കേരളത്തില്‍ മൂന്നുദിവസം സി.പി.എം ദുഃഖാചരണം

castroകോഴിക്കോട്: ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ ഫിദല്‍ കാസ്ട്രോയുടെ മരണം തീരാനഷ്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്യൂബന്‍ വിപ്ളവത്തിന് നേതൃത്വംനല്‍കിയ കാസ്ട്രോ മൂന്നരപ്പതിറ്റാണ്ട് അവിടെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു. ഇതിലൂടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശ്രദ്ധേയ നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. ക്യൂബയെ കമ്യൂണിസ്റ്റ് രാഷ്ട്രമായി പരിവര്‍ത്തനം ചെയ്യുന്നതിന് അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. ക്യൂബയിലെ വിമോചനപോരാളികള്‍ക്ക് നേതാവായ അദ്ദേഹത്തെ വധിക്കാന്‍ അമേരിക്ക പലതവണ ശ്രമിച്ചിട്ടും സാധ്യമായില്ല. അദ്ദേഹത്തിന്‍െറ വന്‍ ജനപിന്തുണയായിരുന്നു അതിന് കാരണം -കോടിയേരി ചൂണ്ടിക്കാട്ടി.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടം എങ്ങനെയാണ് നടത്തേണ്ടതെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കാന്‍ കാസ്ട്രോക്ക് കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്ര രംഗത്ത് ക്യൂബ കൈവരിച്ച നേട്ടത്തിനു പിന്നിലും അദ്ദേഹത്തിന്‍െറ പങ്ക് നിര്‍ണായകമായിരുന്നു. സി.പി.എമ്മിന് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ഓരോ പ്രശ്നവും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. സി.പി.എം ക്യൂബക്കും ക്യൂബന്‍ജനതക്കും ഒട്ടേറെ സഹായം നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തിന്‍െറ നിര്യാണത്തിലൂടെ ലോകത്തിനുണ്ടായ ദുഃഖത്തില്‍ സി.പി.എമ്മും പങ്കുചേരുന്നു. ഇതിന്‍െറ ഭാഗമായി കേരളത്തില്‍ മൂന്നു ദിവസം സി.പി.എം ദുഃഖാചരണം നടത്തും. ചെങ്കൊടി പകുതി താഴ്ത്തിക്കെട്ടും. പകരം കറുത്തകൊടി ഉയര്‍ത്തും. വിവിധ കേന്ദ്രങ്ങളില്‍ അനുശോചനയോഗങ്ങളും സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു

ഫിദല്‍ മരണമില്ലാത്ത ഓര്‍മ: മുഖ്യമന്ത്രി

history_speeches_4010_castro_assumes_power_cuba_sf_still_624x352തിരുവനന്തപുരം: ഫിദല്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറതന്നെ ധീരനായ നേതാവായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ലോകത്തെവിടെയുമുള്ള സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനില്‍പിന്‍െറ പ്രചോദനകേന്ദ്രമായിരുന്നു അദ്ദേഹം. മരണമില്ലാത്ത ഓര്‍മയായി മാറുകയാണ് കാസ്ട്രോ.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ ധീരമായി വെല്ലുവിളിച്ച് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അതിജീവനം സാധ്യമാക്കിയ സമാനതകളില്ലാത്ത ശക്തമായ വ്യക്തിത്വത്തിന്‍െറ ഉടമയാണ് അദ്ദേഹം. വിപ്ളവ വീരേതിഹാസത്തിന്‍െറ ധീരപ്രതീകമായി ലോകം എക്കാലവും കാസ്ട്രോയെ മനസ്സില്‍ സൂക്ഷിക്കും. സോഷ്യലിസ്റ്റ് ഭരണമാതൃകയായി അദ്ദേഹത്തിന്‍െറ പ്രസിഡന്‍റ്കാലത്തെ ലോകം അനുസ്മരിക്കും. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ മുറുകെപിടിച്ച് ‘സോഷ്യലിസം സോഷ്യലിസം മാത്രം’ എന്ന് അദ്ദേഹം ഉറപ്പിച്ചുനിര്‍ത്തി. അത് ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് പകര്‍ന്നുകൊടുത്ത ശക്തിയും ധൈര്യവും വളരെയേറെയാണ്. സാമ്രാജ്യത്വത്തിന്‍െറ ഇടതടവില്ലാത്ത ഉപരോധങ്ങളെയും നൂറുകണക്കായ വ്യക്തിഗത വധഭീഷണികളെയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസ്റ്റ് കോട്ടയാക്കി ഉറപ്പിച്ചുനിര്‍ത്തി. ക്യൂബന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ധീരനായകനായി നിന്ന് പൊരുതിയാണ് ഇതൊക്കെ സാധിച്ചതെന്നും പിണറായി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment