അമേരിക്ക വിട്ടു പോകാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ട്രം‌പിന്റെ മുന്നറിയിപ്പ്

trumpന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് താവളം മാറ്റുന്ന യുഎസ് കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. അമേരിക്ക വിടുന്ന കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. യു.എസില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുകയും രാജ്യം വിടുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുമെന്നുമാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

അമേരിക്കയില്‍ തുടരാനുള്ള എ.സി നിര്‍മ്മാതാക്കളായ കാരിയര്‍ കമ്പനിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ചു കൊണ്ടാണ് ട്രംപ് തന്റെ നിലപാട് പ്രഖ്യാപിച്ചത്. യുഎസ് വിട്ട് മെക്‌സിക്കോയില്‍ പ്ലാന്റ് തുടങ്ങാന്‍ കാരിയര്‍ കമ്പനി മുമ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് കമ്പനി പിന്‍വാങ്ങിയതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. യുഎസില്‍ തുടരുന്ന കമ്പനികള്‍ക്ക് തന്റെ പ്രഖ്യാപനം ആശ്വാസകരമാവുമെന്നും വലിയ പ്രത്യാഘാതങ്ങള്‍ നേരിടാതെ കമ്പനികള്‍ക്ക് യുഎസ് വിടാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

കാരിയറിനെ കൂടാതെ നിരവധി കമ്പനികള്‍ അവരുടെ പ്ലാന്റുകള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അവര്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണിത്. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം കമ്പനികളും തിരിച്ചു വരണമെന്നും, അവര്‍ക്കായി നികുതിയിളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും ട്രം‌പ് ഉറപ്പു നല്‍കി. ഘട്ടംഘട്ടമായി ഔട്ട്സോഴ്സിംഗ് നിര്‍ത്തലാക്കി അമേരിക്കയിലെ അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ കൊടുക്കാനാണ് ട്രം‌പ് ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ട്രംപിന്റെ തീരുമാനത്തോട് വളരെ ശ്രദ്ധയോടെയാണ് മറ്റ് പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചത്. രാജ്യത്തെ ബിസിനസ് മേഖലയില്‍ വലിയ കുതിപ്പാണ് ഈ തീരുമാനം കൊണ്ടുണ്ടാകുന്നതെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment