Flash News

ഇത് ജനങ്ങള്‍ക്കുമേലുള്ള സംഘടിതമായ കൊള്ളയും പിടിച്ചുപറിയും…മന്‍മോഹന്‍െറ ആക്രമണത്തില്‍ മോദി നിശ്ശബ്ദനായി

November 25, 2016

o-manmohan-singh-facebookന്യൂഡല്‍ഹി: കറന്‍സി നിരോധനം സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍. കേന്ദ്ര സര്‍ക്കാറിനെ കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാക്കിയിരിക്കുകയാണ് ഈ നടപടിയെന്നും മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു മന്‍മോഹന്‍െറ ആക്രമണം. കറന്‍സി നിരോധനം രാജ്യത്തിന്‍െറ സമ്പദ്ഘടനക്കുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് എണ്ണിയെണ്ണി പറഞ്ഞ മന്‍മോഹനുമുന്നില്‍ നിശ്ശബ്ദമായി മോദി എല്ലാം കേട്ടിരുന്നു. ഉച്ചക്കുശേഷം അദ്ദേഹം സഭയില്‍ എത്തിയതുമില്ല.

അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണത്തിന് തടയിടാനും വ്യാജനോട്ടുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയാനുമാണ് എന്ന് പ്രധാനമന്ത്രി പറയുന്നു. ഈ ലക്ഷ്യങ്ങളോട് വിയോജിക്കുന്നില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. എന്നാല്‍, നടപടിക്രമങ്ങളില്‍ ചരിത്രപരമായ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു. ഇപ്പോഴത്തെ·നടപടി രാജ്യത്തിന്‍െറ കറന്‍സി വ്യവസ്ഥയിലും ബാങ്കിങ് സമ്പ്രദായത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ദുര്‍ബലപ്പെടുത്തിയത്. തങ്ങള്‍ നിക്ഷേപിച്ച സ്വന്തം പണം ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതെങ്കിലും ഒരു രാജ്യത്തിന്‍െറ ഉദാഹരണം പ്രധാനമന്ത്രിക്ക് പറയാന്‍ കഴിയുമോ എന്ന് മന്‍മോഹന്‍ സിംഗ് മോദിയെ വെല്ലുവിളിച്ചു. ഇത് കാര്‍ഷികമേഖലയെയും ചെറുകിട വ്യവസായങ്ങളെയും മാത്രമല്ല, രാജ്യത്തെ ഏതൊരു വ്യക്തിയെയും ദോഷകരമായി ബാധിക്കും. ഈ നടപടിമൂലം രാജ്യത്തിന്‍െറ മൊത്തം ആഭ്യന്തര ഉല്‍പാദനം രണ്ടു ശതമാനം കണ്ട് താഴോട്ട് പോരുമെന്ന് സിംഗ് മുന്നറിയിപ്പ് നല്‍കി. പെരുപ്പിച്ച കണക്കല്ല ഇത്. ഈ പദ്ധതി എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്നതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി കൊണ്ടുവരണം. അതോടൊപ്പം സാധാരണക്കാര്‍ക്കുണ്ടായ ദുരിതം കുറക്കാനും നടപടി വേണം.

ഈ നടപടികൊണ്ട് ഹ്രസ്വകാലത്തേക്ക് മാത്രമാണ് ദുരിതമെന്നും ദീര്‍ഘകാലത്തേക്ക് നല്ലതാണെന്നും ന്യായീകരിക്കുന്നതിനെയും മന്‍മോഹന്‍ പരിഹസിച്ചു. ‘ദീര്‍ഘകാലം കഴിയുമ്പോള്‍ നമ്മളെല്ലാം മരിച്ചിട്ടുണ്ടാകും’ എന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ മെയ്നാഡ് കെയിന്‍സിന്‍െറ വാക്കുകള്‍ കൊണ്ടാണ് സിംഗ് നേരിട്ടത്. അമ്പത് ദിവസം കാത്തിരിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ശരിയാണ്, 50 ദിവസം ചെറിയ കാലയളവാണ്. എന്നാല്‍, പാവങ്ങളെ സംബന്ധിച്ച് 50 ദിവസത്തെ പീഡനം തന്നെ ദുരന്തഫലമാണുണ്ടാക്കുക. അതുകൊണ്ടാണ് അറുപത്തഞ്ചോ അതില്‍ കൂടുതലോ പേര്‍ മരിച്ചത്. അതിനാല്‍, ഒരു രാത്രികൊണ്ട് പ്രധാനമന്ത്രി അടിച്ചേല്‍പ്പിച്ച തീരുമാനത്തിന്‍െറ ഫലമായി സാധാരണ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളുടെ അന്തിമഫലം എന്താകുമെന്ന് അറിയില്ലെന്ന് എല്ലാ ഉത്തരവാദിത്തത്തോടുംകൂടി പറയുകയാണ്.

പണം പിന്‍വലിക്കുന്നതു സംബന്ധിച്ച് എല്ലാ ദിവസവും പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുകയാണ്. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഓഫിസുകളുടെയും റിസര്‍വ് ബാങ്കിന്‍െറയും പിടിപ്പുകേടാണിത് കാണിക്കുന്നത്. റിസര്‍വ് ബാങ്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പൂര്‍ണമായും ന്യായീകരിക്കേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും പറയാനാഗ്രഹിക്കുന്നില്ല. ബഹുഭൂരിപക്ഷം ജനങ്ങളും അനുഭവിക്കുന്ന ദുരിതം കുറക്കാന്‍ പ്രായോഗിക നടപടികള്‍ കണ്ടത്തെണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്. അസംഘടിതമേഖലയിലാണ് രാജ്യത്തെ·90 ശതമാനവും തൊഴിലെടുക്കുന്നത്. 55 ശതമാനം വരുന്ന കര്‍ഷക തൊഴിലാളികളും ദുരിതത്തിലാണ്. ഗ്രാമീണമേഖലയിലെ വലിയ വിഭാഗത്തിന് സേവനം നല്‍കുന്ന സഹകരണ ബാങ്കുകളെ പണം കൈകാര്യം ചെയ്യുന്നതില്‍നിന്ന് വിലക്കി. അതോടെ സഹകരണ ബാങ്കിംഗ് സമ്പ്രദായം പ്രവര്‍ത്തന രഹിതമായി. യഥാര്‍ഥത്തില്‍ ഇത് ജനങ്ങള്‍ക്കുമേലുള്ള സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ്. ആരുടെയും വീഴ്ചകള്‍ കുത്തിപ്പൊക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങളുടെ ദുരിതമകറ്റാന്‍ പ്രധാനമന്ത്രി ഈ വൈകിയവേളയിലെങ്കിലും പരിഹാര നടപടികളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞാണ് മന്‍മോഹന്‍ സിംഗ് അവസാനിപ്പിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top