Flash News

അമേരിക്കക്ക് മാത്രമല്ല ലോകത്തിനും മാതൃകയാകണം പുതിയ പ്രസിഡന്റ് (എഡിറ്റോറിയല്‍)

November 12, 2016

donald-trumpപ്രവചനങ്ങളോ മാധ്യമ വിചാരണകളോ മുന്‍വിധികളോ അല്ല, ജനാധിപത്യത്തില്‍ൽ വോട്ടറാണ് യഥാര്‍ത്ഥ വിധാതാക്കളെന്ന് അടിവരയിട്ടു തെളിയിച്ചിരിക്കുന്നു, ലോകത്തെ രണ്ടാമത്തെ വലിയ ജനാധിപത്യ രാഷ്‌ട്രമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക. പരിണിതപ്രജ്ഞയായ രാഷ്‌ട്രീയ നേത്രി, യുഎസ് മുന്‍ൻ പ്രഥമ വനിത, മുന്‍ സ്റ്റേറ്റ് സെക്രട്ടറി, ഡെമൊക്രാറ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് തുടങ്ങി ഹിലരി ക്ലിന്‍റണു വിശേഷണങ്ങള്‍ പലതുണ്ടായിരുന്നു, അമെരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍. എന്നാല്‍, വിവരം കെട്ടവന്‍, മുസ്ലിം വിരോധി, സ്ത്രീവിരുദ്ധന്‍, രാഷ്‌ട്രീയമില്ലാത്തവന്‍, സ്ഥിരതയില്ലാത്തവന്‍, വിടുവായാടി, ലാഭക്കൊതിയനായ ബിസിനസ്കാരന്‍ എന്നിങ്ങനെ പേരുദോഷങ്ങളുടെ പെരുമഴയില്‍ മുങ്ങിക്കുളിച്ചായിരുന്നു റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണങ്ങളെല്ലാം. വിവാദങ്ങളില്‍ നിന്നു വിവാദങ്ങളിലേക്കുള്ള യാത്രയില്‍ പലപ്പോഴും റിപ്പബ്ലിക്കന്‍ നേതാക്കള്‍ പോലും അദ്ദേഹത്തെ കൈവിട്ടു.

കത്തോലിക്കാ സഭാ വിശ്വാസിയായിരുന്നിട്ടും സാക്ഷാല്‍ ഫ്രാന്‍സിസ് മാർപാപ്പ പോലും ട്രംപിനെ തള്ളിപ്പറഞ്ഞു. പക്ഷേ, യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിച്ചതു ട്രംപിനെ. അതും കേവല ഭൂരിപക്ഷത്തില്‍ നിന്നും 19 ഇലക്റ്ററല്‍ വോട്ടുകളുടെ വ്യത്യാസത്തില്‍. ഒരുപക്ഷേ, ഭൂരിപക്ഷം നേരിയതാകാം. എന്നാല്‍ വിജയം ആധികാരികമാണ്. ഡെമൊക്രാറ്റുകളുടെ തട്ടകങ്ങളില്‍പ്പോലും വെന്നിക്കൊടി പാറിച്ച ട്രംപ്, എതിരാളി ഹിലരി ക്ലിന്‍റന്‍റെ സംസ്ഥാനത്തു വരെ വിജയം തനിക്ക് അനുകൂലമാക്കി.

അമെരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഹിലരിക്ക് അനുകൂലമായിരുന്നു. അഭിപ്രായ സര്‍വെകളിലും അവര്‍ മുന്നിലെത്തി. അവസാനവട്ട സംവാദങ്ങളിലും ട്രംപിനെ കീഴടക്കിയ ഹിലരി, അമെരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്‍റ് എന്നുതന്നെ ഉറപ്പിച്ചവരില്‍ ഡെമൊക്രാറ്റുകള്‍ മാത്രമല്ല, റിപ്പബ്ലിക്കന്മാരുമുണ്ടായിരുന്നു. എന്നിട്ടും ട്രംപ് എന്തുകൊണ്ടു വിജയിച്ചു? ഉത്തരം ലളിതം. ഡോണള്‍ഡ് ട്രംപ് എന്ന വ്യവസായി, അമെരിക്കയുടെ ലാഭത്തെക്കുറിച്ചു മാത്രമേ തെരഞ്ഞെടുപ്പ് വേളയില്‍ പ്രസംഗിച്ചുള്ളൂ.

കഴിവുകെട്ട ഭരണത്തിലൂടെ അമെരിക്കയുടെ ഊര്‍ജവും സമ്പത്തും കളഞ്ഞുകുളിച്ചു എന്നായിരുന്നു ട്രംപ് ഇപ്പോഴത്തെ ഒബാമ ഭരണകൂടത്തിനെതിരേ ഉയര്‍ത്തിയ ആരോപണം. “Make America great again” എന്ന ട്രംപിന്‍റെ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റുപിടിച്ചു. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഒബാമ ഭരണകൂടത്തിനു കീഴില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തികാടിത്തറയും തൊഴില്‍ നഷ്ടവും ലോകാധിപത്യത്തില്‍ വന്ന പിന്നാക്കാവസ്ഥയും തുറന്നടിച്ചപ്പോള്‍, ട്രംപ് എന്ന അരാഷ്‌ട്രീയക്കാരനെ വോട്ടര്‍മാര്‍ മറന്നു. പകരം, അമെരിക്കയെ നയിക്കാന്‍ കെല്പുള്ള പുതുനായകനെ തിരിച്ചറിഞ്ഞു. ചരിത്രത്തിലാദ്യമായി അമെരിക്കക്കാര്‍ അമെരിക്കക്കാര്‍ക്കു വേണ്ടി മാത്രം തങ്ങളുടെ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തു എന്നു പറയുന്നതാവും കൂടുതൽ ശരി.

ലോകത്തെക്കുറിച്ചല്ല, അമെരിക്കക്കാര്‍ അമെരിക്കയെക്കുറിച്ചു ചിന്തിക്കണമെന്ന ട്രംപിന്‍റെ ആഹ്വാനത്തിനു വന്‍ പ്രതികരണമാണു ലഭിച്ചത്. അടുത്ത വര്‍ഷം ജനുവരി ഇരുപതിന് അധികാരമേല്‍ക്കുന്ന ട്രംപിന്‍റെ വഴി ഇപ്പോള്‍ത്തന്നെ വ്യക്തം- മുന്‍ഗാമികള്‍ നടന്നതില്‍ നിന്നു വേറിട്ടുള്ള വഴി. അതു പക്ഷേ, വിവാദങ്ങളുടേതാകുമെന്ന സൂചനയും ട്രംപ് നല്‍കിക്കഴിഞ്ഞു.

അതിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്നതാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥനാകാന്‍ താന്‍ തയാറാണെന്നായിരുന്നു, ഫലപ്രഖ്യാപനം വന്ന ശേഷവും ട്രംപിന്‍റെ പ്രസ്താവന. കശ്മീര്‍ നമ്മുടെ ആഭ്യന്തര പ്രശ്നമാണെന്നും അതില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ അനുവദിക്കില്ലെന്നും ഐക്യരാഷ്‌ട്ര സഭയില്‍പ്പോലും ഇന്ത്യ നിലപാട് കടുപ്പിച്ചിട്ടുണ്ട് എന്ന് അറിയാത്ത ആളല്ല ട്രംപ്. പക്ഷേ, ഇന്ത്യയുടെ കാര്യത്തില്‍ അദ്ദേഹത്തിന്‍റെ അമിതാവേശത്തിന്‍റെ കാരണം തിരക്കുന്നവര്‍ക്കു പെട്ടെന്നു കാര്യം പിടികിട്ടും. അമെരിക്കയിലെ വിദേശ കുടിയേറ്റക്കാര്‍ക്കും കരാര്‍ ജോലിക്കാര്‍ക്കും എതിരാണു ട്രംപ്. ഇതില്‍ രണ്ടിലും ഇന്ത്യയാണു മുന്നില്‍. അതായത് ഇന്ത്യയോടു തനിക്ക് അത്ര മമതയില്ല, എന്നാല്‍ ചൈനയോളം എതിർപ്പില്ലതാനും.

തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി, ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഇങ്ങനെ: “എല്ലാവരുടെയും പ്രസിഡന്‍റാണു ഞാന്‍. ഡെമൊക്രാറ്റ്-റിപ്പബ്ലിക് വ്യത്യാസമില്ലാതെ നമ്മള്‍ ഇനി അമെരിക്കന്‍ ജനതയായി മാറണം. കഠിനാധ്വാനം ചെയ്യുന്ന അമെരിക്കക്കാര്‍ക്കാണ് ഈ വിജയം.” അര്‍ത്ഥം സുവ്യക്തം. അമെരിക്കയ്ക്കു വേണ്ടി മാത്രമാണ് ട്രംപ് പ്രസിഡന്‍റാകുന്നത്. അത് അമെരിക്കയ്ക്ക് എത്രമാത്രം ഗുണകരമാകുമെന്നു കാലം തെളിയിക്കട്ടെ. അമെരിക്കയ്ക്ക് ആരും വേണ്ട, അമെരിക്കക്കാര്‍ മാത്രം മതിയെന്നു പറയുന്ന ട്രംപിന് അമെരിക്കയില്‍ നിന്നു തന്നെ മറുപടിയും കിട്ടിത്തുടങ്ങി. വിടുവായത്തം പറയുന്ന ഈ പ്രസിഡന്‍റിനെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന മുദ്രാവാക്യവുമായി വലിയൊരു വിഭാഗം തെരുവിലിറങ്ങിക്കഴിഞ്ഞു. ഇനി കോടതിയില്‍ കാണാമെന്ന മുന്നറിയിപ്പും അവര്‍ നൽകുന്നു. അമെരിക്കയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍ സ്വീകാര്യനായ പ്രസിഡന്‍റിനെയാണ് വൈറ്റ് ഹൗസ് കാത്തിരിക്കുന്നത്. കാരണം, വൈറ്റ് ഹൗസ് കൈക്കൊള്ളുന്ന പല തീരുമാനങ്ങളും ലോകരാഷ്‌ട്രങ്ങളുടെ ഗതി നിശ്ചയിക്കുന്നതാണെന്നു കൂടി തിരിച്ചറിയണം, പുതിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top