്ങളിലെത്തിക്കുകയും ചെയ്തു.

സമാപന ദിനത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്ഥലം എം പി ആന്‍റൊ ആന്‍റണി ഉത്ഘാടനം ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യ അതിഥി ആയിരുന്നു. ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് അനുഎസ് നായര്‍, പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ സജി, ഡെപ്യൂട്ടി കളക്ടര്‍ ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മഠത്തിനെ പ്രതിനിധീകരിച്ചു സ്വാമി അനഘാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങിനുശേഷം സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ആന്‍റൊ ആന്‍റണിയും, പ്രയാര്‍ ഗോപാലകൃഷ്ണനും, ബീനാ സജിയും മാലിന്യം സംഭരിക്കാന്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചു. ആന്‍റൊ ആന്‍റണി മാധ്യമ പ്രവര്‍ത്തകരോടും മഠം എല്ലാവര്‍ഷവും നടത്തിവരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായി അറിയിച്ചു.

photo-2

Print Friendly, PDF & Email

Leave a Comment