Flash News

സഹകരണബാങ്കുകളിലെ വായ്പകുടിശ്ശിക മാര്‍ച്ച് 31വരെ അടക്കേണ്ട, ജപ്തിയും പിഴ ഈടാക്കലും നിര്‍ത്തിവച്ചു

November 30, 2016

keralastatecobankതിരുവനന്തപുരം: സഹകരണബാങ്കുകളിലെ വായ്പകുടിശ്ശികകള്‍ക്ക് സര്‍ക്കാര്‍ നാലുമാസത്തെ സാവകാശം അനുവദിച്ചു. നോട്ട് അസാധുവാക്കല്‍ മൂലം വായ്പതുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മാര്‍ച്ച് 31വരെ എല്ലാ ജപ്തിനടപടികളും പിഴ ഈടാക്കലും നിര്‍ത്തിവെക്കും. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാലയളവില്‍ ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ നോട്ട് പ്രതിസന്ധി സംബന്ധിച്ച് മന്ത്രസഭാ യോഗം ചര്‍ച്ച ചെയ്തില്ല. സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ് സര്‍വിസിലെ തസ്തികകളുടെ യോഗ്യത പരിഷ്കരിച്ച് പുറപ്പെടുവിച്ച ഉത്തരവിന് 2011 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ മുന്‍ സര്‍ക്കാറിന്‍െറ നടപടി മന്ത്രിസഭയോഗം റദ്ദാക്കി. 2016 ജൂണ്‍ നാലിന് ശേഷമുള്ള വിജ്ഞാപനങ്ങള്‍ക്കുമാത്രമേ ഭേദഗതി ബാധകമാവൂ. സംരക്ഷിതഅധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തികനിര്‍ണയം എന്നിവയുടെ കാര്യത്തില്‍ കേരള വിദ്യാഭ്യാസചട്ടത്തില്‍ ഭേദഗതി വരുത്തും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഈ അധ്യയനവര്‍ഷം 20 സീറ്റുകള്‍കൂടി അനുവദിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ 281 തസ്തികകളും സൃഷ്ടിക്കും. ഇവിടെ 38 അധ്യാപകരെ ഉടന്‍ നിയമിക്കും.

പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇക്കാര്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകളടക്കം നിയമ പോരാട്ടം തുടരുന്നുണ്ടെങ്കിലും ഇതുവരെ കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബാങ്കോ അനുകൂലമായ തീരുമാനമൊന്നും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനോ വായ്പകള്‍ തിരിച്ചടയ്ക്കാനോ ഇടപാടുകാര്‍ക്ക് കഴിയുന്നില്ല. വായ്പകള്‍ അനുവദിക്കാനോ നോട്ട് പിന്‍വലിക്കുന്നതിന് മുമ്പ് പാസ്സാക്കിയ വായ്പകള്‍ പോലും വിതരണം ചെയ്യാനോ ഇപ്പോള്‍ കഴിയുന്നുമില്ല.

ഫലത്തില്‍ എല്ലാ അര്‍ത്ഥത്തിലും സഹകരണ ബാങ്കുകള്‍ നിശ്ചലമായ സ്ഥിതിയില്‍ ഉപഭോക്താക്കള്‍ ആശങ്കയിലാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജപ്തി അടക്കമുള്ള നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ട് മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്ത്. ആശങ്കയിലായ ഇടപാടുകാര്‍ക്ക് ഭാഗികമായെങ്കിലും ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top