Flash News

ബൈക്കില്‍പോയ യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഏഴുപേര്‍ അറസ്റ്റില്‍

December 13, 2016

bikeആലപ്പുഴ: ബൈക്കില്‍പോയ യുവാക്കളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. കാറിന്‍െറ ഡ്രൈവറടക്കം നാല് പേരെകൂടി പിടികിട്ടാനുണ്ട്. ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാറിന്‍െറ ഉടമസ്ഥന്‍ സലീം (53) സഹോദരന്‍ ഷാജി (43) ഷെഫീഖ് (25) ഷാനവാസ് (25) അന്‍ഫല്‍ (21) റംജു (38) അന്‍ഷാദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പടനിലം നടുവിലേമുറി നീറ്റിക്കല്‍ പടിഞ്ഞാറെപുരയില്‍ ചിഞ്ചിത്ത് (23) സുഹൃത്ത് പടനിലം നെടുകുളഞ്ഞിമുറി ലക്ഷ്മീഭവനത്തില്‍ അജീഷ് (34) എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ അജീഷും ചിഞ്ചിത്തും ചികിത്സയിലാണ്.

സ്വകാര്യബസ് ഡ്രൈവറാണ് ചിഞ്ചിത്ത്. ശനിയാഴ്ച രാത്രി 8.30ഓടെ ഓട്ടം കഴിഞ്ഞ് ബസ് ഒന്നാം കുറ്റിയില്‍ കയറ്റിയിട്ട ശേഷം ബൈക്കില്‍ കറ്റാനത്ത് എത്തി കൂടെയുണ്ടായിരുന്ന കണ്ടക്ടറെ ഇറക്കി. ഇന്നോവ കാറില്‍ പിന്തുടരുന്നത് മനസ്സിലാക്കിയ ചിഞ്ചിത്ത് സുഹൃത്ത് അജീഷിനെ വിളിച്ച് ഒപ്പം കൂട്ടിയാണ് വീട്ടിലേക്ക് യാത്ര തുടര്‍ന്നത്. മുതുകാട്ടുകര എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപം വേഗത്തിലെത്തിയ കാര്‍ ബൈക്കിടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി.

ഇന്നോവ കാറില്‍ പിന്തുടര്‍ന്നവര്‍ അപകടമുണ്ടാക്കി തങ്ങളെ അപായപ്പെട്ടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചിഞ്ചിത്ത് നൂറനാട് പൊലീസിന് മൊഴി നല്‍കി. സ്ഥലത്ത് അന്വേഷണം നടത്തിയ പൊലീസിന് വണ്ടി നമ്പറും ഇന്നോവയുടെതെന്നു കരുതുന്ന ഭാഗങ്ങളും ലഭിച്ചു. സംഭവത്തില്‍ കൊലപാതകശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അറസ്റ്റ്. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

ഒന്നാം പ്രതിയായ സലീമിന്‍െറ മകളെ ഇതരമതസ്ഥനായ ചിഞ്ചിത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് സംഭവത്തിനാധാരമെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സഹോദരങ്ങളേയും അടുത്ത ബന്ധുക്കളെയും ചില സുഹൃത്തുക്കളെയും കൂട്ടി ചിഞ്ചിത്തിനെ കൊലപ്പെടുത്തി അപകടമെന്ന് വരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top