Flash News

ഫിദല്‍ കാസ്‌ട്രോ; നഷ്ടമായത് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തിനെ: നരേന്ദ്ര മോദി

November 26, 2016

narendra-modi-6ഇന്ത്യ എന്നും തന്റെ ധൈര്യമാണെന്ന് കാസ്‌ട്രോ പറയുമായിരുന്നു. സോഷ്യലിസ്റ്റ് ക്യൂബയുമായി ആദ്യം നയതന്ത്ര ബന്ധം സ്ഥാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇരുപതാം നൂറ്റാണ്ടിന്റെ ബിംബങ്ങളിലൊരാളെയാണ് നഷ്ടമായത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയെ പോലെ ധീരനിലപാടുള്ള ഒരു രാജ്യത്തിന് ഈ പദവി കൈമാറുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. 1983ല്‍ ദില്ലിയില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃത്വം ഇന്ദിരാ ഗാന്ധിയെ ഏല്പിച്ചു കൊണ്ട് ഫിദല്‍ കാസ്‌ട്രോ ഇങ്ങനെ പറഞ്ഞു. ഇന്ത്യ തന്നോട് കാട്ടിയ വാല്‍സല്യത്തിന് നന്ദി പ്രകടിപ്പിച്ച് ഫിദല്‍ കാസ്‌ട്രോ ഇന്ദിരാഗാന്ധിയെ പുണര്‍ന്നു.

ആ ചിത്രം ഇന്ന് ചരിത്രമാണ്. ബാറ്റിസ്റ്റാ ഭരണകൂടത്തിനെതിരെയുള്ള പോരാട്ട കാലത്ത് തന്നെ പിന്തുണയ്ക്കായി ചെഗുവേരയെ ഫിദല്‍ ഇന്ത്യയിലേക്കയച്ചിരുന്നു. പിന്നീട് ക്യൂബന്‍ പ്രസിഡന്റായ ഫിദലിനെ ജവഹര്‍ലാല്‍ നെഹ്‌റു ഐക്യരാഷ്ട്ര സമ്മേളനത്തിനിടെ അദ്ദേഹം താമസിച്ചിരുന്ന ന്യൂയോര്‍ക്കിലെ തെരേസ ഹോട്ടലില്‍ അങ്ങോട്ടു പോയി കണ്ടു. 34കാരനായ തന്നെ കാണാന്‍ നെഹ്‌റു എത്തിയത് പകര്‍ന്ന ധൈര്യം ചെറുതായിരുന്നില്ല എന്ന് വ്യക്തമാക്കിയ ഫിദല്‍ ആ നല്ല ബന്ധം ഇന്ദിരാഗാന്ധിയുമായും തുടര്‍ന്നു.

ഇന്നും ക്യൂബയിലെ പെണ്‍കുട്ടികള്‍ക്ക് ഇന്ദ്ര എന്ന പേരുള്ളത് ആ ബന്ധത്തിന്റെ സൂചനയാണ്. ഏതു രാഷ്ട്രീയമുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരുമ്പോഴും ക്യൂബയ്‌ക്കെതിരെയുള്ള ഉപരോധത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വ്യത്യസ്ത നിലപാടില്ലായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ ഇന്ത്യ ക്യൂബന്‍ ഉപരോധത്തിനെതിരെ വോട്ടു ചെയ്തു.

ഇന്ത്യയുടെ മഹാനായ സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദുഖത്തിന്റെ ഈ അന്തരീക്ഷത്തില്‍ ഇന്ത്യ ക്യൂബന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്പതി പ്രണബ് മുഖര്‍ജിയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഫിദല്‍ കാസ്ട്രായുടെ മരണത്തില്‍ അനുശോചിച്ചു. 1985ല്‍ രാജീവ് ഗാന്ധി ക്യൂബ സന്ദശിച്ച് മടങ്ങിയപ്പോള്‍ അഞ്ചു ലക്ഷം പേരെ വീഥിക്കിരുവശവും നിറുത്തിയാണ് ഫിദല്‍ കാസ്‌ട്രോ യാത്രയാക്കിയത്.

2013ല്‍ ഉപരാഷ്ട്തി ഹമീദ് അന്‍സാരി ക്യൂബയില്‍ എത്തിയപ്പോള്‍ അഞ്ചു മാസമായി ആരെയും കാണാന്‍ കൂട്ടാക്കാതിരുന്ന ഫിദല്‍ അദ്ദേഹത്തിന് സന്ദര്‍ശന അനുമതി നല്‍കി. ഇന്ത്യയോട് ഒരിക്കലും നോ എന്ന് പറയാനാവില്ലെന്നായിരുന്നു കാസ്‌ട്രോയുടെ ന്യായീകരണം. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാത്രമല്ല ഒരു സമയത്തെ യുവ ചിന്തയേയും രാജ്യാന്തര നയത്തെയും ഒക്കെ സ്വാധീനിച്ച വ്യക്തിക്കാണ് ഇന്ന് വിട പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top