തിരുവനന്തപുരം: 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ ചുമത്തി അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.എസ്. അച്യുതാനന്ദന്. ഇത്തരത്തില്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന്‍െറ മറവില്‍ പിഴ ചുമത്തി വന്‍ കെട്ടിടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അംഗീകാരം നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തിയും നിര്‍മിച്ച കൂറ്റന്‍ റിസോര്‍ട്ടുകള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും അനുമതി തരപ്പെടുത്താനുള്ള നീക്കമാണ് റിസോര്‍ട്ട് മാഫിയയും ഉദ്യോഗസ്ഥവൃന്ദവും ചേര്‍ന്ന് നടത്തുന്നത്. പാണാവള്ളിയിലെ കാപ്പികോ, മരടിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയം, മൂന്നാറിലും കടലോരങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ തുടങ്ങിയവക്ക് അനുമതി നല്‍കുന്നത് ആശങ്കജനകമാണ്.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ഇത്തരം നിര്‍മാണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് താന്‍. ഈ സാഹചര്യത്തില്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ഇങ്ങനെ നീക്കം നടക്കുന്നതായുള്ള മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അനധികൃത കെട്ടിട നിര്‍മാണം പ്രോത്സാഹിക്കപ്പെടുമെന്നും വി.എസ് മുന്നറിയിപ്പുനല്‍കി.