വാഷിംഗ്ടണ്‍: കുടിയേറ്റക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ പരിമിതപ്പെടുത്താനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് യുഎസ് പ്രതിനിധി സഭയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയും മലയാളിയുമായ പ്രമീള ജയപാല്‍ ആഹ്വാനം ചെയ്തു. കുടിയേറ്റക്കാരെ അംഗീകരിക്കുകയും മറ്റ് രാജ്യങ്ങളിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും ചെയ്തിട്ടുള്ള രാജ്യമാണ് അമേരിക്ക. പുതിയ ഭരണ പരിഷ്കാരങ്ങള്‍ ലിംഗ, വര്‍ണ വേര്തിരിവിലേക്കാണു നീളുന്നതെന്നും ഇവയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പ്രമീള ആവശ്യപ്പെട്ടു.
ജനപ്രതിനിധി സഭയില്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായ പ്രമീള വാഷിംഗ്ടണ്‍ 7 ല്‍ നിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാടുകാരിയായ പ്രമീള ജയപാല്‍ (50) മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തനം. അഞ്ചാം വയസില്‍ ഇന്ത്യ വിട്ട ഇവര്‍ ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം പതിനാറാം വയസ്സില്‍ യുഎസിലെത്തി. അമേരിക്കയിലെ ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദവും നോര്ത്ത്വെസ്റ്റേണ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും നേടി. കഴിഞ്ഞവര്‍ഷം വാഷിങ്ടണ്‍ സംസ്ഥാന സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു. മാതാപിതാക്കള്‍ ബെംഗളൂരുവിലാണു താമസിക്കുന്നത്.