Flash News

നെയ് വിളക്ക് (ലേഖനം)

November 17, 2016

ney-vilakk-sizeഎന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാല്‍ നിലവിളക്കിനു ക്ലാവു പിടിച്ച പോലെ, പച്ച നിറം വരുമായിരുന്നു. പച്ചനിറം വന്ന നിലവിളക്കു തേച്ചു കഴുകുക എളുപ്പമായിരുന്നില്ല. പൊതുവില്‍ പുന്നക്കയെണ്ണയോട് ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും, അന്നതിനു വിലക്കുറവുണ്ടായിരുന്നു കാണണം. അല്ലെങ്കിലത് അധികമാരും ഉപയോഗിയ്ക്കുമായിരുന്നില്ല.

മരോട്ടിയെണ്ണയും അക്കാലത്തു നിലവിളക്കില്‍ ഉപയോഗിച്ചിരുന്നു. പുന്നക്കയെണ്ണയേക്കാള്‍ അല്പം ഭേദം എന്നു മാത്രം. അതിനു പച്ചനിറമുണ്ടായിരുന്നില്ല. എങ്കിലും, അതുപയോഗിച്ചു കഴിയുമ്പോള്‍ നിലവിളക്കില്‍ പച്ചനിറം വന്നിരുന്നു, കുറഞ്ഞ തോതിലെങ്കിലും. അതിന്റെ വെളിച്ചത്തിനും കാര്യമായ പ്രകാശക്കൂടുതലുണ്ടായിരുന്നില്ല എന്നാണോര്‍മ്മ.

ഇവയേക്കാളേറെ പ്രകാശിച്ചിരുന്നതു നല്ലെണ്ണ അഥവാ എള്ളെണ്ണയായിരുന്നു. അക്കാലത്ത് വിലക്കൂടുതലുള്ളൊരു ‘ലക്ഷുറി ഐറ്റ’മായിരുന്നു, നല്ലെണ്ണ. അതുകൊണ്ടതു വിശേഷദിവസങ്ങളില്‍ മാത്രം നിലവിളക്കിലുപയോഗിച്ചിരുന്നു. നല്ലെണ്ണയൊഴിയ്ക്കുന്നതിനു മുമ്പു നിലവിളക്കു നന്നായി തേച്ചു കഴുകി മിനുക്കിയിരിയ്ക്കും.

എള്ളെണ്ണയേക്കാള്‍ പ്രകാശത്തോടെ കത്തുന്നതു വെളിച്ചെണ്ണയാണെങ്കിലും, അക്കാലത്തു നിലവിളക്കില്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതു കണ്ടിട്ടില്ല. വെളിച്ചെണ്ണ പെട്ടെന്നു കത്തുന്നതുകൊണ്ടും, അതിനന്നു താരതമ്യേന വിലക്കൂടുതലായിരുന്നതുകൊണ്ടും ആകാമത്. അതോടൊപ്പം, മുഖ്യ ഭക്ഷ്യ എണ്ണയുമായിരുന്നു, വെളിച്ചെണ്ണ. ആഹരിയ്ക്കാനുള്ളതെടുത്തെങ്ങനെ കത്തിച്ചു കളയും എന്നു വിചാരിച്ചും കാണും. ഇന്നിപ്പോള്‍ അതിന്റെ വില എള്ളെണ്ണയുടേതിനേക്കാള്‍ കുറവാണ്. വെളിച്ചെണ്ണ നല്ലപോലെ കത്തുമെന്ന ഗുണം മൂലമായിരിയ്ക്കണം, അതു ഡീസലോടൊപ്പം ചേര്‍ത്തു വാഹനങ്ങളോടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നത്.

കേരളീയരുടെ ആഹാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായ വെളിച്ചെണ്ണ വാഹനങ്ങളുടെ ഇന്ധനമായിത്തീര്‍ന്നാല്‍ ഭക്ഷ്യ ആവശ്യങ്ങള്‍ക്കതു കിട്ടാനില്ലെന്നു വന്നേയ്ക്കാം. അനിയന്ത്രിതമായ വാഹനപ്പെരുപ്പമുള്ള കേരളത്തില്‍ കേരളീയര്‍ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണയിലേയ്ക്കു തിരിയേണ്ടിയും വരും. എഞ്ചിനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതു കൊണ്ടാവാം, വെളിച്ചെണ്ണ ഇവിടത്തെ വാഹനങ്ങളില്‍ ഇന്ധനമായി വന്‍ തോതില്‍ ഉപയോഗിയ്ക്കാന്‍ തുടങ്ങാത്തത്. അത്രയും നന്ന്!

പണ്ടു മുറികളില്‍ വെളിച്ചത്തിനായി രാത്രി ഉപയോഗിച്ചിരുന്നത് ‘അരിക്ക്‌ലാമ്പ്’ എന്ന വിളിപ്പേരുണ്ടായിരുന്ന ഹറീക്കെയ്ന്‍ ലാമ്പ്, അഥവാ തൂക്കുവിളക്ക് ആയിരുന്നു. പിന്‍മുറികളില്‍ ഓട്ടുവിളക്കുകളുപയോഗിച്ചു. മണ്ണെണ്ണയായിരുന്നു, അവയിലെ ഇന്ധനം. മണ്ണെണ്ണ അപകടകാരിയായതിനാലാവാം, അതൊരിയ്ക്കലും നിലവിളക്കിലുപയോഗിച്ചിരുന്നില്ല.

സമ്പന്നരല്ലാത്ത കുടുംബങ്ങളിലെ പതിവുകളാണു മുകളില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്. വൈദ്യുതിയില്ലാത്ത വീടുകളായിരുന്നു അന്നു കൂടുതലും. ഇന്നാകട്ടെ, ഞങ്ങളുടെ വില്ലേജില്‍ സമ്പൂര്‍ണവൈദ്യുതവല്‍ക്കരണം നടന്നിരിയ്ക്കുന്നു; വൈദ്യുതിയില്ലാത്ത വീടുകളില്ല. കറന്റു പോകുമ്പോള്‍ നിമിഷനേരം കൊണ്ട് എമര്‍ജന്‍സി ലാമ്പ് തെളിയുന്ന വീടുകളിന്നു ധാരാളം; ഇന്‍വേര്‍ട്ടര്‍ ഉള്ളയിടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ മെഴുകുതിരി തെളിയുന്നു. വിരളമായി ഓട്ടുവിളക്കും. പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും കാണുക പോലും ചെയ്യാത്തവരായിരിയ്ക്കും ഇന്നു കൂടുതലും.

വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്. ട്യൂബ്‌ലൈറ്റിന്റെ പാല്‍വെളിച്ചം പരന്നിരിയ്ക്കുന്ന വരാന്തയില്‍ കുറച്ചു നേരം നിലവിളക്കും തനിയ്ക്കാകുന്ന വിധം കത്തുന്നു. ബള്‍ബു പോയി ട്യൂബ്‌ലൈറ്റു വന്നു. ട്യൂബ്‌ലൈറ്റ് സി എഫ് എല്ലിനു വഴി മാറിക്കൊടുത്തു. സീ എഫ് എല്ലിനെ എല്‍ ഈ ഡി പുറത്താക്കിയിരിയ്ക്കുന്നു. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടും നിലവിളക്കിനു ഭ്രഷ്ട് സംഭവിച്ചിട്ടില്ല. എല്‍ ഈ ഡിയുടേതായ ആധുനികയുഗത്തെ പഴയ കാലവുമായി ബന്ധിപ്പിയ്ക്കുന്നൊരു ‘ലിങ്ക്’ ആയി നിലവിളക്കു തുടരുന്നു. പഴമയെ നാം പൂര്‍ണമായി മറന്നുപോകാതിരിയ്ക്കാന്‍ നിലവിളക്കു സഹായിയ്ക്കുന്നു.

ഭക്ഷിയ്ക്കാനുള്ളതല്ല എന്ന മുന്നറിയിപ്പോടു കൂടിയ ‘വിളക്കെണ്ണ’ വാങ്ങാന്‍ കിട്ടും. വില കൂടിയ നല്ലെണ്ണയ്ക്കു പകരം, വില കുറഞ്ഞ വിളക്കെണ്ണയാണിപ്പോള്‍ നിലവിളക്കില്‍ കൂടുതലും ഉപയോഗിയ്ക്കപ്പെടുന്നത്. പണം ‘കത്തിച്ചു’ കളയുന്നതു കഴിയുന്നത്ര കുറയട്ടെ എന്നു മിക്കവരും വിചാരിയ്ക്കുന്നുണ്ടാകും. ഉപയോഗശൂന്യമായ പാചക എണ്ണയാണു വിളക്കെണ്ണയെന്ന പേരില്‍ വില്‍ക്കപ്പെടുന്നതെന്ന വാര്‍ത്ത ദൃഷ്ടിയില്‍ പെട്ടിരുന്നു. അതു മൃഗങ്ങളുടെ അറവു മാലിന്യങ്ങളില്‍ നിന്നുണ്ടാക്കുന്നതാണെന്ന അപശ്രുതിയും കേട്ടിരുന്നു. ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയില്ല. കുപ്പിയില്‍ ഭംഗിയായി പാക്കു ചെയ്തിരിയ്ക്കുന്ന, വൃത്തിയുള്ള വിളക്കെണ്ണ കാണുമ്പോള്‍ അതില്‍ മാലിന്യങ്ങളുണ്ടെന്നു തോന്നാറില്ല. അതുകൊണ്ടു കൂടിയായിരിയ്ക്കണം, അപവാദങ്ങള്‍ പലതുമുണ്ടായിട്ടും, പലരുമതു വാങ്ങുന്നത്.

പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും ഇപ്പോള്‍ വിസ്മൃതിയിലാണ്ടു പോയിരിയ്ക്കുന്നു. ഭൂരിഭാഗം കടകളിലും അവ വാങ്ങാന്‍ കിട്ടുമെന്നും തോന്നുന്നില്ല. മുകളില്‍ സൂചിപ്പിച്ച പോലെ, എള്ളെണ്ണയാണിപ്പോള്‍ നിലവിളക്കു കത്തിയ്ക്കാനുപയോഗിച്ചു കാണാറ്. വിരളമായെങ്കിലും വെളിച്ചെണ്ണയും ഉപയോഗിയ്ക്കുന്നുണ്ടാകാം. രണ്ടും ഭക്ഷ്യഎണ്ണകളെന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരിയ്ക്കുന്നവയാണ്. ആഹരിയ്ക്കാനുള്ള എണ്ണകളാണവയെങ്കിലും, അവ രണ്ടും നിലവിളക്കിലുപയോഗിയ്ക്കുന്നതു മനസ്സിലാക്കാം; വൃത്തിയും തൃപ്തിയുമുള്ള എന്തെങ്കിലും വേണമല്ലോ, നിലവിളക്കിലൊഴിയ്ക്കാന്‍. പക്ഷേ, മനസ്സിലാക്കാനാകാത്തതു നിലവിളക്കിലെന്തിനു നെയ്യുപയോഗിയ്ക്കുന്നൂ എന്നതാണ്.

ശബരിമലയില്‍ നെയ്‌വിളക്കു തെളിയിച്ചു എന്നൊരു വാര്‍ത്ത ചാനലുകളിലുണ്ടായിരുന്നു. എള്ളെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം നിലവിളക്കില്‍ നെയ്യൊഴിച്ചു കത്തിച്ചുവത്രേ! ശബരിമലയില്‍ മാത്രമല്ല, മറ്റു പല ക്ഷേത്രങ്ങളിലും നിലവിളക്കു തെളിയിയ്ക്കുന്നതു നെയ്യൊഴിച്ചായിരിയ്ക്കാം; വിശേഷദിവസങ്ങളിലെങ്കിലും.

പക്ഷേ, വിളക്കു തെളിയിയ്ക്കാന്‍ നെയ്യുപയോഗിയ്ക്കുന്ന പതിവ് അവസാനിപ്പിയ്ക്കണം എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. നെയ്യിന്റെ ഉയര്‍ന്ന വില തന്നെ കാരണം. 200 ഗ്രാം മില്‍മ നെയ്യിന്റെ വില 102 രൂപയാണ്. ഈ നിരക്കില്‍ ഒരു കിലോവിന് അഞ്ഞൂറിനടുത്തു വില വരുമെന്ന് അനുമാനിയ്ക്കാം. എള്ളെണ്ണ ഒരു ലിറ്ററിന് 155 രൂപയേ ഉള്ളൂ. കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വില 130 രൂപ മാത്രം. എള്ളെണ്ണയുടേയും വെളിച്ചെണ്ണയുടേയും വിലകളുടെ മൂന്നിരട്ടിയിലേറെയാണു നെയ് വില.

മൊത്ത ആഭ്യന്തരോല്പാദനത്തെ അടിസ്ഥാനമാക്കി ഇന്റര്‍നാഷണല്‍ മോണറ്ററി ഫണ്ട് തയ്യാറാക്കിയിരിയ്ക്കുന്ന ലോകരാഷ്ട്രങ്ങളുടെ റാങ്ക് ലിസ്റ്റില്‍ ഏഴാമതായി നാമുയര്‍ന്നിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ, ഇവിടത്തെ സാമാന്യജനത സമ്പന്നരായിത്തീര്‍ന്നിട്ടില്ല. ഒരു ദിവസം 84 രൂപ (ഒന്നേകാല്‍ ഡോളര്‍) പോലും കിട്ടാത്ത 27 കോടി ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കേരളത്തിലെ സ്ഥിതി താരതമ്യേന അല്പം മെച്ചമാണെങ്കിലും, മറ്റു ചില സംസ്ഥാനങ്ങളിലെ ജനതയുടെ സ്ഥിതിയിപ്പോഴും പരിതാപകരമാണെന്നതിനു തെളിവുകളേറെ. കേരളത്തില്‍പ്പോലും, നെയ്യ് പതിവുഭക്ഷണത്തിലെ ഒരു സ്ഥിരം ഇനമാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ ഏറെയുണ്ടാകും.

രാജ്യത്തെ അഞ്ചിലൊന്നു ജനത സമ്പന്നതയില്‍ നിന്നു ബഹുകാതമകലെ, അതിജീവനത്തിനായി തത്രപ്പെടുമ്പോള്‍, അഞ്ഞൂറു രൂപയുടെ നെയ്യ് വിളക്കിലൊഴിയ്ക്കാനുപയോഗിയ്ക്കുന്നതു ധാരാളിത്തമാണെന്നു തന്നെ പറയണം. സാമാന്യജനത്തിന്റെ അവസ്ഥ കണക്കിലെടുത്ത് നിലവിളക്കില്‍ നെയ്യിനു പകരം എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കുകയും, അതുമൂലം മിച്ചം വയ്ക്കാനാകുന്ന തുക ശബരിമലയിലെത്തുന്ന ഭക്തസഹസ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിയ്ക്കുകയും ചെയ്താല്‍, ശ്രീഅയ്യപ്പന്‍ കൂടുതല്‍ പ്രസാദിയ്ക്കുകയേ ഉള്ളൂ, തീര്‍ച്ച.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top