- Malayalam Daily News - https://www.malayalamdailynews.com -

യു.എസ്. പൗരന്മാരായ ജോലിക്കാരെ പുറത്താക്കി ഇന്ത്യക്കാരടക്കമുള്ള എച്ച്1 ബി വിസക്കാരെ പകരം നിയമിക്കാന്‍ അനുവദിക്കില്ലെന്ന് ട്രം‌പ്

usa-h1b-visa-consultants-hyderabadവാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്. യുഎസ് പൗരന്മാര്‍ക്ക് കമ്പനികളില്‍ മുന്‍തൂക്കം നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവരുമെന്നും ട്രം‌പ്. സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് ഇനിമുതല്‍ അനുവദിക്കാനാവില്ല. എച്ച് 1ബി വിസയിലുള്ള വിദേശ ജോലിക്കാരെ ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും ട്രംപ് പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രചാരണ സമയത്ത് കമ്പനികളില്‍ നിന്നു നിരവധി പേരെ പുറത്താക്കിയത് ശ്രദ്ധയില്‍ പെട്ടിരുന്നു. അവരുമായി താന്‍ സംസാരിച്ചു. പുറത്താക്കിയവര്‍ക്ക് പകരമായി വിദേശത്തുനിന്നുള്ളവരെയാണ് കമ്പനികള്‍ ജോലിക്കെടുത്തത്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. സ്വദേശികളെ പുറത്താക്കി വിദേശികളെ ജോലിക്കെടുത്ത എല്ലാ സ്ഥാപനങ്ങള്‍ക്കെതിരേയും അന്വേഷണമുണ്ടാകും. സ്വദേശികള്‍ക്ക് പകരം ജോലി സമ്പാദിച്ച എല്ലാവരേയും പുറത്താക്കുന്നതുള്‍പ്പടെ അവരെ നിയമിച്ച സ്ഥാപനങ്ങള്‍ക്കെതിരേയും നിയമ നടപടിയുണ്ടാകും. സ്വന്തം രാജ്യത്തെ പൗരന്മാരെ നിന്ദിക്കുന്നതും അവരെ തൊഴില്‍‌രഹിതരാക്കുന്നതും മറ്റെന്തിനേക്കാളും മോശപ്പെട്ട കാര്യമാണെന്നും ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നും രാജ്യത്ത് മയക്കുമരുന്നത് വ്യാപിക്കുന്നത് തടയുമെന്നും യുവാക്കളില്‍ വളരുന്ന വിഷത്തെ പുറത്താക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഡിസ്‌നി വേള്‍ഡ് അടക്കമുള്ള കമ്പനികളില്‍ യുഎസ് പൗരന്മാരെ പുറത്താക്കി ഇന്ത്യക്കാരടക്കമുള്ളവരെ കുറഞ്ഞ വേതനത്തിന് നിയമിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അക്കാര്യവും തന്റെ പരിഗണനയിലുണ്ടെന്നും ട്രം‌പ് പറഞ്ഞു. എവിടെ നിന്നെല്ലാം സദേശികളെ പറഞ്ഞുവിട്ട് വിദേശികളെ നിയമിച്ചിട്ടുണ്ടോ അവരെല്ലാം തീരുമാനം തിരുത്തിയെഴുതേണ്ടിവരുമെന്നും ട്രം‌പ് സൂചിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]