Flash News

സിംഹാസനങ്ങളുടെ മൂര്‍ത്തഗോപുരങ്ങളില്‍ (ലേഖനം)

December 5, 2016

simha-size

writing-photo-2പ്രാര്‍ത്ഥനകളുടെ പുണ്യഭൂമിയിലേക്ക് കാലുകുത്തിയ ആ നിമിഷം ശരീരത്തിലൂടെ കടന്നു പോയ വൈദ്യുതതരംഗങ്ങള്‍ എന്റെ മനസ്സിനെ തൊട്ടു വലംവച്ചു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ തീര്‍ത്ഥാടനമണിഗോപുരങ്ങളെ സാക്ഷിപ്പെടുത്തി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ വത്തിക്കാന്റെ മുന്നില്‍ ഞാന്‍ നിന്നു. ഹൃദയം കൊണ്ടു നമസ്ക്കരിച്ച്, സഹനത്തിന്റെയും ത്യാഗത്തിന്റെയും സമസ്ത ദന്തഗോപുരങ്ങള്‍ക്ക് മുന്നില്‍ പ്രണമിച്ച് നില്‍ക്കുമ്പോള്‍ ഒരു പ്രാവിന്റെ കുറുകല്‍ പോലെ, അലയാഴിയലയടിച്ചു ഉയരുന്നതു പോലെ ശബ്ദവീചികള്‍ അവിടെ പ്രകമ്പം കൊണ്ടു. കണ്ണിനും മനസ്സിനും എന്തെന്നില്ലാത്ത അനിര്‍വചനീയമായ ആനന്ദാനുഭൂതി പകരുന്ന വര്‍ണ്ണോജ്ജ്വല ചിത്രങ്ങള്‍ ഓരോ ചുവരുകളിലും നക്ഷത്രമാലകള്‍ പോലെ തിളങ്ങുന്നു. മുന്നില്‍ ആള്‍ത്തിരക്കേറി വരുന്നു. ഞാന്‍ കാലടികള്‍ സസൂക്ഷ്മം മുന്നോട്ടുവച്ചു. എന്നോടൊപ്പം കാലവും ചരിത്രവും കൂടെ വരുന്നത് ഞാനറിഞ്ഞു.

പോപ്പ് ജൂലിയസ് രണ്ടാമന്റെ കാലത്ത് “കൊണ്‍സ്റ്റന്റൈന്‍ ബസലിക്ക” എന്നായിരുന്നു ഇതിന്റെ പേര്. അദ്ദേഹത്തിന്റെ കാലത്ത് ഏതാണ്ട്, എ.ഡി. 1503 മുതല്‍ 1513 വരെയുള്ള കാലയളവിലാണ് ഇപ്പോള്‍ കാണുന്നതുപോലെ വാസ്തുഭംഗിയില്‍ ബസലിക്ക പുതുക്കിപ്പണിതത്. തൈബര്‍ നദിയുടെ തീരത്ത്, അനശ്വര നഗരമെന്നു പുകള്‍പെറ്റ ഇറ്റാലിയന്‍ ഉപദ്വീപിന്റെ മദ്ധ്യപടിഞ്ഞാറന്‍ ഭാഗത്തുള്ള റോമിലെ വത്തിക്കാന്‍ നഗരത്തിനു നടുവിലാണ് ബസലിക്ക. അലങ്കാരച്ചാര്‍ത്തായി മൈക്കിള്‍ ആഞ്ജലോയുടെ അന്യാദൃശ്യമായ നിറച്ചാര്‍ത്തിന്റെ സൗന്ദര്യപ്രവാഹം. സ്വര്‍ഗ്ഗീയ മാലാഖമാരുടെ മിഴികള്‍ ചലിക്കുന്നത് പോലെ അനുഭവപ്പെടുന്നു. ബൈബിളിലെ ഓരോ രംഗത്തെയും പുനരാവിഷ്ക്കരിച്ചിരിക്കുന്ന അവിസ്മയത ഞാന്‍ അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. ക്രിസ്തുവിന്റെ ശിഷ്യന്‍ സെന്റ് പീറ്റര്‍ അന്ത്യവിശ്രമം കൊള്ളുന്നിടത്ത് ദിവ്യതേജസ്സിന്റെ ബഹിര്‍സ്ഫുരണം അലയടിക്കുന്നതു പോലെ തോന്നി. അവിടെ ജനത്തിരക്കേറെയായിരുന്നു.

സെന്റ് പീറ്റേഴ്‌സ് ബസലിക്ക ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളില്‍ ഒന്നാണ്. പാരമ്പര്യം അനുസരിച്ച് പത്രോസിന്റെ ശവകൂടീരം ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയുടെ അടിയിലാണുള്ളത്. പത്രോസായിരുന്നു റോമിലെ ആദ്യ മെത്രാന്‍. പത്രോസ് അപൊസ്റ്റൊലെന്‍ അടക്കം ചെയ്യപ്പെട്ട വത്തിക്കന്‍ കുന്നില്‍ കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നാലാം നൂറ്റാണ്ടില്‍ ഒരു ദേവാലയം നിര്‍മിച്ചിരുന്നു. 1506 ഏപ്രില്‍ 18 മുതല്‍ 1626 നവംബര്‍ 18 വരെയായിരുന്നു പുതിയ ബസലിക്കയുടെ നിര്‍മ്മാണം. സെന്റ് പീറ്റേര്‍സ് ബസിലിക്ക കത്തോലിക്കരുടെ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. നിരവധി മാര്‍പ്പാപ്പമാര്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.120 വര്‍ഷം നീണ്ട ദേവാലയനിര്‍മ്മാണത്തില്‍ മൈക്കലാഞ്ചലൊ എന്ന കലാകാരന്റെ പങ്ക് വലുതാണ്. ബസലിക്കയുടെ മദ്ധ്യഭാഗത്തായി താഴത്തെ നിലയിലാണ് സെന്റ് പീറ്ററിനെ അടക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആ ഭാഗത്തേക്ക് പ്രവേശനമില്ല. താഴേക്ക് പോകുന്ന കോണിപ്പടികള്‍ മാത്രമേ കണ്ണിനു മുന്നില്‍ അനാവൃതമാവുന്നുള്ളു. മുകളില്‍ ഭക്തിയുടെ പുരാവൃത്ത കാഴ്ചകളെന്നതുപോലെ വൃത്താകൃതിയില്‍ മെഴുകുതിരികള്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു. സ്വര്‍ണ്ണച്ചാമരങ്ങളും വിശറികളും സുഗന്ധം വമിക്കുന്ന പൂക്കളും പക്ഷേ അവിടെ അലങ്കരിച്ചിരുന്നില്ല. ഭക്തിയുടെ പാരമ്യതയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ ഇവിടേക്ക് ഒഴുകികൊണ്ടിരിക്കുന്നു. ദിവസേന എത്തുന്നത് ലക്ഷക്കണക്കിനാളുകള്‍. അവര്‍ക്ക് സ്പാനിഷോ, ഇറ്റാലിയനോ, എന്തിന് ഇംഗ്ലീഷ് പോലും വശമില്ല. അതൊന്നും ബസലിക്കയിലെത്തിച്ചേരാന്‍ തടസ്സമല്ലെന്ന് ഇവിടുത്തെ തിരക്ക് ഓര്‍മ്മപ്പെടുത്തുന്നു. ഹൃദയം തകര്‍ന്ന് ആശയറ്റ് പ്രതീക്ഷകളില്ലാതെ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെ സ്‌നേഹാര്‍ദ്രമായ ആശാകേന്ദ്രമാണിത്. ബസലിക്കയില്‍ നിറഞ്ഞു നില്‍ക്കുന്ന കാറ്റിന്റെ കേദാരഭൂമി പിന്നിട്ട് ഞാന്‍ നടന്നു.

ക്രിസ്തുവിന്റെ അപ്പോസ്‌തോലനായ പത്രോസ് ശ്ലീഹ നിത്യവിശ്രമം കൊള്ളുന്നതിന്റെ ഇടത്ത് ഭാഗത്തായി ഒരു പള്ളിയും അതിനുള്ളില്‍ ആരാധനയുമുണ്ട്. എ.ഡി. 64ലാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ പീറ്ററിനെ അതിക്രൂരമായി കൊല ചെയ്യുന്നത്. ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ശിഷ്യന്മാര്‍ ലോകത്തിന്റെ പലഭാഗത്തേയ്ക്ക് യാത്രചെയ്തപ്പോള്‍ അവര്‍ക്ക് മുന്നിലെ വെല്ലുവിളിയായി നിലകൊണ്ടത് ഈ പൈശാചിക ശക്തികളായിരുന്നു. മറ്റെല്ലായിടത്തുനിന്നുമെന്നതു പോലെ റോമിലും ഇതു സംഭവിച്ചു. വംശാധിപത്യത്തിന്റെയും സേച്ഛാധിപത്യത്തിന്റെയും നിഴല്‍ക്കൂട്ടില്‍ നിന്നുകൊണ്ട് അവര്‍ സ്വാതന്ത്ര്യം എന്തെന്നറിയാതെ കൂറ്റാകൂറ്റിരുട്ടില്‍ തപ്പിതടഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട അടിമകളുടെ നടുവിലേക്ക് അവര്‍ക്ക് ആശയുടെ പൊന്‍കിരണവുമായി ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സുഭാഷിതങ്ങളുമായി ദൈവരാജ്യത്തിന്റെ സന്ദേശവുമായി വിശുദ്ധ പത്രോസ് എത്തുന്നത്.

1ഗലീലയില്‍ നിന്നുള്ള മുക്കുവനായിരുന്ന പത്രോസ് റോമിലെ ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരില്‍ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രിസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും (മത്താ. 16:18, യോഹ. 21:11516) ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും (റോമിലെ മോര്‍ ക്ലീമീസ് കൊരീന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിട്ടുണ്ട്. പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പില്‍ക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. റോമന്‍ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും പൗലോസ് ശ്ലീഹായുടേയും പെരുന്നാള്‍ ജൂണ്‍ 29ന് ആഘോഷിക്കുന്നു. എന്നാല്‍ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകള്‍ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമന്‍ അധികാരികള്‍, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശില്‍ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശില്‍ തറക്കപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.

റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായ വത്തിക്കാന്‍ നഗരം 44 ഹെക്ടര്‍ (110 ഏക്കര്‍) വിസ്തീര്‍ണ്ണവും 800 പേര്‍ മാത്രം വസിക്കുന്നതുമായ ഒരു ചെറു നഗരമാണ്. വിസ്തീര്‍ണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്. പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പയ്ക്കുവേണ്ടി കര്‍ദ്ദിനാള്‍ പിയെത്രോ ഗസ്പാറിയും ഇറ്റലിയിലെ വിക്ടര്‍ ഇമ്മാനുവേല്‍ മൂന്നാമന്‍ രാജാവിനുവേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായ ബെനീറ്റോ മുസ്സോളിനിയും ഒപ്പുവച്ച ലാറ്ററന്‍ ഉടമ്പടിയിലൂടെ വത്തിക്കാന്‍ നഗരത്തിന് 1929 മുതല്‍ സ്വതന്ത്രരാഷ്ട്രപദവിയുണ്ട്. യൂറോപ്പില്‍ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് ഇതിന്റെ സ്ഥാനം. ഭരണരീതി രാജവാഴ്ചയുടേതിനു സമാനമാണ്. ഭരണകുടത്തിന് റോമന്‍ കൂരിയ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2013 മുതല്‍ ഫ്രാന്‍സിസാണ് മാര്‍പാപ്പ!

മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമാണ് കത്തോലിക്കാസഭ. ആറു റീത്തുകളും 23സഭകളുടേയും കൂട്ടായ്മ കൂടിയാണ് കത്തോലിക്കാ സഭ . ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്. 2013 ലെ പൊന്തിഫിക്കല്‍ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 129.14 കോടിയാണ് അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറില്‍ ഒന്ന് ആയിരുന്നു. യേശുക്രിസ്തുവിനാല്‍ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാര്‍ കൈവയ്പു വഴി തങ്ങള്‍ക്ക് ലഭിക്കുന്ന അധികാരത്താല്‍ സത്യവിശ്വാസം തുടര്‍ന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുടെ തലവനായ മാര്‍പ്പാപ്പ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു.

church-of-the-holy-sepulchre-jerusalem-israelപാശ്ചാത്യ സഭയും മാര്‍പ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ വ്യക്തിസഭകളും ചേര്‍ന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല രൂപതകളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഓരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു. കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് അപ്പോസ്‌തോലിക കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഈ സഭ സ്ഥാപിച്ചത് അപ്പോസ്‌തോലനായ വിശുദ്ധ പത്രോസാണെന്നാണ് വിശ്വാസം. ആദ്യമായി കത്തോലിക്കാ സഭ എന്നത് രേഖപ്പെടുത്തിയത് അന്ത്യോഖ്യയിലെ ഇഗ്‌നേഷ്യസ് ആണ്. അദ്ദേഹം എഴുതിയ ” മെത്രാന്‍ കാണപ്പെടുന്നിടത്ത് ജനങ്ങള്‍ ഉണ്ടാവട്ടേ, ക്രിസ്തുവുള്ളിടത്ത് കത്തോലിക്കാ സഭ ഉള്ളതു പോലെ’ എന്നാണ് ഇതു സംബന്ധിച്ച ആദ്യ ലിഖിതം.

ആദ്യ കാലങ്ങളിലെ പീഡനങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ശേഷം നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രിസ്തുമതം പരക്കെ അംഗീകരിക്കപ്പെടാന്‍ തുടങ്ങി. ക്രിസ്തുമതം ഗലേറിയുസ് മക്‌സിമിയാനുസ് എന്ന റോമാന്‍ ചക്രവര്‍ത്തി ക്രി.വ. 311-ല്‍ നിയമാനുസൃതമാക്കി മാറ്റിയിരുന്നു. കോണ്‍സ്റ്റാന്റിന്‍ ഒന്നാമന്‍ ക്രി.വ. 313-ല്‍ മിലാന്‍ വിളംബരത്തിലൂടെ മതപരമായ സമദൂര നയം പ്രഖ്യാപിച്ചു. പിന്നീട് ക്രി.വ. 380 ഫെബ്രുവരി 27-ല്‍ തിയോഡൊസിയുസ് ഒന്നാമന്‍ ചക്രവര്‍ത്തി നിയമം മൂലം ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു.

പത്രോസ് ശ്ലീഹയുടെ കബറിടക്കമുള്ള ബസലിക്കയുടെയടുത്തേക്ക് ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നിട്ടാണ് കയറാന്‍ കഴിഞ്ഞത്. എയര്‍പോര്‍ട്ടിലേതുപോലെ പ്രത്യേക സെക്യൂരിറ്റി ഇവിടെയുമുണ്ട്. ഭക്ഷണസാധനമൊന്നും അനുവദിക്കില്ല. ടിക്കറ്റുകള്‍ എടുക്കേണ്ടതില്ല. ബസലിക്കയുടെ പുറത്ത് ധാരാളം ബംഗ്ലാദേശികള്‍ വേദപുസ്തകം, കുരിശ്, ജപമാല മുതലായവ വിറ്റഴിക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു. ബസലിക്കായുടെ ഉള്ളില്‍ ഒരു ഭാഗത്ത് ഒരു ലൈബ്രറിയുണ്ട്. നല്ല തിരക്കാണ് അവിടെ. കൈകളില്‍ ജപമാല പിടിച്ച ഒരു മലയാളി കന്യാസ്ത്രീയെ അവിടെ കണ്ടു. അവരോടു കുശലാന്വേഷണം നടത്തി തിരിഞ്ഞു നടക്കുമ്പോള്‍ ബസലിക്കയുടെ ഗോപുരമുകളില്‍ മേഘച്ചാര്‍ത്ത് വിശുദ്ധിയുടെ സന്ദേശമൊരുക്കുന്നതു പോലെ തോന്നി. തൈമര്‍ നദിയില്‍ നിന്നു കാറ്റ് ബസലിക്കയെ ചൂഴ്ന്നു നിന്നു. അവിടമാകെ സ്വര്‍ഗ്ഗസമാനമായ ദിവ്യാനുഭൂതി വിലയം കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി..

email: karoorsoman@yahoo.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top