മുറിയില്‍ വന്നാല്‍ പണം നല്‍കാമെന്ന് എസ്.ഐ പറഞ്ഞതായി വീട്ടമ്മ ഫേസ്ബുക്കില്‍; നിഷേധവുമായി പൊലീസ്

14956508_1805410269705885_2874416245076529910_nതൊടുപുഴ: സ്റ്റേഷനില്‍ പരാതിയുമായി എത്തിയ തന്നോട് എസ്.ഐ മോശമായി പെരുമാറിയെന്നും ഇതിനെത്തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആരോപണത്തില്‍ കഴമ്പില്ളെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വീട്ടമ്മക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ഒരുങ്ങുന്നു. എന്നാല്‍, എല്ലാ തെളിവുമുണ്ടെന്നും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് അറിയിച്ചു.

കോതമംഗലം നെല്ലിമറ്റത്ത് താമസിക്കുന്ന തൊടുപുഴ പാറക്കടവ് സ്വദേശിയാണ് തൊടുപുഴ എസ്.ഐക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. സുഖമില്ലാത്ത ഭര്‍ത്താവിനെ തൊടുപുഴ എസ്.ഐ ഇടിച്ച് കോലഞ്ചേരി ആശുപത്രിയില്‍ ആക്കിയതായി പോസ്റ്റില്‍ പറയുന്നു. നവംബര്‍ 10ന് തൊടുപുഴ നഗരത്തിലെ കടയില്‍ ഭര്‍ത്താവിനൊപ്പം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ചെയ്യാന്‍ കയറി. അവിടെയുണ്ടായിരുന്ന 50 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ തന്നോട് അശ്ളീലച്ചുവയോടെ സംസാരിച്ചു. ബഹളം വെച്ചപ്പോള്‍ അടുത്തുണ്ടായിരുന്നവര്‍ പൊലീസിനെ വിളിച്ചു. തന്നെയും ഭര്‍ത്താവിനെയും കടക്കാരനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെച്ചെന്നപ്പോള്‍ കടക്കാരനെ കസേരയിട്ട് ഇരുത്തിയ എസ്.ഐ തന്നോട് മുറിയില്‍ വന്നാല്‍ പണം തരാമെന്ന് പറഞ്ഞു. ഇത് ചോദ്യംചെയ്ത ഭര്‍ത്താവിനെ എസ്.ഐയും മറ്റ് എട്ട് പൊലീസുകാരും ചേര്‍ന്ന് മര്‍ദിച്ചു. സ്റ്റേഷനില്‍നിന്ന് തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ജീപ്പില്‍വെച്ചും മര്‍ദിച്ചതായും രണ്ടുദിവസം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് പറഞ്ഞു.

പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി പറഞ്ഞു. പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കണമെന്ന് സ്പെഷല്‍ ബ്രാഞ്ച് ജില്ല പൊലീസ് മേധാവിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

സ്റ്റേഷനില്‍ വീട്ടമ്മയോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഭര്‍ത്താവ് ബഹളം വെക്കുകയും സ്റ്റേഷനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ എത്തിക്കുകയുമാണ് ചെയ്തതെന്ന് ആരോപണവിധേയനായ എസ്.ഐ പറഞ്ഞു. ആരോപണങ്ങള്‍ പൂര്‍ണമായും വാസ്തവവിരുദ്ധമാണ്. അവരോട് മോശമായി സംസാരിക്കുകയോ ഭര്‍ത്താവിനെ മര്‍ദിക്കുകയോ ചെയ്തിട്ടില്ല. സംഭവദിവസം രാത്രി വീട്ടമ്മ തന്നെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെടുകയും നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയുമായിരുന്നു. വീട്ടമ്മക്കെതിരെ വകുപ്പ്തലത്തില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും എസ്.ഐ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment