ഹിതപരിശോധനയില്‍ പരാജയപ്പെട്ടു; ഇറ്റാലിയന്‍ പ്രധാന മന്ത്രി മാറ്റിയോ റെന്‍സി രാജിവെച്ചു

bn-rb648_italy1_gr_20161205074037റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിവെച്ചു. ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് മാറ്റിയോ റെന്‍സി രാജി പ്രഖ്യാപിച്ചത്. 2017 ല്‍ സെനറ്റ് ബജറ്റ് പാസാക്കുന്നതുവരെ തുടരുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഹിതപരിശോധനഫലം പുറത്തുവന്ന മൂന്നാം ദിവസം രാജി സമര്‍പ്പിക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാതെ, രണ്ടര വര്‍ഷത്തിനുള്ളിലാണ് റെന്‍സിയുടെ പടിയിറക്കം.

സര്‍ക്കാരിനെ നയിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ല രാഷ്ട്രീയ പാര്‍ട്ടികളുമായി വ്യാഴാഴ്ച മുതല്‍ ചര്‍ച്ച തുടങ്ങും. തീരുമാനമാകുന്നതുവരെ റെന്‍സി കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായി തുടരും. ശനിയാഴ്ച ഉച്ചയോടെ ചര്‍ച്ചകള്‍ക്ക് അവസാനമാകും. ഇതിനു ശേഷം പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.

റെന്‍സിയുടെ മന്ത്രിസഭയിലെ ഒരംഗത്തെയോ അല്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡി) യിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനോടോ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകും പ്രസിഡന്റ് ആവശ്യപ്പെടുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ 2018 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ചില മേഖലകളില്‍ നിന്ന് ആവശ്യമുയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭരണഘടന ഭേദഗതിക്കായാണ് ഞായറാഴ്ച ഇറ്റലിയില്‍ ഹിതപരിശോധന നടന്നത്. പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലുളള ഭേദഗതികളാണ് മുന്നോട്ടുവെച്ചിരുന്നത്. അഞ്ചുകോടിയോളം വോട്ടര്‍മാര്‍ പ്രധാനമന്ത്രിയുടെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുത്തു. 20 പോയിന്റുകള്‍ക്കാണ് റെന്‍സിയുടെ തോല്‍വി. ഞെട്ടലുളവാക്കിയ പരാജയത്തെ വൈകാരികമായാണ് ഇറ്റാലിയന്‍ പ്രസിഡന്റ് സമീപിച്ചത്. വസതിയില്‍ നടത്തിയ പ്രസംഗത്തില്‍ പരാജയം അംഗീകരിച്ച് അദ്ദേഹം രാജി പ്രഖ്യാപിച്ചു.

അധികാരം പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാനുള്ള ഭരണകക്ഷിയുടെ തന്ത്രമാണ് ഭരണഘടന ഭേദഗതിയെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയിരുന്ന പ്രധാന വാദം. ഭരണഘടന പരിഷ്‌കാരം നടന്നാല്‍ ഇറ്റലി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോനിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാഷ്ട്രീയ സ്ഥിരതക്കും ഭരണഘടനയിലെ മാറ്റം അനിവാര്യമാണെന്നായിരുന്നു റെന്‍സിയുടെ പക്ഷം. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളും വ്യവസ്ഥവിരുദ്ധ ശക്തികളും ഒന്നു ചേര്‍ന്നതോടെ റെന്‍സിയുടെ കാഴ്ചപ്പാട് ജനങ്ങള്‍ അംഗീകരിച്ചില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment