ക്യൂബയുടെ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ സംസ്കാരം ഇന്ന് സാന്‍ഡിയാഗോയില്‍

cubaഹവാന: ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാരം ഇന്ന്. കാസ്‌ട്രോ തന്റെ വിപ്ലവ യാത്രക്ക് തുടക്കം കുറിച്ച സാന്‍ഡിയാഗോയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പതിനായിരങ്ങളാണ് ഫിദലിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സാന്‍ഡിയാഗോയിലെത്തുന്നത്.

ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് സംസ്‌കാരം നടക്കാന്‍ പോകുന്നത്. നാലു ദിവസം നീണ്ട വിലാപയാത്രയ്ക്കു ശേഷം ഫിദലിന്റെ ഭൗതികാവശിഷ്ടം വഹിച്ചുകൊണ്ടുള്ള റാലി സാന്‍ഡിയാഗോയിലെത്തി. നിരവധി പേരാണ് കാസ്‌ട്രോക്ക് അന്ത്യ യാത്ര നല്‍കാനായി തെരുവുകളില്‍ തടിച്ചുകൂടിയത്.

ഇന്ത്യന്‍ സമയം വൈകീട്ട് 5 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സാന്റ ഇഫിജീനിയ സെമിത്തേരിയിലാണ് സംസ്‌കാരം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും നിരവധി രാഷ്ട്രതലവന്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഹവാനയിലെത്തിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രനേതാക്കളൊന്നും ചടങ്ങില്‍ പങ്കെടുക്കുന്നില്ല. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നും പ്രതിനിധികളെ അയച്ചിച്ചുണ്ട്. അമേരിക്ക ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ചടങ്ങില്‍ പങ്കെടുക്കാനായി അയച്ചത്.

കഴിഞ്ഞമാസം 25 നാണ് ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചത്.

ഇതിനിടെ ഫിദല്‍ കാസ്‌ട്രോയുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ പേര് പൊതുസ്ഥലങ്ങള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, സ്മാരകങ്ങള്‍ക്കോ നല്‍കരുതെന്ന് അദ്ദേഹത്തിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ നിര്‍ദ്ദേശിച്ചു.

പ്രമുഖര്‍ മരണത്തിനു ശേഷം നഗരങ്ങള്‍ക്കും പ്രധാനപ്പെട്ട റോഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമൊക്കെ അവരുടെ പേരു ചേര്‍ത്തു നല്‍കി ആദരവു പ്രകടിപ്പിക്കുന്ന രീതി ലോകത്തെങ്ങുമുണ്ട്. എന്നാല്‍ ഫിദല്‍ ആ രീതികള്‍ക്ക് എതിരായിരുന്നുവെന്നാണ് റൗള്‍ കാസ്‌ട്രോ അറിയിച്ചത്. തന്നെ അത്തരത്തില്‍ ആരാധിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നുവെന്നും ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ പോലും അദ്ദേഹം തന്റെ ഈ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും റൗള്‍ പറഞ്ഞു.

ഫിദലിന്റെ മരണത്തിനു പിന്നാലെ ഇക്കാര്യം അറിയിച്ചിരുന്നതാണെങ്കിലും കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടിയാണ് വീണ്ടും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുന്നതെന്നും റൗള്‍ പറഞ്ഞു.

b-2 newsa4ce3b12440e55c9aba467d3e1ccaf07

Print Friendly, PDF & Email

Leave a Comment