Flash News

ഏക സിവില്‍കോഡ് : ‘വാറുണ്ണി’യാകുന്ന മുസ്‌ലിം നേതാക്കള്‍

November 15, 2016

eka-bannerഗ്രാമത്തില്‍ പുലിയിറങ്ങിയപ്പോള്‍ അതിനെ പിടിക്കാന്‍ രംഗത്തെത്തുന്ന സാഹസികനാണ് വാറുണ്ണി. മമ്മൂട്ടി തകര്‍ത്തഭിനയിച്ച മൃഗയയിലെ കഥാപാത്രം. പുലി നാട്ടുകാര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന് ഭീഷണിയുയര്‍ത്തിയപ്പോള്‍ വാറുണ്ണി ജീവന്‍ പണയം വെച്ച് പുലിയോട് ഏറ്റുമുട്ടാനെത്തുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നാട്ടുകാര്‍ക്ക് രണ്ട് ശത്രുക്കളായി. വാറുണ്ണിയും പുലിയും. അതിന് ഒരളവോളം വാറുണ്ണിയുടെ ‘സ്വാഭാവഗുണവും’ കാരണമായിട്ടുണ്ട്. വാറുണ്ണിക്ക് പാര പണിയാന്‍ നാട്ടില്‍ പലരും രംഗത്തെത്തി. നാട്ടിലെ സകല അലമ്പുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. പുലിയോട് ഏറ്റുമുട്ടി വാറുണ്ണി ചത്താലും കുഴപ്പമില്ല, വാറുണ്ണിയോട് ഏറ്റുമുട്ടി പുലി ചത്താലും കുഴപ്പമില്ല എന്നതായിരുന്നു അവരുടെ ലൈന്‍. രണ്ട് ശത്രുക്കളില്‍ ഒരെണ്ണം കുറഞ്ഞുകിട്ടുമല്ലോ. ഏതാണ്ട് ഇതുപോലെയാണ് ഏക സിവില്‍ കോഡിന് എതിരെ പൊരുതാനിറങ്ങിയ മുസ്‌ലിം സംഘടനാ നേതാക്കളുടെ അവസ്ഥ. താത്വികമായി ഏക സിവില്‍ കോഡിന് എതിരാണ് ഏതാണ്ടെല്ലാ മതനേതാക്കളും പുരോഹിതന്മാരും. ഗ്രാമത്തിലെ മൊത്തം ജനങ്ങള്‍ പുലിക്കെതിരായ പോലെ. അതില്‍ ഹിന്ദുക്കളും മുസ്ലിംകളും കൃസ്ത്യാനികളും സിക്കുകാരും പാഴ്സികളുമെല്ലാമുള്‍പ്പെടും. കാരണം വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങി മതശാസനകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ ഓരോ മതവിശ്വാസിക്കും ഏറെക്കുറെ അവരുടെ മതനിയമങ്ങള്‍ക്കനുനുസരിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതിനനുസരിച്ച് ഓരോ മതവിഭാഗങ്ങള്‍ക്കും വെവ്വേറെ നിയമങ്ങളും ഇന്ത്യയിലുണ്ട്. പക്ഷേ ഏക സിവില്‍കോഡിനെതിരേ യുദ്ധം നയിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് വാറുണ്ണിയുടെ റോളിലെത്തുന്ന മുസ്‌ലിം മതനേതാക്കളാണ്. ബാക്കിയുള്ളവരൊക്കെ വാറുണ്ണിക്ക് പാര പണിയുന്ന തിരക്കിലും. ഞാനൊറ്റക്ക് ചെയ്യേണ്ട പോരാട്ടമാണോ ഇതെന്ന് ഇവിടെ വാറുണ്ണിയാണ് ചിന്തിക്കേണ്ടത്.

ഇന്ത്യയില്‍ മുസ്‌ലിം, കൃസ്ത്യന്‍, പാഴ്സി തുടങ്ങിയ മത വിഭാഗങ്ങള്‍ക്ക് പ്രത്യേകം വിവാഹ നിയമങ്ങളും പിന്തുടര്‍ച്ചാവകാശ നിയമങ്ങളുമുണ്ട്. ഇതില്‍ പെടാത്തവരൊക്കെ ഹിന്ദു വിവാഹ – പിന്തുടര്‍ച്ചാവകാശ നിയമങ്ങളുടെ പരിധിയിലാണ് പെടുക. അതായത് ഹിന്ദു മതത്തിലെ വിവിധ അവാന്തര വിഭാഗങ്ങള്‍, ബുദ്ധ ജൈന സിക്ക് മത വിശ്വാസികള്‍ എന്നിവരും ഹിന്ദു വിവാഹ പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ പരിധിയിൽ പെടും. സിക്ക് മതവിശ്വാസികള്‍ക്ക് പ്രത്യേകമായി ഒരു വിവാഹ നിയമം (ആനന്ദ് വിവാഹ നിയമം) രണ്ടായിരത്തി പന്ത്രണ്ടില്‍ പാസ്സാക്കിയതോടെ അവര്‍ക്ക് അവരുടെ വിശ്വാസപ്രകാരമുള്ള വിവാഹ നിയമവും നടപ്പിലായി. ഒരു മതത്തിന്റേയും നിയമങ്ങള്‍ പിന്തുടരാന്‍ താത്പര്യമില്ലാത്തവര്‍ക്കായി സ്പെഷ്യല്‍ മാരേജ് ആക്ടും (1954) നിലവിലുണ്ട്. ചുരുക്കത്തില്‍ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങള്‍ക്ക് അവരുടെ മതവിശ്വാസ ആചാരങ്ങള്‍ക്കനുസൃതമായ നിയമങ്ങള്‍ വിവാഹ- പിന്തുടര്‍ച്ചാവകാശ മേഖലകളിലുണ്ട്. അതായത് ഇത് മുസ്ലിംകളുടെ മാത്രം വിഷയമല്ല എന്നര്‍ത്ഥം. അതുകൊണ്ടു തന്നെ ഏക സിവില്‍കോഡ് വിഷയത്തില്‍ വരുന്ന ഏത് നിയമനിര്‍മാണവും ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളെ ബാധിക്കുന്നതാകയാല്‍ പൊതുവായ ചര്‍ച്ചകളും സംവാദങ്ങളുമാണ് ഈ വിഷയത്തില്‍ ഉയര്‍ന്നു വരേണ്ടത്.

വിശ്വാസ വൈവിധ്യങ്ങളെ ആദരിക്കുകയും ബഹുസ്വരതയുടെ സൗന്ദര്യത്തെ നിയമപരമായി അംഗീകരിക്കുകയുമാണ് ചില പ്രത്യേക വിഷയങ്ങളില്‍ അതാത്‌ മതവിഭാഗങ്ങളുടെ വിശ്വാസ രീതികള്‍ക്ക് അനുസരിച്ച നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ അവസരമൊരുക്കുക വഴി ഇന്ത്യന്‍ ഭരണഘടന ചെയ്യുന്നത്. അത്തരം നിയമങ്ങളെ സ്ക്രാപ്പ് ചെയ്തുകൊണ്ട് ഏകസിവില്‍കോഡ് വരുന്നതിനെ അനുകൂലിക്കുന്നവര്‍ എല്ലാ മതവിഭാഗങ്ങളിലും വളരെ കുറച്ചേ ഉണ്ടാവൂ. സംഘപരിവാരം പോലും താത്വികമായി ഏകസിവില്‍ കോഡിനെ അംഗീകരിക്കുകയില്ല. ഹിന്ദു ആചാരങ്ങളും നടപടിക്രമങ്ങളും ഒരു പൊതു സിവില്‍കോഡായി വരുന്ന ഘട്ടത്തിലല്ലാതെ അവര്‍ അതിന് പിന്തുണ പ്രഖ്യാപിക്കാനുമിടയില്ല. ഏക സിവില്‍ കോഡിനെതിരെയുള്ള പോരാട്ടം സാമുദായികമായി ചെയ്യേണ്ട ഒന്നല്ല എന്ന് ബോധ്യം വന്നാല്‍ നിലവിലുള്ള നിയമ വ്യവസ്ഥ തുടരുന്നതിന് വേണ്ടി ഇത്തരം ആനുകൂല്യങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന എല്ലാ മതവിശ്വാസികളുടേയും ഒരു കൂട്ടായ്‌മക്ക് ശ്രമിക്കുകയാണ് മുസ്‌ലിം നേതൃത്വം ചെയ്യേണ്ടത്.

stop-triple-talaqഅതോടൊപ്പം മുസ്‌ലിം മതനേതാക്കളും പുരോഹിതന്മാരും കാര്യഗൗരവമായി ചിന്തിക്കേണ്ട മേഖല മറ്റൊന്നാണ്. ശരീഅത്ത് നിയമങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ക്കെതിരെ സമുദായത്തിനകത്ത് നിന്ന് എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നത്. പക്ഷേ ആ ദിശയില്‍ മുസ്‌ലിം നേതാക്കളുടെ ഭാഗത്ത് നിന്ന് മാത്രമല്ല, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഭാഗത്തു നിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല എന്നതാണ് സങ്കടകരമായ വസ്തുത. വൈവാഹിക സംബന്ധമായ മുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച് ഇന്ത്യയില്‍ ഏറെ വിവാദമുയര്‍ത്തിയ ഷാബാനു കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്ന പ്രധാന വസ്തുത ഇത്തരമൊരു വിവാദത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ഇസ്‌ലാമിക നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഷാബാനുവിന്റെ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ സ്വീകരിച്ച ചില സമീപനങ്ങളാണ് എന്നതാണ്. ഷാബാനുവിനെ വിവാഹം കഴിച്ച ഖാന്‍ പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം വിവാഹം കഴിക്കുന്നു. പ്രായം കുറഞ്ഞ മറ്റൊരു പെണ്ണിനെ. അവളും അതേ വീട്ടിലേക്ക് കയറി വരുന്നു. ഷാബാനുവില്‍ ഇതിനകം അഞ്ചു കുട്ടികളുണ്ട്. രണ്ട് ഭാര്യമാരും ഒരുമിച്ചു താമസിക്കുന്നു. ഷാബാനുവിന് അറുപത്തിരണ്ട്‍ വയസ്സുള്ളപ്പോള്‍ അവരേയും കുട്ടികളേയും ഭര്‍ത്താവ് വീട്ടിൽ നിന്ന് പുറത്താക്കുന്നു. മാസം ഇരുന്നൂറ് രൂപയാണ് അവര്‍ക്ക് അദ്ദേഹം ചിലവിന് കൊടുത്തിരുന്നത്. അത് പോലും ലഭിക്കാതായപ്പോഴാണ് ഷാബാനു കോടതിയില്‍ പോകുന്നത്.

പ്രാദേശിക കോടതിയില്‍ നിന്ന് ഷാബാനുവിന് അനുകൂലമായ വിധിയുണ്ടാകുന്നു. ആ വിധിയെ മറികടക്കാനാണ് ഭര്‍ത്താവ് മുഹമ്മദ് ഖാന്‍ ഷാബാനുവിനെ മുത്തലാഖ് ചൊല്ലി സുപ്രിം കോടതിയില്‍ പോകുന്നത്. അതിനെത്തുടര്‍ന്നാണ് ജീവനാംശ സംബന്ധമായ സുപ്രിം കോടതിയുടെ വിവാദ വിധിയുണ്ടാകുന്നതും മുസ്‌ലിംകളുടെ പക്ഷത്ത് പ്രക്ഷോഭകൊടുങ്കാറ്റ് ആരംഭിക്കുന്നതും. ആ വിധിയുടെ ഇസ്‌ലാമിക മാനം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആ വിധിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭര്‍ത്താവിനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്ന മത മേലദ്ധ്യക്ഷന്മാർക്കും വ്യക്തമായ പങ്കുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ചിലവിന് കൊടുക്കാതെ സാമ്പത്തിക കഴിവുകള്‍ ഏറെയുണ്ടായിട്ടും അവരെ തെരുവിലേക്ക് തള്ളിയ ഭര്‍ത്താവാണ് ഒന്നാം പ്രതി. കോടതിയില്‍ നിന്ന് വിധിയുണ്ടായപ്പോള്‍ ആ വിധിയെ മറികടക്കാന്‍ തലാഖ് ചൊല്ലിയതും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി തന്നെ. പറഞ്ഞു വരുന്നത് ഇതാണ്, ഇസ്‌ലാമിക നിയമങ്ങളെ മുസ്‌ലിം പുരുഷന്മാര്‍ തന്നെ പരസ്യമായി വ്യഭിചരിക്കുമ്പോള്‍ ആ വ്യഭിചാരങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന പുരോഹിതന്മാരും സമുദായ നേതൃത്വവുമാണ് ഏകസിവില്‍കോഡിന് വേണ്ടി മുറവിളി കൂട്ടുവാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നത്. ഷാബാനു കേസ് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

triple-talaqമുത്തലാഖ് വിഷയമെടുക്കാം. (മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്നത്) . അങ്ങിനെയൊരു പരിപാടി തന്നെ ഇസ്‌ലാമിലില്ല. വിവാഹ മോചനത്തിന് ഇസ്‌ലാം ധാരാളം മുന്നുപാധികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹ മോചനമാണെന്നാണ് പ്രവാചകന്‍ പറഞ്ഞത്. വിവാഹ ജീവിതത്തില്‍ ഒന്നിച്ചു പോകാന്‍ പ്രയാസമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ ത്വലാഖ് എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തുന്നതിന് മുമ്പ് ഭാര്യയും ഭര്‍ത്താവും രമ്യമായ പരിഹാര മാര്‍ഗങ്ങള്‍ തേടണം. ധാരാളം നിര്‍ദേശങ്ങള്‍ ഇതിനായി ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. അതിന് പുറമേ ഇരു കുടുംബങ്ങളിലേയും ബന്ധപ്പെട്ടവര്‍ തമ്മില്‍ ചർച്ചകര്‍ നടത്തണം.  ഒരു നിലയ്ക്കും മുന്നോട്ട് പോകാന്‍ സാധ്യമല്ല എന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമാണ് ഇസ്‌ലാം ത്വലാഖ് അനുവദിക്കുന്നത്. അത് തന്നെ ഒരു തവണ. ത്വലാഖ് ചൊല്ലിയ ശേഷം വീണ്ടുവിചാരം ഉണ്ടാവുകയും വേണ്ടിയിരുന്നില്ല എന്ന് ഇരുവര്‍ക്കും തോന്നുകയും ചെയ്‌താല്‍ ഒരുമിക്കാനുള്ള അവസരമൊരുക്കുകയാണ് ഒരു ത്വലാഖ് മാത്രം ചൊല്ലുന്നത് വഴി ഉണ്ടാകുന്നത്. അങ്ങനെ മൂന്ന് ത്വലാഖുകള്‍ മൂന്ന് ജീവിത ഘട്ടങ്ങളിലായി ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് അവരുമായി പുനര്‍ വിവാഹത്തിന് കടുത്ത നിബന്ധനകള്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാല്‍ ‘മുത്തലാഖ്’ എന്ന പേരില്‍ ഇപ്പോള്‍ പലരും ചെയ്യുന്നത് കൊടിയ പാപമാണ്. ഒറ്റയടിക്ക് മൂന്ന് ത്വലാഖുകള്‍ ചൊല്ലുക. അതും ടെലിഫോണിലൂടെയും വാട്സ്ആപ്പിലൂടെയും വരെ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സുപ്രിം കോടതി ഇടപെട്ടിട്ടില്ലെങ്കില്‍ പോലും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം അസംബന്ധങ്ങളെ മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും അനുവദിച്ചു കൊടുക്കരുത്. മതത്തിന്റെ വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്നവരെ തടയാനും കണ്ണീര്‍ കുടിക്കുന്ന പെണ്ണിന്റെ കൂടെ നില്ക്കാനും അവര്‍ക്ക് സാധിക്കണം. അതിലാണ് മതമുള്ളത്, മനുഷ്യത്വവും..

ഇസ്‌ലാമിലില്ലാത്ത മുത്തലാഖിന് വേണ്ടി വീറോടെ വാദിക്കുക്കുകയും അതിന് വേണ്ടി ഐക്യപ്പെടുകയും ചെയ്യുന്ന പുരോഹിതന്മാരെയും മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെയുമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിക വിധികള്‍ക്കനുസൃതമായി കാര്യങ്ങള്‍ പഠിക്കാനും വേണ്ട ഭേദഗതികള്‍ നിയമങ്ങളില്‍ നിർദ്ദേശിക്കാനുമാണ് മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡുള്ളത്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള നിയമത്തില്‍ ക്രിയാത്മകമായ എന്തെങ്കിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ നാളിതുവരെ ഈ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. ഏക സിവില്‍ കോഡിന്റെ ചര്‍ച്ചകള്‍ വരുമ്പോള്‍ പ്രതിഷേധ പ്രസ്താവനകള്‍ ഇറക്കാനാല്ലതെ മുസ്‌ലിം സമൂഹത്തെ ക്രിയാത്മകമായി മുന്നോട്ട് നയിക്കാനുള്ള ഒരു ചെറുവിരലനക്കം ഇവരില്‍ നിന്ന് ഉണ്ടാകാറില്ല. കോടതികള്‍ ഇടപെടുന്നത് വരെ സമുദായത്തിനകത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടി മുന്‍കൈ എടുക്കാത്തവര്‍ മത നിയമങ്ങളുടെ ദുരുപയോഗം തടയുന്നതിന് വേണ്ടി നിയമങ്ങള്‍ വരുമ്പോള്‍ നിലവിളിക്കാന്‍ മാത്രമാണ് ഒന്നിച്ചു കൂടാറുള്ളത്. ഇവിടെ ആരാണ് പ്രതി എന്ന ചോദ്യം പ്രസക്തമാണ്. ക്രിയാത്മക മാറ്റങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന സമുദായ നേതൃത്വമോ അതോ കാലിക മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന പൊതുസമൂഹമോ?. ഉത്തരം തേടേണ്ട ചോദ്യമാണിത്.

മുത്തലാഖ് വിഷയം ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ബി ജെ പി ക്ക് അവരുടെ ലക്ഷ്യങ്ങളുണ്ടാവാം. മുസ്‌ലിം സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനേക്കാള്‍ ഈ ചർച്ചകള്‍ കൊണ്ടുവരുന്ന രാഷ്ട്രീയ നേട്ടങ്ങളിലാവാം അവരുടെ കണ്ണ്. എന്നാല്‍ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം തീർത്തും മതവിരുദ്ധമായ ഇത്തരമൊരു സമ്പ്രദായത്തെ നിര്‍ത്തലാക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റാരെങ്കിലും അതിനെ മുതലെടുക്കുമോ എന്ന് ഭയന്ന് പിറകോട്ട് നടക്കുന്നതിനേക്കാള്‍ അഭികാമ്യമായിട്ടുള്ളത്. മുത്തലാഖിന് എതിരായി മുസ്‌ലിം നേതാക്കള്‍ നിലപാടുകള്‍ സ്വീകരിക്കുന്നതായിരിക്കും അതിനെ എതിര്‍ക്കുന്നതിനേക്കാള്‍ ബി ജെ പി യുടെ പ്രചാരങ്ങളുടെ മുനയൊടിക്കുക എന്നതാണ് യാഥാർത്ഥ്യം.

ഏക സിവില്‍ കോഡിനെതിരെ മുറവിളി കൂട്ടുന്നതിന് ചെലവഴിക്കുന്ന ഊര്‍ജ്വത്തിന്റെ പത്തിലൊന്നെങ്കിലും ഇസ്‌ലാമിക നിയമങ്ങളെ കാറ്റില്‍ പറത്തി പെണ്ണിനെ കണ്ണീരു കുടിപ്പിക്കുന്ന പുരുഷ മേധാവിത്വത്തിനെതിരെയും മത പൗരോഹിത്യത്തിനെതിരേയും ചെലവഴിക്കാന്‍ മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top