Flash News

ചുമട്ടുകാരനില്‍ നിന്ന് മന്ത്രിപദം വരെ

November 20, 2016

mani-sizeസിപിഐഎമ്മിന് ഇതാദ്യമായി ഒരു മന്ത്രിയുണ്ടാകുമ്പോള്‍ അത് വൈദ്യുതി മന്ത്രി തന്നെയായതിന്റെ സന്തോഷത്തിലാണ് ഇടുക്കിക്കാര്‍. എം.എം.മണിയെന്ന അടിമുടി പാര്‍ട്ടിക്കാരനായ മനുഷ്യനെ സംബന്ധിച്ച് ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളില്‍ ഒന്ന് മാത്രമാണ് മന്ത്രിസ്ഥാനം. കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ജനിച്ച എം.എം. മണി കുട്ടിക്കാലത്തേ കുടുംബസമേതം കുഞ്ചിത്തണ്ണിയില്‍ എത്തിയത് ജീവിക്കാന്‍ ഒരു വഴി തേടിയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അച്ഛന്‍. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ എം.എം മണി കുട്ടിക്കാലത്തേ കൂലിവേലയ്ക്കിറങ്ങി. ചുമട്ടുതൊഴിലാളിയായിട്ടായിരുന്നു തുടക്കം. വൈദ്യുതി പദ്ധതികള്‍ക്കായി കൊണ്ടുവരുന്ന ഉപകരണങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുകയും തലചുമടായി എത്തിക്കുകയുമായിരുന്നു ജോലി. അന്നേ കടുത്ത പുകവലിക്കാരനായിരുന്നു മണി. തീപെട്ടി വാങ്ങാന്‍ പൈസയില്ലാതെ ഒരു ബീഡിയില്‍ നിന്ന് മറ്റൊരു ബീഡിയിലേക്ക് തീകൊളുത്തുന്ന കാലം മണി പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അങ്ങനെയൊരു നാളിലാണ് 1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് ദേവികുളം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ലൗഡ്‌സ്പീക്കറില്‍ അനൗണ്‍സ് ചെയ്യാന്‍ കയറിയ പാര്‍ട്ടി പ്രവര്‍ത്തകനാണ് മണി. കനത്ത ശബ്ദം. അതായിരുന്നു മണിക്ക് തുണയായിരുന്നത്. പിന്നീട് ഏലം തോട്ടം തൊഴിലാളികളെയും, തേയില തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ചു. മൂന്നാറിലും ദേവികുളത്തും ഉടുമ്പന്‍ചോലയിലും പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തോട്ടം ഉടമകളുടെയും കങ്കാണിമാരുടെയും ചൂഷണത്തില്‍ നിന്ന് സ്ത്രീ തോട്ടം തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ആ കാലത്താണ് സ്ത്രീ തൊഴിലാളികളെ ആക്രമിക്കുകയും കമ്മ്യൂണിസ്റ്റുകാരെ ആക്രമിക്കുകയും ചെയ്തവരെ പാര്‍ട്ടി നേരിട്ടത്. അതാണ് പിന്നീട് മണിയുടെ 1,2,3 പ്രസംഗമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയത്. എം.എം. മണി എന്നും അങ്ങനെയായിരുന്നു. വെട്ടൊന്ന് മുറി രണ്ട് എന്നായിരുന്നു ശൈലി.മുണ്ടും മടക്കിക്കുത്തി പതിവിലും കറുത്ത ദേഹവുമായി മണിയാശാന്‍ അങ്ങനെ ഇടുക്കിയില്‍ നിറഞ്ഞുനിന്നു. ആരെയും കൂസാതെ, ആര്‍ക്കും വഴങ്ങാതെ.

sadfasdകടുത്ത വിഎസ് ഭക്തനായിരുന്നു എംഎം മണി. സംസ്ഥാന കമ്മിറ്റിയില്‍ വിഎസിനൊപ്പം ചേര്‍ന്ന് ഇഎംസിനെ പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയ ആള്‍. വിഎസിനെ കൈപിടിച്ച് മൂന്നാറിലെ മലകള്‍ കയറ്റിയതും 2001ല്‍ പ്രതിപക്ഷ നേതാവായിരിക്കെ വിഎസിന് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതും എംഎം മണി തന്നെയായിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ വിഎസിന് വേണ്ടി പ്രമേയം പാസാക്കിയ ആദ്യ ജില്ലാ കമ്മിറ്റികളില്‍ ഒന്നായിരുന്നു എംഎം മണി ജില്ലാ സെക്രട്ടറിയായിരുന്നു ഇടുക്കി കമ്മിറ്റി. പിന്നീട് വിഎസ് മുഖ്യമന്ത്രിയായി. മൂന്നാര്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചു. മണിയെ കുത്തിനോവിച്ച അനാവശ്യ പ്രസ്താവനകള്‍ മണിയെ വിഎസില്‍ നിന്ന് അകറ്റി. കടുത്ത വിഎസ് വിമര്‍ശകനായി മണി മാറി. പിണറായി ക്യാമ്പിന്റെ പ്രധാന തേരാളിമാരില്‍ ഒരാളായി. ഇതിനിടെ 1,2,3, പ്രസംഗം മണിയെ കേസില്‍ പ്രതിയാക്കി, ജില്ലയില്‍ നിന്നും നാടുകടത്തപ്പെട്ടു. എംഎം മണി എന്നാല്‍ ക്രൂരതയുടെ പര്യായമായി എതിരാളികള്‍ ചിത്രീകരിച്ചു. പക്ഷെ അതൊന്നും ഇടുക്കി ജില്ലയിലെ മണിയുടെ ജനപിന്തുണയെ ഏശിയില്ല. മാധ്യമങ്ങള്‍ ക്രൂരനായ ഒരു പരിഹാസ്യ കഥാപാത്രമായി മണിയെ ചിത്രീകരിച്ചെങ്കിലും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഏറ്റവും ശ്രദ്ധിക്കുന്ന ഒരു നേതാവായി മണി മാറി. മണി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. എംഎം മണി പറഞ്ഞു “എന്നെ പോലെ ഒരാള്‍, പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്ന് വന്ന ഒരാള്‍, വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആയി, എംഎല്‍എ ആയി.. ഇതാ ഇപ്പോള്‍ മന്ത്രിയുമായി. സിപിഐഎമ്മിലല്ലാതെ മറ്റേതെങ്കിലും പാര്‍ട്ടിയിലായിരുന്നെങ്കില്‍ ഇങ്ങനെ ആകാന്‍ കഴിയുമോ”. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറ്. അതാണ് മണിയുടെ ജീവിതം. കുഞ്ചിത്തണ്ണിയിലെ ചെറിയ വീട്ടില്‍ തന്നെയാണ് മണിയുടെ ജീവിതം. എല്ലാ വിഭാഗക്കാര്‍ക്കും സ്വീകാര്യനാണ് മണി. ഇടുക്കി ബിഷപ്പും എംഎം മണിയും തമ്മിലുള്ള ബന്ധം തന്നെ വേറിട്ട ഒന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരിങ്കുരങ്ങനെന്നാണ് വെള്ളാപ്പള്ളി നടേശന്‍ മണിയെ വിമര്‍ശിച്ചത്. ആ മണി ഇപ്പോള്‍ മന്ത്രിയാകുകയാണ്. ജാതിക്കും മതത്തിനും അതീതനായി. പാവപ്പെട്ടവരുടെ ശബ്ദമായി.

അടിസ്ഥാന വിദ്യാഭ്യാസം നേടിയില്ലെങ്കിലും പിന്നീട് വായനയിലൂടെയും പഠനത്തിലൂടെയും തന്നെയാണ് എം.എം മണി ഇന്നത്തെ നിലയിലെത്തിയത്. എല്ലാ മലയാള ദിനപത്രങ്ങളും ആനുകാലികങ്ങളും വായിക്കുക മാത്രമല്ല ഓരോ വിഷയത്തില്‍ അറിവുള്ളവരുമായി ചര്‍ച്ച നടത്തി വിഷയങ്ങള്‍ അതിന്റെ ആഴത്തില്‍ പഠിക്കാനും എം.എം മണിക്ക് കഴിഞ്ഞിട്ടുണ്ട്. എംഎം മണിയെ എന്നും നയിച്ചിട്ടുള്ളത് കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും സാധാരണ ജനങ്ങളെയും സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് തന്നെയാണ്. എം.എം മണി ഒരു വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഏതാണ് ജനപക്ഷം എന്ന് നോക്കിയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളവും ഇടുക്കിയും അത് കണ്ടതാണ്. വളരെ അയവേറിയ നയ നിലപാടുകളിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ പോലും പാര്‍ട്ടിക്കൊപ്പം ഇടുക്കിയില്‍ ചേര്‍ത്ത് നിര്‍ത്താന്‍ മണിക്കായി. ഇടുക്കിയില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ എംഎല്‍എമാര്‍, എംപി ഇതെല്ലാം മണിയുടെ ഈ തന്ത്രത്തിന്റെ വിജയമായിരുന്നു. വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇടുക്കിയില്‍ നിന്നാണ് മണി മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ചതിക്കുഴികളും തട്ടിപ്പും തിരിച്ചറിയാനുള്ള മൃഗസഹജമായ വാസനയുമായാണ് മണി എത്തുന്നത്. അതുകൊണ്ട് തന്നെ ഒരു നല്ല മന്ത്രിയാകാന്‍ മണിക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് ഇടുക്കികാരും പാര്‍ട്ടിക്കാരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top