Flash News

പകല്‍ മുഴുവന്‍ സത്യഗ്രഹമിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും; വന്‍ ജനപിന്തുണ, ഐക്യദാര്‍ഡ്യവുമായി ശിവസേനയും

November 18, 2016

reservebank-samaramതിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യഗ്രഹമിരുന്നു. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ സമരത്തിന് ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും ഐക്യദാര്‍ഢ്യവുമായി എത്തി. പ്രതിപക്ഷവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരും സമരവേദിയിലത്തെി. സഹകരണമേഖലയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ ഒരുമ്പിട്ടിറങ്ങിയവരെ ചെറുത്തുതോല്‍പിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ചെറുനിക്ഷേപങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ബി.ജെ.പി കള്ളപ്പണമെന്ന് വിളിക്കുന്നത്. കേരളത്തിന്‍െറ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാത്ത ഇക്കൂട്ടര്‍ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തോട് ആത്മബന്ധമാണ് സഹകരണ മേഖലക്കുള്ളതെന്ന് പിണറായി പറഞ്ഞു.

സത്യഗ്രഹത്തിന് ആവേശം പകര്‍ന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസ്. അച്യുതാനന്ദനും സമരവേദിയിലത്തെിയിരുന്നു. സാധാരണക്കാരുടെ ജീവതം പ്രതിസന്ധിയിലാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ജനങ്ങളാണ് അവസാന വാക്കെന്ന് പ്രധാനമന്ത്രി തിരിച്ചറിയണമെന്നും ഫാസിസ്റ്റ് നടപടികളുമായി മോദി മുന്നോട്ടുപോവുകയാണെന്നും യെച്ചൂരി പറഞ്ഞു. ജനങ്ങളെ ദുരിതത്തിലാക്കിയ നടപടി എന്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് യെച്ചൂരി ചോദിച്ചു. കള്ളപ്പണവും അഴിമതിയും തടയാനെന്ന പേരില്‍ നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ല. ജീവിതം ദുരിതപൂര്‍ണമാക്കാന്‍ മാത്രമേ നോട്ട് അസാധുവാക്കല്‍ നടപടി ഉപകരിച്ചിട്ടുള്ളൂ. ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി വന്നുകഴിഞ്ഞു. മുന്നൊരുക്കമില്ലാതെ നടത്തിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സാമ്പത്തിക രംഗത്തിന്‍െറ തകര്‍ച്ചക്കും അരാജകത്വത്തിനും വഴിവെച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ സാധാരണക്കാരുടെ, കര്‍ഷകരുടെ നട്ടെല്ലാണ് സഹകരണ മേഖല. രാജ്യത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള മോദി സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്കെതിരെ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ജനങ്ങളെ അണിനിരത്തും. മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് സമരം ആരംഭിക്കും. നോട്ട് അസാധുവാക്കിയ നടപടിക്കെതിരെ രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്‍െറ മുഖ്യമന്ത്രിയും മന്ത്രിമാരും റിസര്‍വ് ബാങ്കിനുമുന്നില്‍ സമരം നയിക്കുന്നത്. ഇത് ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഇതിന് നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിനെ അഭിനന്ദിക്കുന്നതായും യെച്ചൂരി പറഞ്ഞു.

മുഖ്യമന്ത്രി തന്നെയായിരുന്നു സമാപനവും നിര്‍വഹിച്ചത്. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ച ശേഷമാണ് പ്രതിഷേധസംഗമം അവസാനിച്ചത്.

മന്ത്രിമാരായ മാത്യു ടി.തോമസ്, എ.കെ. ബാലന്‍, സി. രവീന്ദ്രനാഥ്, ജി. സുധാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, കെ. രാജു, കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, പി. തിലോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പിണറായി പുലിമുരുകനെന്ന് ഉഴവൂര്‍ വിജയന്‍

തിരുവനന്തപുരം: സ്വന്തം അമ്മയെപ്പോലും ക്യൂവില്‍ നിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വയോജന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍. റിസര്‍വ് ബാങ്കിനുമുന്നില്‍ നടന്ന ഭരണാധികാരികളുടെ സത്യഗ്രഹച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കാര്‍ ‘ഗോ മാതാ..ഗോ മാതാ..’ എന്ന് പറയുന്നതിന്‍െറ അര്‍ഥം ഇപ്പോഴാണ് തിരിഞ്ഞത്. എന്തിനും ഏതിനും പ്രശ്നമുണ്ടാക്കുകയാണ് ബി.ജെ.പി.

കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും ശബരിമലയില്‍ പോയതാണ് പ്രശ്നം. അയ്യപ്പന് ഏറ്റവും ഇഷ്ടപ്പെട്ടയാളാണ് വാവര് സ്വാമി. അതുകൊണ്ടുതന്നെ വി. മുരളീധരന്‍ ശബരിമലയിലേക്ക് പോകുന്നതിനെക്കാള്‍ ഉചിതം ജലീല്‍ പോകുന്നതാണ്. വാവര് സ്വാമിയുടെ പേര് വാസുദേവ സ്വാമി എന്ന് ആക്കണമെന്ന് ഇവര്‍ പറഞ്ഞാലും അദ്ഭുതപ്പെടാനില്ല. ജീവന്‍ ടോണ്‍ കഴിച്ചപോലെ ഭയങ്കര വാശിയിലും ശക്തിയിലുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നാടിന്‍െറ വേദന അവര്‍ക്ക് ഒരു പ്രശ്നമേ അല്ല. ജനദ്രോഹ നടപടികളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനത്തെിയ പുലിമുരുകനാണ് പിണറായി വിജയനെന്നും ഉഴവൂര്‍ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്ത് ജനം ചാപ്പകുത്തും – വി.എസ്

തിരുവനന്തപുരം: തുഗ്ളക്കിന്‍െറ ആശാനായി മാറാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വി.എസ്. അച്യുതാനന്ദന്‍. ബാങ്കുകളില്‍ ക്യൂ നിന്ന് വലയുന്ന ജനം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്ത് ചാപ്പ കുത്തും. സാധാരണക്കാരുടെ ജീവിതത്തിന്‍െറ ചോരയോട്ടം നിയന്ത്രിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാനുള്ള മോദിയുടെ നീക്കം ജനജീവിതത്തെ തകിടംമറിച്ചിരിക്കുന്നു. മോദിയുടെ തലതിരിഞ്ഞ തീരുമാനങ്ങളെ പിന്താങ്ങുന്നവര്‍ ജനത്തിന്‍െറ ശത്രുക്കളായി മാറിക്കഴിഞ്ഞു. പാര്‍ലമെന്‍റില്‍ നോട്ട് നിരോധനം ചര്‍ച്ച ചെയ്യുന്ന സമയത്ത് അവിടെ എത്താന്‍ പോലും മോദി തയാറായില്ല. രാജ്യഭരണം തന്നെ മോദി ഹാസ്യകലാപരിപാടിയാക്കിമാറ്റിയിരിക്കുകയാണ്. വൈകാതെ തീരുമാനം പുന$പരിശോധിക്കാന്‍ തയാറാകണമെന്ന് വി.എസ് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top