സ്ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 14 മരണം

trichy-explosionകോയമ്പത്തൂര്‍: തിരുച്ചിയില്‍ സ്വകാര്യ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മാണകേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ 14 തൊഴിലാളികള്‍ മരിച്ചു. തിരുച്ചി തുറയൂര്‍ ഉപിലിപാളയം മുരിങ്കംപട്ടിയിലെ ‘വെട്രിവേല്‍ എക്സ്പ്ളോസീവ്സ്’ ഫാക്ടറിയുടെ ഗോഡൗണിലായിരുന്നു സ്ഫോടനം.

തിരുച്ചി തുറയൂര്‍ പാതപേട്ട സുബ്രഹ്മണ്യന്‍, രവീന്ദ്രന്‍, മുരിങ്കംപട്ടി രവിചന്ദ്രന്‍, നകുലന്‍, ചെന്താരപട്ടി ഭൂപതി, പ്രവീണ്‍, മുരുകന്‍, കോണോരിപട്ടി ലോറന്‍സ്, ചെങ്കാട് ശെല്‍വകുമാര്‍, വൈരിചെട്ടിപാളയം കാര്‍ത്തികേയന്‍, നാഗനല്ലൂര്‍ രാജപ്രകാശ്, ചെപ്പംപട്ടി ശ്രീനിവാസന്‍, സമ്പത്ത്, പ്രകാശ് എന്നിവരാണ് മരിച്ചത്. ചെമ്പട്ട വിജയ്കാന്ത്, പാതര്‍പേട്ട ചന്ദ്ര, നാനല്ലൂര്‍ വടിവേല്‍ എന്നിവരെ ഗുരുതര പരിക്കോടെ തുറയൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറികളില്‍ പാറകള്‍ പൊട്ടിക്കാനും മറ്റും ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവയാണ് നിര്‍മിച്ചിരുന്നത്. സ്റ്റിക്കുകളുടെ ശേഖരം ഗോഡൗണിലേക്ക് മാറ്റവെ ഒരു പെട്ടി താഴെ വീണതാണ് അപകടകാരണം.
സ്ഫോടനത്തിന്‍െറ പ്രകമ്പനം ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.

20ഓളം തൊഴിലാളികളാണ് രാവിലത്തെ ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നത്. പലരുടെയും ശരീരഭാഗങ്ങള്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറി. പലതും മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്ക് മുകളിലുമായി തൂങ്ങിക്കിടന്നു. മൃതദേഹങ്ങള്‍ മണ്ണുമാന്തികളുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ഫാക്ടറി വളപ്പിലെ മറ്റൊരു കെട്ടിടത്തിലുണ്ടായ തീയും പുകയും ആശങ്കയുയര്‍ത്തിയെങ്കിലും നിയന്ത്രണവിധേയമാക്കി. രാവിലെ എട്ടിന് കമ്പനിയില്‍ 300ഓളം തൊഴിലാളികള്‍ എത്തുമായിരുന്നു. ഇതിന് മുമ്പ് സ്ഫോടനം നടന്നതിനാല്‍ ദുരന്തത്തിന്‍െറ വ്യാപ്തി കുറഞ്ഞു.

Print Friendly, PDF & Email

Leave a Comment