സിനിമക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥിനിയുടെ ആഭരണം കവര്‍ന്നവര്‍ പിടിയില്‍

hqdefaultകോഴിക്കോട്: സിനിമക്കാരാണെന്നു പറഞ്ഞ് വിദ്യാര്‍ഥിനിയില്‍നിന്ന് സ്വര്‍ണാഭരണം കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍. പൊന്നാനി പള്ളിപറമ്പില്‍ അഫ്നാസ് (29), കോട്ടയം ചേരിക്കല്‍ സുഭിതമോനി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പഠനത്തിന്‍െറ ഭാഗമായി ‘എന്ന് സ്വന്തം മൊയ്തീന്‍’ എന്ന സിനിമയിലെ കഥാപാത്രം മുക്കം സ്വദേശിനി കാഞ്ചനമാലയെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിന് കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ കോഴിക്കോട്ടേക്ക് വരുകയായിരുന്ന വിദ്യാര്‍ഥിനിയില്‍നിന്നാണ് ഇവര്‍ ഒരു പവന്‍ ആഭരണം കവര്‍ന്നത്. തിരുവനന്തപുരം കല്ലറ ആതിര ഭവനില്‍ ആര്യ (19)യുടെ സ്വര്‍ണാഭരണമാണ് തട്ടിയെടുത്തത്. സഹയാത്രികയായ ആര്യയോട് തങ്ങള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കവര്‍ച്ച. കൂടുതല്‍ സൗഹൃദത്തിലായ ഇവര്‍ ട്രെയിന്‍ യാത്രക്കിടെ പരാതിക്കാരിയുടെ കഴുത്തില്‍നിന്ന് മാല തട്ടിയെടുക്കുകയായിരുന്നു.

ആര്യയുടെ പരാതിയില്‍ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്ളാറ്റ്ഫോമിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍െറ സഹായത്തോടെ ഇരുവരെയും തിരിച്ചറിയുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പരശുറാം എക്സ്പ്രസില്‍നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. മോഷ്ടിച്ച മാല തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വില്‍പന നടത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment