ഗായകന്‍ യേശുദാസിന്‍െറ ശബ്ദം ആദ്യമായി ലേഖനം ചെയ്യപ്പെട്ട ദിനത്തിന്‍െറ ഓര്‍മ പുതുക്കി

yesudas-speechആലപ്പുഴ: ഗായകന്‍ യേശുദാസിന്‍െറ ശബ്ദം ആദ്യമായി ലേഖനം ചെയ്യപ്പെട്ട ദിനത്തിന്‍െറ ഓര്‍മ പുതുക്കി. 1961 നവംബര്‍ 14 നാണ് മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ അദ്ദേഹത്തിന്‍െറ ശബ്ദം ആദ്യമായി ലേഖനം ചെയ്തത്. ശ്രീനാരായണ ഗുരുവിന്‍െറ ‘ജാതിഭേദം മതദ്വേഷം’ എന്ന ശ്ളോകം എം.ബി. ശ്രീനിവാസന്‍െറ സംഗീത സംവിധാനത്തിലാണ് പാടിയത്. കെ.എസ്. ആന്‍റണി സംവിധാനം ചെയ്ത ‘കാല്‍പാടുകള്‍’ എന്ന ചിത്രത്തിലൂടെ ആ സിനിമ സംഗീത ജീവിതയാത്ര തുടങ്ങുകയായിരുന്നു. ആലപ്പുഴ പിള്ളയാര്‍ കോവില്‍ ക്ഷേത്രത്തില്‍ ആയുര്‍വേദ ആയുര്‍മിഷന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന ഒൗഷധസസ്യ പദ്ധതിയായ നൈമിഷ്യാരണത്തിന്‍െറ ഉദ്ഘാടനചടങ്ങില്‍ അദ്ദേഹം ആ അനുഭവം വിവരിച്ചു.

എന്ത് സംഭവിക്കുന്നുവെന്ന് നിശ്ചയിക്കുന്ന ശക്തിയാണ് നമ്മളെ നയിക്കുന്നത്. ഒന്നും നമുക്ക് അറിയില്ളെങ്കിലും അറിയേണ്ടത് അറിയിക്കേണ്ട സമയത്ത് അറിയിക്കുന്ന ശക്തിയെയാണ് ആദരിക്കേണ്ടത്. മനുഷ്യന്‍െറ നന്മക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ നമ്മള്‍ നശിപ്പിച്ചു. അതില്‍പെട്ടതാണ് ഒൗഷധസസ്യങ്ങള്‍. ആയുര്‍വേദം ഒരു ചികിത്സാരീതിയല്ല. ഒരു ജീവിതക്രമമാണ്. ഒരിക്കല്‍ കാനഡയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകുമ്പോള്‍ ഡ്രൈവറായിരുന്ന സിലോണ്‍ സ്വദേശിയുടെ കൈയിലെ പുസ്തകം തന്‍െറ ശ്രദ്ധയില്‍പെട്ടു. ഓരോ വ്യക്തിയും അവന്‍െറ ബ്ളഡ് ഗ്രൂപ് അനുസരിച്ചുള്ള ആഹാരം കഴിക്കണമെന്നാണ് ഗ്രന്ഥകാരനായ ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അത് തന്‍െറ ജീവിതത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

രാത്രി ചോറായിരുന്നു ഇഷ്ടം. പിന്നീട് അത് ചപ്പാത്തിയായി. എന്നാല്‍, ചപ്പാത്തി കഴിച്ചാല്‍ പുലര്‍ച്ചെ മൂക്കടപ്പ് ഉണ്ടാകുന്നത് പതിവായി. സാധകം ചെയ്യാനും ബുദ്ധിമുട്ടായി. അക്കാലത്താണ് ഈ പുസ്തകം വായിക്കാന്‍ ഇടയായത്. തന്‍െറ ബ്ളഡ് ഗ്രൂപ് അനുസരിച്ച ഭക്ഷണക്രമത്തിലേക്ക് മാറി. ഭക്ഷണരീതിയാണ് എല്ലാ അസുഖങ്ങള്‍ക്കും കാരണമെന്ന് മനസ്സിലായി.

ഗാനാലാപനത്തില്‍ അമിത പ്രയത്നം പറ്റുന്നില്ലെന്ന് പലപ്പോഴും തോന്നിയിരുന്നു. എവിടെയെങ്കിലും സ്വസ്ഥമായി ഒതുങ്ങണമെന്ന് ആലോചിച്ചിരുന്നു. ആയിടക്കാണ് രവീന്ദ്രന്‍ പ്രമദവനം എന്ന പാട്ടുപാടാന്‍ വിളിക്കുന്നത്. സ്ട്രെയിന്‍ ചെയ്യാന്‍ വയ്യെന്ന് പറഞ്ഞെങ്കിലും രവി നിര്‍ബന്ധിച്ചു. ആ പാട്ട് നന്നായി പാടാനായി. ഇതിന് സഹായിച്ചത് ആഹാരരീതിയായിരുന്നു. ഇനിയും പാടിക്കൊണ്ടേയിരിക്കും. ദൈവത്തിന് സമര്‍പ്പിക്കുന്ന ജീവിതമാണ് ഏറ്റവും വലുത്. അതില്‍ അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ല. ഒരിക്കല്‍ അബൂദബി യാത്രക്കിടെ ഒരു മുസ്ലിം സഹോദരന്‍ പരമകാരുണ്യവാനായ ദൈവത്തിന് എല്ലാം സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. അന്ന് അദ്ദേഹം പറഞ്ഞുതന്ന വാക്കുകള്‍ ഏത് കാര്യത്തിന് പോകുമ്പോഴും മനസ്സില്‍ ഓടിയത്തൊറുണ്ടെന്നും യേശുദാസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment