ചാരിറ്റി മുഖമുദ്ര; 6 ലക്ഷത്തിന്‍റെ ബജറ്റ് – ഫൊക്കാന സംഭവമാകും

fokana6ന്യൂയോര്‍ക്ക്: ലോക മലയാളി സമൂഹത്തിന്‍റെ അഭിമാനമായി മാറിയ, ജന്മനാടിനോട് കൂറും പ്രതിബദ്ധതയും ഉള്ള, ഇപ്പോഴും ശക്തമായ അടിവേരുകളുള്ള ഫൊക്കാന എന്ന ജനകീയ പ്രസ്ഥാനത്തെ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായി മാറ്റിയെടുക്കുമെന്ന് പുതിയ പ്രസിഡന്‍റ് തമ്പി ചാക്കോ പ്രസ്താവിച്ചു.

ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു തമ്പി ചാക്കോ. നവംബര്‍ 19 ശനിയാഴ്ച കോങ്കേഴ്സിലുള്ള സാഫ്രണ്‍ റെസ്റ്റോറന്‍റ് ആന്‍റ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ മിക്കവരും സന്നിഹിതരായിരുന്നു.

കണ്‍വന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്ട് വര്‍ഷം നീളുന്ന കര്‍മ്മ പരിപാടികളാണ് അജണ്ടയിലുള്ളത്. അംഗസംഘടനകളുടെ സഹകരണത്തോടെയാവും ഇത് നടപ്പാക്കുക. ജന്മനാടിനോടുള്ള പ്രതിബദ്ധതയും കൂറും ഊട്ടിയുറപ്പിക്കുവാന്‍ വേണ്ട പദ്ധതികള്‍ക്ക് രൂപം നല്‍കും. കേരളാ കണ്‍വന്‍ഷന്‍ അതിലൊന്ന് മാത്രം. കര്‍മ്മഭൂമിയിലെ സാമൂഹ്യരംഗത്തും സജീവമായ ഇടപെടലുകള്‍ ഉദ്ദേശിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ജീവനാഡിയാണ്. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. മലയാളഭാഷയുടെയും, സംസ്കാരത്തിന്‍റെയും ഉന്നമനത്തിനായി ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതി ജനകീയമാക്കും. സമൂഹത്തിന്‍റെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രതിപത്തിയും സഹകരണവും ഉറപ്പാക്കുന്ന രീതിയിലാവും പ്രവര്‍ത്തന ശൈലി. നാട്ടിലും ഇവിടെയുമുള്ള സാഹിത്യകാരന്മാരുടെ കൃതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതായി ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. യുവജനങ്ങള്‍ക്ക് വേണ്ട കൈത്താങ്ങല്‍ നല്‍കി അവര്‍ക്ക് ദിശാബോധം നല്‍കും.

ആറ് ലക്ഷം ഡോളറിന്‍റെ ബജറ്റിനാണ് രൂപം നല്‍കുകയെന്ന് ട്രഷറര്‍ ഷാജി വറുഗീസ് പറഞ്ഞു. അതില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെയ്ക്കും. ഓരോ പെനിക്കും അക്കൗണ്ട് ഉണ്ടാവും. തികച്ചും സുതാര്യമായിരിക്കും കണക്ക് പുസ്തകം.

ചാരിറ്റി എന്നും ഉള്ള സംഗതിയാണെങ്കിലും, ഇത്തവണ പുതിയ ഒരു മുഖമായിരിക്കും എന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍ പറഞ്ഞു. ഒരു ഏകീകൃത സ്വഭാവം ചാരിറ്റിക്കും വേണമെന്നത് പുതിയ ഭരണസമിതിയുടെ കൂട്ടായ തീരുമാനമാണ്. വ്യക്തികള്‍ക്കല്ല ഇവിടെ പ്രാധാന്യം. പ്രസ്ഥാനമാണ് പ്രധാനം. മലയാളി സമൂഹത്തിന്‍റെ നന്മയാണ് ലക്ഷ്യം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വൈസ് പ്രസിഡന്‍റ് ഡോ. ജോസ് കാനാട്ടിനും മറിച്ചൊരഭിപ്രായമില്ല. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടൊപ്പം മാക്സിമം ചാരിറ്റിയും ചെയ്യുക എന്നത് പുതിയ ഭരണസമിതിയുടെ ആപ്തവാക്യങ്ങളിലൊന്നാണ്.

ട്രസ്റ്റി ബോര്‍ഡ് സംഘടനയ്ക്കൊപ്പം ഉണ്ടാവുമെന്ന് പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജി വറുഗീസ് പറഞ്ഞു. കാലാകാലങ്ങളായി ചെയ്തുവരുന്ന കാര്യങ്ങള്‍ക്കതീതമായി കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ക്ക് ട്രസ്റ്റി ബോര്‍ഡും ഒപ്പം ഉണ്ടാവും.

ഇലക്ഷന്‍ പാനലിന്‍റെ സമയം കഴിഞ്ഞു. തിരഞ്ഞെടുപ്പോടെ, ഇപ്പോള്‍ ഫൊക്കാന ഒന്നാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായങ്ങള്‍ പലത് വരും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. കരുത്താര്‍ജ്ജിച്ച ഒരു പുതിയ ഫൊക്കാനയെയാണ് ഇനി നാം കാണുവാന്‍ പോകുന്നത്.

“സത്യം പറഞ്ഞില്ലെങ്കില്‍ അപ്പന്‍ പട്ടിയിറച്ചി തിന്നും, പറഞ്ഞാല്‍ അമ്മ തല്ല് കൊള്ളും” എന്ന രീതിയിലായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള ഫൊക്കാനയെന്ന് സീനിയര്‍ നേതാവ് ടി.എസ് ചാക്കോ പൊട്ടിച്ചിരിക്ക് ഇടയാക്കിക്കൊണ്ട് പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഒന്നാണ്. ജയിച്ച് വന്നവരോട് പറഞ്ഞിട്ടുണ്ട് ജയിക്കാത്തവരെയും ഉള്‍പ്പെടുത്തണമെന്ന്. ഇപ്പോള്‍ ജയിച്ചവരും തോറ്റവരും എന്നൊന്നില്ല. ഒറ്റ ഫൊക്കാന മാത്രം. നിങ്ങള്‍ പത്രക്കാര്‍ ഇനിയും ഞങ്ങളെ പിളര്‍ത്താതെ സഹകരിക്കണം. പുതിയ ഭാരവാഹികളോട് പറയുവാനുള്ളത്, ദയവായി നിങ്ങളെ വിളിച്ചാല്‍ ഫോണ്‍ എടുക്കണം എന്നാണ്. അതുപോലെ തന്നെ ചെയ്യുന്ന കാര്യങ്ങളും ചെയ്യാന്‍ പോകുന്ന കാര്യങ്ങളും എല്ലാവരെയും അറിയിക്കുകയും വേണം.

സത്യം അറിയാതെ, ഏകപക്ഷീയമായി വാര്‍ത്തകള്‍ കൊടുക്കുന്ന പത്രക്കാരോടുള്ള അമര്‍ഷം അറിയിച്ചുകൊണ്ടാണ് മുന്‍ പ്രസിഡന്‍റ് ജോണ്‍ പി. ജോണ്‍ സംസാരിച്ചു തുടങ്ങിയത്. കേരളാ കണ്‍വന്‍ഷന്‍ എന്തിനെന്ന ചോദ്യത്തിന് ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷനിലൂടെ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 8 ലക്ഷം രൂപയാണ് വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്കായി വിതരണം ചെയ്യുവാന്‍ സാധിച്ചത്. നമ്മുടെ വേര്- അസ്ഥിത്വം അതവിടെയാണ്. രാഷ്ട്രീയമായും, സാമൂഹികമായും, സാംസ്കാരികവുമായ ഒരു പാലമാണ് കേരളാ കണ്‍വന്‍ഷനിലൂടെ നിര്‍മിക്കുവാന്‍ കഴിഞ്ഞത്. ഇന്നാട്ടിലെ സുഖസൗകര്യങ്ങളില്‍ ജീവിക്കുമ്പോള്‍, ദൈവം അതിന് വഴിയൊരുക്കിയപ്പോള്‍, അതിലൊരംശം സഹജീവികള്‍ക്ക് പകുത്ത് നല്‍കുവാന്‍ കഴിയണം.

6 വര്‍ഷമായി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ആയി സേവനമനുഷ്ഠിച്ച പോള്‍ കറുകപ്പിള്ളില്‍ ഇനി ഫൗണ്ടേഷന്‍ ചെയര്‍മാനായി സ്ഥാനമേല്‍ക്കും. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് പോള്‍ കറുകപ്പിള്ളില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ തീര്‍പ്പു കല്പിക്കാനായി. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ചില അവസരങ്ങളില്‍ സംഘടനയുടെ ഭാവിയെക്കരുതി ഭരണഘടനക്കതീതമായ രീതിയിലും പ്രവര്‍ത്തിക്കേണ്ടതായി വന്നിട്ടുണ്ട്. 35 അംഗ സംഘടനകളാണ് ഇപ്പോള്‍ ഫൊക്കാനയ്ക്കുള്ളത്. ഇരുപതിനായിരം ഡോളര്‍ ട്രസ്റ്റി ബോര്‍ഡില്‍ ഉള്ളത് കൈമാറ്റം ചെയ്യും.

ഫൗണ്ടേഷന്‍ വൈസ് ചെയര്‍ പേഴ്സണ്‍ മറിയാമ്മ പിള്ള ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ഉള്ള ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മലയാളികള്‍ക്ക് 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഒരു 1-800- നമ്പര്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. പൊക്കാന പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തപ്പോള്‍ മതസംഘടനകളില്‍ ഉണ്ടായിരുന്ന ഭാരവാഹിത്വം രാജിവെച്ച മറിയാമ്മ പിള്ളയുടെ നടപടിയെ മാധ്യമ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചപ്പോള്‍ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ പല കര്‍മ്മമണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മുന്‍ പ്രസിഡന്‍റ് ജോണ്‍ പി ജോണ്‍ തിരിച്ച് ചോദിച്ചു.
കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും സംഘടനയുടെ കെട്ടുറപ്പിനായും പ്രവര്‍ത്തിക്കുമെന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍പേഴ്സണ്‍ ആയി സ്ഥാനമേറ്റ ലീലാ മാറേട്ട് പറഞ്ഞു.

യൂത്ത് മെംബര്‍ ടോണി കല്ലകാവുങ്കലിനെ സമ്മേളനത്തില്‍ പരിചയപ്പെടുത്തി.

പ്രസിഡന്‍റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വറുഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്‍റ് ഡോ. ജോസ് കാനാട്ട്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജി വറുഗീസ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, മുന്‍പ്രസിഡന്‍റും ഫൗണ്ടേഷന്‍ വൈസ് ചെയറുമായ മറിയാമ്മ പിള്ള, മുന്‍ പ്രസിഡന്‍റ് ജോണ്‍ പി. ജോണ്‍, സീനിയര്‍ നേതാവ് ടി.എസ് ചാക്കോ, ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍ ലീലാ മാറേട്ട്, ജോയിന്‍റ് ട്രഷറാര്‍ ഏബ്രഹാം കളത്തില്‍, അസോ. ട്രഷറര്‍ സണ്ണി മറ്റമന, അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വറുഗീസ്, മീഡിയാ കോ ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ വേദിയില്‍ ഉപവിഷ്ഠരായിരുന്നു.

ഇന്‍ഡ്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, ജോസ് കാടാപുറം, ജോര്‍ജ് തുമ്പയില്‍ എന്നിവരും മാധ്യമ പ്രവര്‍ത്തകരായ ശരത്ത് (കലാകൗമുദി ഡല്‍ഹി ബ്യൂറോ ചീഫ്), കുര്യന്‍ പ്രക്കാനം (മയൂരാ ടി.വി -ടൊറന്‍റോ), ബിജു കൊട്ടാരക്കര (കേരളാ ടൈംസ്) എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പ്രവാസി ചാനലിന് വേണ്ടി മഹേഷ് മുണ്ടയാട്, കൈരളി ചാനലിന് വേണ്ടി ജേക്കബ് ഇമ്മാനുവല്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്തു.

Photo credit:  Kairali TV/Jacob Immanuel

dsc_3104 fokana7 fokana8

Print Friendly, PDF & Email

Leave a Comment