നടന്‍ മധുവിന് എന്‍.എന്‍. പിള്ള പുരസ്കാരം സമ്മാനിച്ചു

award-to-madhuതൃക്കരിപ്പൂര്‍: കോറസ് കലാസമിതിയുടെ അഞ്ചാമത് എന്‍.എന്‍. പിള്ള സ്മാരക സംസ്ഥാന പ്രഫഷനല്‍ നാടകോത്സവത്തിന് തിരിതെളിഞ്ഞു. കുട്ടമത്ത് മലബാര്‍ വി. രാമന്‍ നായര്‍ ഗ്രന്ഥാലയത്തില്‍ നൂറുകണക്കിന് കായികതാരങ്ങള്‍ എത്തിച്ച നാടകജ്യോതി എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, എം. രാജഗോപാലന്‍, നടന്‍ മധു എന്നിവര്‍ കളിവിളക്കിലേക്ക് പകര്‍ന്നതോടെയാണ് എട്ടു ദിവസം നീളുന്ന നാടകോത്സവത്തിന് കൊടിയേറിയത്.

22വരെയുള്ള ദിവസങ്ങളില്‍ എട്ടു മത്സരനാടകവും ഒരു പ്രദര്‍ശനനാടകവും അരങ്ങേറും. നാടകോത്സവം ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഥമ എന്‍.എന്‍. പിള്ള സ്മാരകപുരസ്കാരം ഇ.പി. ജയരാജന്‍ എം.എല്‍.എ നടന്‍ മധുവിന് സമ്മാനിച്ചു. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ടി.വി. ഗോവിന്ദന്‍, ടി.വി. ശ്രീധരന്‍, വാസു ചോറോട് എന്നിവര്‍ സംസാരിച്ചു. ടി.വി. ബാലന്‍ സ്വാഗതവും കെ.വി. സുരേഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കൊല്ലം കാളിദാസയുടെ മായാദര്‍പ്പണ്‍ നാടകം അരങ്ങേറി. ചൊവ്വാഴ്ച അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകമേ ഉലകം നാടകം അവതരിപ്പിക്കും. എല്ലാ ദിവസവും പന്തല്‍ ചര്‍ച്ചയുണ്ടാകും. കളിവിളക്കും തെളിക്കും. സമാപനദിവസം സൗഹൃദസദ്യയും നടക്കും. ഒ.എന്‍.വി, കലാഭവന്‍ മണി, കാവാലം നാരായണപണിക്കര്‍ എന്നിവരുടെ അനുസ്മരണവും വിവിധമേഖലയില്‍ കഴിവുതെളിയിച്ചവരെയും അനുമോദിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment