Flash News

ജോസഫ് പുലിക്കുന്നേല്‍ എന്ന പ്രസ്ഥാനം

December 13, 2016

joseph-pulikunnel-sizeഓരോരോ കാലഘട്ടങ്ങളില്‍ ഓരോരോ ജന്മങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് നാം കേട്ടിട്ടുണ്ട്. ആഗോള കത്തോലിക്കാസഭയെയും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയെയും നേര്‍വഴിയിലേക്ക് തിരിക്കാനുള്ള ഒരു ആധുനിക ജന്മമാണ് ശ്രീ ജോസഫ് പുലിക്കുന്നേല്‍.

ഓശാന ലൈബ്രേറിയനും ‘ഏകാന്ത ദൗത്യം ജോസഫ് പുലിക്കുന്നേലിന്‍റെ ജീവിതം’ എന്ന പുസ്തകത്തിന്‍റെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രാഹം തന്റെ ആമുഖത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, “ആശയങ്ങളുടെ ആഴങ്ങള്‍കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.” എന്നാണ്. ജീവിതത്തില്‍ അനേകം പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുള്ള അദ്ദേഹം കഴിഞ്ഞ 45 വര്‍ഷത്തിനുമേല്‍, കത്തോലിക്കാ സഭയും സീറോ മലബാര്‍ സഭയും വളരെ കുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തില്‍കൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍, മാര്‍തോമാ ക്രിസ്ത്യാനികളുടെ പൗരാണിക ലോകത്തിന്‍റെ ശ്രുതി വര്‍ത്തമാനകാലത്തിന്‍റെ മനസ്സില്‍ വ്യക്തമായും സുശക്തമായും സഭാമേലധികാരികള്‍ക്കും സമൂഹത്തിനും തുറന്നുകാട്ടി. മാര്‍തോമായുടെ മുന്തിരിത്തോട്ടത്തില്‍ സ്നേഹശൂന്യരായ, കാരുണ്യശൂന്യരായ, പണക്കൊതിയന്മാരായ മെത്രാന്മാരായ കാട്ടാനകളുടെ ആക്രമണങ്ങള്‍ക്കെതിരായി ഒറ്റയാനായി ശക്തിയുക്തം അദ്ദേഹം പോരാടി. പുലിക്കുന്നേലിന്‍റെ സേവനത്തെയും സ്വാധീനത്തെയും കേവലം ഒരു അളവുകോലുകൊണ്ട് അളക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും വളരെയധികം പരിവര്‍ത്തനങ്ങള്‍ സഭയിലും സമൂഹത്തിലും സംഭവിച്ചിട്ടുണ്ടെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നും എടുത്തു പറയാതെ വയ്യ. പുലിക്കുന്നന്‍ ഒരു പ്രസ്ഥാനമാണ്; അതിനായി അവതരിച്ച ഒരു വ്യക്തിയുമാണ്.

chacko

ചാക്കോ കളരിക്കല്‍

പള്ളിയില്‍ പോകാനും അച്ചന്മാരെ അനുസരിക്കാനും പള്ളിക്ക് സംഭാവന നല്‍കാനും പ്രാര്‍ത്ഥിക്കാനും മാത്രമെ കടമയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിക്കുന്നു. ആശയപരമായ ഒരാവേശം അതിന് ആവശ്യമാണ്. അത് വേണ്ടുവോളം അദ്ദേഹത്തിനുണ്ട്. സമൂഹത്തില്‍ മാറ്റം വന്നാലേ സഭാമേലധികാരികള്‍ക്ക് മാറ്റം വരൂ എന്നദ്ദേഹം വിശ്വസിക്കുന്നു. ശക്തവും സംഘടിതവും സ്ഥാപനവല്‍കൃതവുമായ സഭാശക്തിക്കെതിരെയാണ് അദ്ദേഹം പോരാടുന്നതെന്നോര്‍ക്കണം. സഭയിലും സമൂഹത്തിലും ആരോഗ്യപരവും അഭികാമ്യവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വതന്ത്രവിമര്‍ശനങ്ങള്‍ വഴിയാണ്.

സത്യത്തിലും നീതിയിലും നടക്കാത്തവരാണ്, സത്യത്തിലും നീതിയിലും സഭയെ വിമര്‍ശിക്കുന്നവരെ, ചെയ്യുന്നതെല്ലാം തെറ്റാണെന്നും സഭാദ്രോഹികളാണെന്നും പറഞ്ഞ് വിമര്‍ശിക്കുന്നത്. ദൈവത്തിനുവേണ്ടി അധികാരം കൈകാര്യം ചെയ്യുമ്പോള്‍ വിമര്‍ശനത്തെ സ്വാഗതം ചെയ്യും; അല്ലാത്ത അധികാരികള്‍ ബഹളം ഉണ്ടാക്കും. “നിങ്ങളില്‍ പ്രധാനിയാകണം എന്ന് ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനാവണം” എന്ന ഉപദേശത്തോടെയാണ് യേശു അധികാരസ്ഥാപനം നടത്തിയത്. അധികാര കേന്ദ്രീകൃത സഭയെയല്ല യേശു സ്ഥാപിച്ചത്. മറിച്ച്, പരസ്പര സ്നേഹ, സേവന കൂട്ടായ്മയെയാണ് കര്‍ത്താവ് സ്ഥാപിച്ചത്. കര്‍ത്താവിന്‍റെ സഭയാണിത് എന്നുപറഞ്ഞ് ഇതുകൊണ്ടുനടക്കാന്‍ നാം ലജ്ജിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. വിമര്‍ശനം സഭാസമൂഹത്തില്‍ മുഴുവനും പരന്നിട്ടുണ്ടെങ്കിലും വിമര്‍ശനങ്ങളെ വെറും മുഖവിലക്കെടുത്ത് മെത്രാന്മാര്‍ തങ്ങളുടെ നയങ്ങളില്‍ പുനര്‍വിചിന്തനം ചെയ്യാന്‍ തയ്യാറല്ല. അതിനാല്‍ ഇന്ന് വ്യവസ്ഥാപിതസഭയും ജനങ്ങളും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

അധികാരത്തിന് വഴിപ്പെടുന്ന ചിന്താഗതിമൂലം സഭാവിമര്‍ശനത്തെ – അത് സത്യമായാല്‍ തന്നെയും – മോശമായ അഭിപ്രായം ജനങ്ങളില്‍ ഉണ്ടാക്കുന്നു. അത്തരം ചിന്താഗതിയെ ഊട്ടിവളര്‍ത്തുകയാണ് പൗരോഹിത്യ മേധാവിത്വം ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത്. ശ്രീ. പുലിക്കുന്നേല്‍ സഭയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് പരക്കെ ഒരഭിപ്രായം പുരോഹിതപ്പട സൃഷ്ടിച്ചെടുത്തു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെയും അനുകൂലിക്കുന്നതിനുപകരം എതിര്‍ക്കാനാണ് സഭാധികാരം തുനിഞ്ഞത്. തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്‍റെ സംഭാവനകളെ മേലധികാരികളും വിശ്വാസികളും കാര്യമായി സ്വീകരിച്ചില്ല. ‘കണ്ടതുപറഞ്ഞാല്‍ കഞ്ഞിയില്ല’ എന്ന അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. ശ്രീ. പുലിക്കുന്നേല്‍ ചെയ്തതൊക്കെ സഭയെ നശിപ്പിക്കാനാണെന്ന് ഒരു കൂട്ടര്‍ ചിന്തിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ മഹത്തരമാണെന്ന് അനുമാനിക്കുന്നു. സ്വാര്‍ത്ഥചിന്തയുള്ള കുറെ അധികാരികള്‍ക്ക് അദ്ദേഹം എന്നും കണ്ണില്‍ കരടായിരുന്നു. അപവാദങ്ങള്‍കൊണ്ട് അപകീര്‍ത്തിപ്പെടുത്തി അദ്ദേഹത്തെ ഇല്ലാതാക്കാന്‍ സഭാധികാരം കിണഞ്ഞു ശ്രമിച്ചു. അത്തരം ഹീനവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികള്‍ ചെയ്യാന്‍പോലും സഭാധികാരം മടികാണിച്ചില്ല. അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കണ്ണുതുറപ്പിക്കാനായി ശ്രീ. പുലിക്കുന്നേല്‍ മറ്റുള്ളവരുടെ വിമര്‍ശനം സ്വയം ഏറ്റുവാങ്ങുകയാണ് ചെയ്തത്.

വിശ്വാസികളും പട്ടക്കാരും സ്വരുമയോടെ കഴിയുകയും പള്ളിക്കാര്യങ്ങള്‍ ഒന്നിച്ചു നിര്‍വഹിക്കുകയും ചെയ്തുപോന്ന മാര്‍തോമാ നസ്രാണി പൈതൃകം ഒരു പഴഞ്ചന്‍ ചിന്താഗതിയും രീതിയുമാണെന്ന് മെത്രാന്മാര്‍ കാണുന്നു. ജനങ്ങളെ സഹകരിപ്പിക്കാതെ മാറ്റിനിര്‍ത്തി സഭയുടെ ദൗത്യനിര്‍വഹണം സ്വയം ഏറ്റെടുത്ത് നടത്തുകയാണ് സഭാധികാരം ഇന്നു ചെയ്യുന്നത്. അതാണ് മെത്രാന്മാരുടെ മോഡേണിസം. സഭ ദൈവജനമാണെന്നുള്ള സങ്കല്പത്തില്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ വളര്‍ന്നുവന്ന മാര്‍തോമാ ക്രിസ്ത്യാനികളുടെ ദേശത്തുപട്ടക്കാരും കുടുംബത്തലവന്മാരും ചേര്‍ന്ന ദ്രാവിഡരീതിയിലുള്ള പ്രാദേശിക ഭരണരീതിയായിരുന്നു പള്ളിയോഗങ്ങള്‍. പടിഞ്ഞാറന്‍ സഭയില്‍നിന്നും വ്യക്തമായി വേറിട്ട ആ പള്ളി ഭരണരീതി നസ്രാണികളുടെ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്‍റെയും വിലപ്പെട്ട പൈതൃകമായിരുന്നു. പക്ഷേ, അധികാരദുര്‍മോഹികളായ മെത്രാന്മാര്‍ പാശ്ചാത്യ മാതൃകയിലുള്ള, വികാരിയെ ഉപദേശിക്കുന്ന, പാരിഷ്കൗൺസില്‍ സ്ഥാപിച്ച് നമ്മുടെ 2000 വര്‍ഷം പഴക്കമുള്ള പള്ളിയോഗ പൈതൃകത്തെ, മാര്‍തോമാ പൈതൃകത്തെ, നശിപ്പിച്ചുകളഞ്ഞു. നാണമില്ലാത്തതുകൊണ്ടു മാത്രമാണ് ഇവര്‍ ഇന്നിപ്പോള്‍ മാര്‍തോമാ പൈതൃകം പ്രസംഗിച്ചു നടക്കുന്നത്!

രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തീക സംഭവവികാസങ്ങളെ സഭ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ പള്ളിയോഗ ജനാധിപത്യ സമ്പ്രദായത്തിന്‍റെ നേരെ കണ്ണടച്ച് ഏകാധിപത്യഭരണം സഭയില്‍ നടപ്പാക്കി. കൂടാതെ പാരീഷ്‌ കൗണ്‍സിലിനെ വെറും ഉപദേശകസമിതികളായി തരംതാഴ്ത്തിയതോടെ നസ്രാണികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണാധികാരം നിഷേധിക്കപ്പെട്ടു. ജനാധിപത്യം ഏറ്റവും അധഃപതിച്ച ഭരണരീതിയാണെങ്കിലും മറ്റേതു ഭരണരീതിയേക്കാളും മികച്ചതും അതുതന്നെ. ജനാധിപത്യ മൂല്യമോ സാമാന്യ മര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി കണക്കാക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സാര്‍ ശ്രമിച്ചിട്ടുണ്ട്.

അന്ധമായ അധികാരഭയത്തില്‍നിന്നു നസ്രാണി ക്രിസ്ത്യാനികളെ മോചിപ്പിച്ചത് ശ്രീ. പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യാന്‍ സമുദായാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ നിലപാട് ധൈര്യം പകര്‍ന്നു. വി.കെ. കുര്യന്‍ സാറിന്‍റെ മരണാനന്തരശുശ്രൂഷ പള്ളിയധികാരികള്‍ നടത്തിക്കൊടുക്കാതിരുന്നപ്പോള്‍ അവരെ വെല്ലുവിളിച്ച് പുലിക്കുന്നേലിന്‍റെ കാര്‍മികത്വത്തില്‍ മരിച്ചടക്ക് നടത്തി. മുപ്പതില്‍‌പരം വിവാഹത്തിനും അദ്ദേഹം സാക്ഷിയായി നിന്ന് നടത്തിക്കൊടുക്കുകയുണ്ടായി. ഇന്ന് ജനങ്ങള്‍ സഭാനേതൃത്വത്തെ അന്ധമായി അനുകരിക്കാതെ പ്രതികരിക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയ അതിന് തെളിവാണ്.

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഇടമറ്റം എന്ന ഗ്രാമത്തില്‍ ഏപ്രില്‍ 14, 1932-ല്‍ പുലിക്കുന്നേല്‍ മിഖായേലിന്‍റെയും എലിസബത്തിന്‍റെയും മകനായി ശ്രീ. ജോസഫ് പുലിക്കുന്നേല്‍ ജനിച്ചു. ഭരണങ്ങാനം സെൻറ് മേരീസ് ഹൈസ്‌കൂള്‍, മൈസൂര്‍ സെൻറ് ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബി. എ. ഓണേഴ്സ് കരസ്ഥമാക്കിയ അദ്ദേഹം കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയാറാം വയസ്സില്‍ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളില്‍ കൊച്ചുറാണിയെ വിവാഹം കഴിച്ചു. അദ്ദേഹം കേരളാ കോണ്‍ഗ്രസിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കൂടാതെ കേരളാ യൂണിവേഴ്സിറ്റി സെനറ്റു മെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരില്‍ കുറ്റമില്ലാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചര്‍ സ്ഥാനത്തുനിന്നും പുറത്തുവന്നു. അതുകൊണ്ട് കേരള ക്രൈസ്തവര്‍ക്കുവേണ്ടി ഒരുപാട് സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു പുരുഷായുസ്സില്‍ ഭാവന ചെയ്യാന്‍ അസാധ്യമായ കാര്യങ്ങള്‍ അദ്ദേഹം സാധിച്ചുകഴിഞ്ഞു. വളരെയധികം പേര്‍ അതൊരു ദൈവനിയോഗമായി കാണുന്നു.

osana1സീറോ മലബാര്‍ സഭയുടെ വരും തലമുറയ്ക്ക് വെളിച്ചമേകാന്‍ അസാമാന്യമായ ധീരതയും വ്യക്തിപ്രഭാവവും ഇച്‌ഛാശക്തിയുമുണ്ടായിരുന്ന ശ്രീ. പുലിക്കുന്നേല്‍ മറ്റ് എല്ലാ മേഖലകളും ഉപേക്ഷിച്ച് തന്‍റെ ജീവിതം സഭാനവീകരണ പ്രസ്ഥാനത്തിനായി മാറ്റിവച്ചു. ലിറ്റര്‍ജി, ദൈവശാസ്ത്രം, കാനോന്‍ നിയമം, സഭാചരിത്രം, സഭാപാരമ്പര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സ്വയം പഠിച്ച് ആ വിഷയങ്ങളിലെല്ലാം അദ്ദേഹം അവഗാഹം നേടി. അല്‍മായര്‍ക്കും സഭാപഠനങ്ങളില്‍ നിപുണരാകാമെന്ന് അദ്ദേഹം തെളിയിച്ചു. അദ്ദേഹത്തോട് സംവാദിക്കാന്‍ ഒരു മെത്രാനോ പുരോഹിതനോ ഇന്ന് ധൈര്യപ്പെടുകയില്ല.

ശ്രീ. പുലിക്കുന്നേലിന്‍റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘ഓശാന’ മാസികയായിരുന്നു അദ്ദേഹത്തിന്‍റെ നാവ്. കേരള നസ്രാണികളുടെ മഹത്തായ ഭാരതീയ പാരമ്പര്യ പൈതൃകങ്ങള്‍ നശിപ്പിച്ച് പാശ്ചാത്യ സഭാസ്വഭാവം അടിച്ചേല്പിക്കാന്‍ സഭാധികാരം കിണഞ്ഞു പരിശ്രമിച്ചപ്പോള്‍ അതിനെ യുക്തിഭദ്രവും ശക്തിയുക്തവും എതിര്‍ത്തത് ഓശാനയാണ്. നാട്ടുരാജാക്കന്മാര്‍പോലും പോര്‍ട്ടുഗീസ് ഭരണത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചപ്പോള്‍ നസ്രാണികള്‍ ആ വിദേശശക്തിയോട് എതിര്‍ത്ത് തങ്ങളുടെ പള്ളികളുടെ നിയന്ത്രണം അവര്‍ക്ക് നല്‍കാതിരിക്കാന്‍ നീണ്ട സമരം ചെയ്ത പാരമ്പര്യം നമുക്കുണ്ട്. 1653-ല്‍ മട്ടാഞ്ചേരിയില്‍ 4000-നുമേല്‍ നസ്രാണി പള്ളിപ്രതിനിധികള്‍ തങ്ങളും തങ്ങളുടെ തലമുറകളും ഉള്ളിടത്തോളം കാലം “സാമ്പാളൂര്‍ പാതിരിമാരെ” (വിദേശാധിപത്യം) അംഗീകരിക്കുകയില്ലന്ന് സത്യം ചെയ്തു. കൂനന്‍ കുരിശുസത്യം എന്നത് അറിയപ്പെടുന്നു. അതാണ് വിദേശീയര്‍ക്കെതിരായ ഇന്ത്യാക്കാരുടെ ആദ്യവിപ്ലവം.1632 ക്രിസ്മസ് ദിനങ്ങളില്‍ നസ്രാണികള്‍ ഏഴുദിവസം ഇടപ്പള്ളിയില്‍ യോഗം ചേര്‍ന്നു. ബ്രിട്ടോ മെത്രാന്‍ പള്ളിയുടെമേല്‍ അധികാരം ഭരിക്കുകയില്ലെന്ന് എഴുതി ഒപ്പിട്ടുകൊടുത്തു. എങ്കിലും പോര്‍ട്ടുഗീസുകാര്‍ 500 വര്‍ഷങ്ങള്‍ക്കുമുമ്പ് എന്തു ചെയ്യണമെന്ന് ആഗ്രഹിച്ചോ അതെല്ലാം നാട്ടുമെത്രാന്മാര്‍ കഴിഞ്ഞ 30 വര്‍ഷംകൊണ്ട് നടപ്പാക്കിക്കഴിഞ്ഞു. സമുദായത്തിന്‍റെ കോടിക്കണക്കിനു വിലവരുന്ന സമ്പത്ത് പൗരോഹിത്യ ഏകാധിപത്യഭരണത്തില്‍ അമര്‍ന്നിരിക്കയാണിന്ന്. നസ്രാണി സഭയുടെ പൂര്‍വ്വകാല ചരിത്രവും സമകാലിക വ്യവസ്ഥയും കൂട്ടിയിണക്കി പഠിച്ചാലേ ഓശാനയുടെ സംഭാവന മനസ്സിലാക്കാന്‍ സാധിക്കൂ.

സഭയുടെ ഘടനയും വിദേശസ്വാധീനവും സഭാസമ്പത്തിന്‍റെ ഏകാധിപത്യപരമായ ഭരണവുമാണ് മതനീതി നഷ്ടപ്പെടാനും സഭയ്ക്കുള്ളിലെ അനീതിക്ക് മുഖ്യകാരണവുമെന്നുള്ള കാഴ്ചപ്പാട് സഭാസമൂഹത്തില്‍ പുലിക്കുന്നേല്‍ അവതരിപ്പിച്ചു. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളിയെന്നാല്‍ പുരോഹിതരുടെ മാത്രമല്ല അത് സാമാന്യ ജനങ്ങളുടേതുമാണെന്ന തിരിച്ചറിവ് നസ്രാണികള്‍ക്ക് പണ്ടുണ്ടായിരുന്നു. പുതുതലമുറയ്ക്ക് അതുണ്ടാകേണ്ടിയിരിക്കുന്നു.

മെത്രാന്മാരും പുരോഹിതരും അവിടെയും ഇവിടെയും കാട്ടിക്കൂട്ടുന്ന ഒറ്റപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുന്നതിലുപരി മാര്‍തോമാ ക്രിസ്ത്യാനികളുടെ സാമുദായിക ജീവിതത്തിന്‍റെ ആന്തര ഒഴുക്കിനെ നിയന്ത്രിക്കുകയും വികലമാക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരായി പോരാടുന്നതിനും അതിന് നേരായ ദിശാബോധം നല്‍കുന്നതിനുമാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. പുരോഹിത പത്രാധിപന്മാരുടെ കീഴില്‍ പ്രസിദ്ധപ്പെടുത്തുന്ന ഔദ്യോഗിക ജിഹ്വകള്‍ ഒരുകാലത്തും അല്‍മായന്‍റെ അവകാശങ്ങള്‍ക്കായി പോരാടാറില്ല. ‘പെണ്ണെഴുത്ത്’ പോലുള്ള പദപ്രയോഗം കൊണ്ട് സ്ത്രീകളെപ്പോലും അവഹേളിക്കുന്ന വൈദിക പ്രസിദ്ധീകരണങ്ങളാണ് അവയൊക്കെ.

മാര്‍തോമായാല്‍ സ്ഥാപിതമായ അപ്പോസ്തലിക നസ്രാണി കത്തോലിക്കാസഭയുടെ പുനരുജ്ജീവനമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അത് നമ്മെ ‘മാര്‍തോമായുടെ മാര്‍ഗവും വഴിപാടും’ എന്ന നമ്മുടെ പഴയ അന്തഃസത്തയിലേയ്ക്കു തിരികെ കൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച് മോക്ഷം നേടുകയല്ല മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, മറിച്ച്, ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ചു ജീവിക്കുകയാണ് യേശുവിന്‍റെ സന്ദേശമെന്ന് അദ്ദേഹം അവതരിപ്പിച്ചു.

ആധ്യാത്മികത കേവലം കുറെ ഭക്താഭ്യാസങ്ങളും ധ്യാനപരിപാടികളും വിശുദ്ധരോടുള്ള വണക്കവുമായി അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. യേശുവചനങ്ങളെ മനനം ചെയ്ത് ലഭിക്കുന്ന ആഴത്തിലുള്ള ഒരു ക്രൈസ്തവദര്‍ശനം ഉണ്ടാകാനുള്ള സ്വയപരിശ്രമങ്ങള്‍ ജനങ്ങളില്‍ നടക്കുന്നില്ല. അതിനാല്‍ ധ്യാനാരവത്തിലും തിരുനാളാഘോഷങ്ങളിലും വൈകാരികമായി മുങ്ങിപ്പോകുന്ന ഒരു മതപ്രസ്ഥാനമായി കത്തോലിക്കാസഭ തരംതാഴ്ത്തപ്പെടുന്നു. അതു മനസ്സിലാക്കിയ ശ്രീ. പുലിക്കുന്നേല്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രമാണ ഗ്രന്ഥമായ ബൈബിള്‍ വിവര്‍ത്തനത്തിന് മുന്‍കൈയെടുത്തു. എല്ലാ ക്രൈസ്തവവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ തരത്തില്‍ തയാറാക്കിയ മലയാളം ഓശാന ബൈബിളിന്‍റെ പ്രചാരം വിസ്മയകരമാണ്. പത്തു ലക്ഷത്തിലേറെ ഓശാന ബൈബിള്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് വിറ്റഴിഞ്ഞു. ശ്രീ. പുലിക്കുന്നേലിന്‍റെ ആശയനേതൃത്വത്തിന്നും സഭാവിമര്‍ശനങ്ങൾക്കും സഭാനവീകരണസംരംഭങ്ങള്‍ക്കും അടിത്തറ ബൈബിള്‍ തന്നെയായിരുന്നു.

osanaപഠിപ്പും പാണ്ഡിത്യവുമുള്ള അല്‍മായന്‍റെ അഭിപ്രായങ്ങള്‍പോലും മെത്രാന്മാര്‍ അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ എന്ന ഭാവത്തില്‍ അവഗണിക്കുകയാണ് അല്ലെങ്കില്‍ അവഗണിക്കുന്നതായി നടിക്കുകയാണ്. പുലിക്കുന്നേലിനെപ്പോലുള്ള വിവരമുള്ള അല്‍മായരുടെ എണ്ണം കൂടിയതോടെ ഔദ്യോഗികസഭ ചര്‍ച്ചയ്ക്കുള്ള വേദികളുടെ വാതിലുകളെല്ലാം അടച്ചുപൂട്ടി.

കാനോന്‍ നിയമം രാഷ്ട്രീയമനോഭാവത്തില്‍ എഴുതിയുണ്ടാക്കിയതാണ്. യേശുദര്‍ശനത്തിന്‍റെ ആന്തരിക ചൈതന്യം അതില്‍ തൊട്ടുതേച്ചിട്ടില്ല. തിരുവചനത്തിലെ അടിസ്ഥാനമൂല്യങ്ങളുടെ എതിര്‍പകര്‍പ്പാണ് കാനോന്‍ നിയമം. നിയമമുണ്ടാക്കാനും വ്യാഖ്യാനിക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം കാനോന്‍ നിയമം വഴി മെത്രാനുണ്ട്. കത്തോലിക്കാ സഭ കാനോന്‍ നിയമസംഹിതപ്രകാരം സ്വയംഭരണം നടത്തുന്ന സംഘടനയാണെന്നും അതിനാല്‍ രാഷ്ട്രനിയമം അതിന് ബാധകമല്ലെന്നുമുള്ള ഗര്‍വ്വാണ് മെത്രാന്മാര്‍ക്കുള്ളത്.

സ്വന്തമായി ചിന്തിക്കാനും പറയാനും എഴുതാനും സ്വാതന്ത്ര്യം നല്‍കാത്ത ഒരു സഭയില്‍ നാം വിഡ്ഢികളായി ജീവിക്കുന്നു. തലച്ചോറാകുന്ന വിശിഷ്ട അവയവത്തെപ്പോലും അവര്‍ അപമാനിക്കുന്നു! ഈ സഭ നമ്മുടെ കൂട്ടായ്മയെ അനുദിനം തകര്‍ത്തുകൊണ്ടിരിക്കുന്നു. സഭാരാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനങ്ങള്‍ അനര്‍ഹര്‍ക്കും പങ്കിട്ടുകൊടുക്കുന്ന അവസ്ഥയിലേക്ക് സഭ അധ:പതിച്ചിരിക്കുന്നു. മെത്രാന്‍ സ്തുതിപാഠകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. അവിടെ അനീതി കൊടികുത്തിവാഴുന്നു. സൂര്യന്‍ അസ്തമിക്കാത്ത സീറോ മലബാര്‍ സാമ്രാജ്യത്തെ സ്വപ്നം കണ്ട് സഭാധികാരികള്‍ പള്ളികൊള്ളുന്നു. ഈ സഭയുടെ ഇപ്പോഴത്തെ പോക്കില്‍ നാം ലജ്ജിക്കണം.

നസ്രാണികള്‍ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നതിന് ശ്രീ. പുലിക്കുന്നേല്‍ വഹിച്ച പങ്ക് ചെറുതല്ല. മെത്രാന്മാരും പുരോഹിതരും ഭാവിയില്‍ സഭാനവീകരണ പ്രസ്ഥാനക്കാരോടുള്ള ഇന്നത്തെ നിലപാടിലും സമീപനത്തിലും മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ നിര്‍വാഹമില്ല.

bk_8072പ്രശസ്തി കാംക്ഷിക്കാതെ, ആര്‍ഭാടങ്ങളെ ഒഴിവാക്കി, ലളിതജീവിതത്തിന് പ്രാധാന്യം നല്‍കി ശുഭവസ്ത്രധാരിയായി ജീവിക്കുന്ന അദ്ദേഹം ഓശാന മൗണ്ടില്‍ പല സ്ഥാപനങ്ങളും സ്ഥാപിച്ചു. ആശ്രയമില്ലാത്തവര്‍ക്ക് അദ്ദേഹം അത്താണിയായി; പാവപ്പെട്ടവര്‍ക്കുവേണ്ടി ആവുന്നത്ര അദ്ദേഹം ചെയ്തു. ഓശാന മാസിക, ഓശാന മലയാളം ബൈബിള്‍, ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ്, ക്യാൻസര്‍ പാലിയേറ്റീവ് സെന്റര്‍, ഓശാനവാലി പബ്ലിക് സ്‌കൂള്‍, പ്രമേഹരോഗ ബാലികാ ഭവനം, ഭാരതീയ ക്രൈസ്തവപഠനകേന്ദ്രം, സുനാമി ബാധിതര്‍ക്ക് വീടുനിര്‍മ്മിക്കല്‍ തുടങ്ങി പല പ്രസ്ഥാനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഓശാനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളും ആതുരശുശ്രൂഷാ സംരംഭങ്ങളും മാതൃകാപരമാണെന്ന കാര്യം എടുത്തുപറയേണ്ടതുതന്നെ.
ഓശാന ലൈബ്രറിയും ഓശാനയില്‍നിന്നു പ്രസിദ്ധീകരിച്ച സഭാസംബന്ധിയായ അനേകം പുസ്തകങ്ങളും പഠനക്ലാസ്സുകളും ചര്‍ച്ചാസഹവാസങ്ങളുമെല്ലാം വളരെ വിലപ്പെട്ടതാണ്. ശ്രീ. പുലിക്കുന്നേലിന്‍റെ പഠനകേന്ദ്രത്തിന്‍റെ മുദ്രാവാക്യംതന്നെ “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം” എന്നതാണ്.

വളരെ ചെലവുകുറഞ്ഞ രീതിയിലും പരമ്പരാഗത രീതിയിലും പരിസ്ഥിതി കണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടും തടികൊണ്ടും നിർമ്മിച്ച കെട്ടിടങ്ങള്‍കൊണ്ട് അലംകൃതമായ പതിനൊന്നേക്കറോളം വരുന്ന ഓശാനാ മൗണ്ട് ആരെയും ആകര്‍ഷിക്കും. പ്രകൃതിസുന്ദരമായ, ശാന്തസുന്ദരമായ, മനോഹരമായ ഓശാന ഗസ്‌റ്റ്‌ ഹൌസില്‍ ഞാനും കുടുംബവും പലവട്ടം, ചിലപ്പോള്‍ മാസങ്ങളോളം, താമസിച്ചിട്ടുണ്ട്.

മറ്റുള്ളവരെ – ഭിന്നാഭിപ്രായക്കാരെ – അംഗീകരിക്കാന്‍ ശ്രീ. പുലിക്കുന്നേലിന് സ്വതവേ ബുദ്ധിമുട്ടാണ്. അതദ്ദേഹത്തിന്‍റെ പ്രത്യേക സ്വഭാവമായി കരുതിയാല്‍ മതി. എല്ലാവരും എല്ലാം തികഞ്ഞവരല്ലല്ലോ. ‘ഓശാനയുടെ 25 വര്‍ഷം വിലയിരുത്തലുകള്‍’ എന്ന പുസ്തകത്തില്‍ ഡോ എം.വി. പൈലി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: “ഓശാന അതിന്‍റെ ദൗത്യം എന്നെന്നും തുടരേണ്ടതാണ്. അതിന്‍റെ ദൗത്യം നാളെയും തുടരാന്‍ പറ്റിയ പ്രതിഭകളെ വാര്‍ത്തെടുക്കേണ്ടതുണ്ട്.” അതില്‍ ശ്രീ. പുലിക്കുന്നേലിന് പരാജയം പറ്റിയോ? ആ കാര്യം ഭാവി തീരുമാനിക്കട്ടെ.

ശ്രീ. പുലിക്കുന്നേലിന്‍റെ എല്ലാ നിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാല്‍ അവ പ്രസക്തങ്ങളാണെന്ന് സാര്‍വ്വത്രിക സമ്മതം ഉണ്ടാകും. അതുകൊണ്ടുതന്നെ അവകള്‍ അനവധി സംവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യും. അതാണ് പുലിക്കുന്നേല്‍ പ്രസ്ഥാനത്തിന്‍റെ പ്രത്യേകത.

വൈദികനായ (വേദജ്ഞാനി) ശ്രീ. പുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേ കാണാന്‍ കഴിയൂ. ഒരു നിർണായക കാലഘട്ടത്തില്‍ നീതിക്കുവേണ്ടി പോരാടിയ, ശബ്ദമുയര്‍ത്തിയ, ധീരമായി സഭയെ നയിച്ച മഹാനായി ഭാവിയില്‍ അദ്ദേഹം അറിയപ്പെടും. ശ്രീ. ജെയിംസ് ഐസക് കുടമാളൂരിന്‍റെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഞാന്‍ പറയട്ടെ: “കേരള സഭയില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെട്ട മഹാ തേജസ്സുകളില്‍ ഒന്നായി ഭാവിയില്‍ ജോസഫ് പുലിക്കുന്നേല്‍ അറിയപ്പെടും.” ആ ജന്മത്തിന്‍റെ വിധി അതുതന്നെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ജോസഫ് പുലിക്കുന്നേല്‍ എന്ന പ്രസ്ഥാനം”

  1. Unless we don’t have Reformers like Joseph Pulikunnel Sir,Catholic Hirarcy will follow the same old traditions and in such a case our younger generation will become confused that will cause to the end of Catholicism . We have to respect the Reformers by all means, they are doing it with a good intention. It is true that for some time it may hurt some church leaders, but the ultimate result is good for all.

    Thanks to Chacko Kalarickal Sir for writing such a good article about Joseph Pulikunnel sir while he is still alive. Nice to read such a good article. Truth is always beauty.
    May Almighty God Bless Pulikunnel Sir.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top