Flash News

അടിമുടി സസ്പെന്‍സ് നിലനിര്‍ത്തി രാഹുല്‍, രാഹുല്‍ സംസാരിച്ചാല്‍ ഗുണം തങ്ങള്‍ക്കെന്ന് ബി.ജെ.പി

December 14, 2016

rahul-n-modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാര്‍ത്തസമ്മേളനം വിളിച്ചത് പാര്‍ലമെന്‍റ് മന്ദിരത്തിലാണ്. മോദി വ്യക്തിപരമായി അഴിമതി നടത്തിയതിനെക്കുറിച്ച് തന്‍െറ പക്കല്‍ വിവരമുണ്ടെന്നും അതറിയാവുന്ന ഭരണപക്ഷം ലോക്സഭയില്‍ തന്നെ വായ തുറക്കാന്‍ സമ്മതിക്കാതെ സഭ സ്തംഭിപ്പിക്കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ആര്‍.എസ്.പി, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. മോദി നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആകാംക്ഷ പക്ഷെ, നിമിഷം കൊണ്ട് പൊലിഞ്ഞു. രഹസ്യങ്ങള്‍ താന്‍ പുറത്തുപറയില്ലെന്നും പാര്‍ലമെന്‍റില്‍ മാത്രമേ പറയൂ എന്നുമായിരുന്നു രാഹുലിന്‍െറ നിലപാട്.

ലോക്സഭയില്‍ വായ തുറക്കാന്‍ തന്നെ അനുവദിക്കുന്നതിനെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അഴിമതിയെക്കുറിച്ച വിവരം പുറത്തുവിടുമ്പോള്‍ അദ്ദേഹം ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടും. അതുകൊണ്ട് സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല.  ലോക്സഭയില്‍ വിവരം വെളിപ്പെടുത്തണമെന്നും നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. നിരുപാധികം ചര്‍ച്ചക്ക് പ്രതിപക്ഷം തയാറാണെങ്കിലും സര്‍ക്കാര്‍ സമ്മതിക്കുന്നില്ല -രാഹുല്‍ പറഞ്ഞു.

മറ്റു കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാല്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ, സി.പി.എമ്മിലെ പി. കരുണാകരന്‍, എന്‍.സി.പിയിലെ താരിഖ് അന്‍വര്‍, ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു വാര്‍ത്തസമ്മേളനം.

ദശലക്ഷങ്ങളുടെ ജീവിതം തകര്‍ക്കുന്നതിന് പ്രധാനമന്ത്രി ഉത്തരം പറയണം. നോട്ട് അസാധുവാക്കല്‍ അദ്ദേഹത്തിന്‍െറ വ്യക്തിപരമായ തീരുമാനമാണ്. അതിനു ശേഷം ഓടിയൊളിക്കാന്‍ പറ്റില്ല. കലാപരിപാടികളും യോഗങ്ങളുമായി നടന്നാല്‍ പോരാ. ഇത് ജനാധിപത്യമാണ്. രാജ്യത്തോട് വിശദീകരിക്കാന്‍ മോദിക്ക് ബാധ്യതയുണ്ട്.

അതിനുപകരം ഭരണപക്ഷം സഭ സ്തംഭിപ്പിക്കുന്നു. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിച്ചാല്‍ ആരാണ് സത്യം പറയുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടും -രാഹുല്‍ പറഞ്ഞു. സഭ നടത്താന്‍ സമ്മതിക്കാതെ സര്‍ക്കാര്‍ അഹങ്കാരം കാട്ടുകയാണെന്നും പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയാണെന്നും തൃണമൂലിലെ സുദീപ് ബന്ദോപാധ്യായ കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രതിപക്ഷം ഒന്നിച്ചുനിന്ന് ചര്‍ച്ച ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ സമ്മതിക്കാതിരിക്കുന്നതും, പ്രധാനമന്ത്രി ഓടിയൊളിക്കുന്നതും അന്യായമാണെന്ന് സി.പി.എമ്മിലെ പി. കരുണാകരന്‍ പറഞ്ഞു. പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍.സി.പിയിലെ താരിഖ് അന്‍വര്‍ ആരോപിച്ചു.

എന്നാല്‍, രാഹുലിന്‍െറ ആരോപണം വലിയ നുണയാണ് എന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചുപോകുക മാത്രമാണ് സംഭവിക്കുക. രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വായ തുറന്നാല്‍ സര്‍ക്കാറല്ല, കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുകയെന്ന് ബി.ജെ.പി. പാര്‍ലമെന്‍റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന രാഹുലിന്‍െറ ആരോപണം വലിയ നുണയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

പഴയ നോട്ട് മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നുവെന്ന് ഒരു സ്വകാര്യ ചാനല്‍ സ്റ്റിംഗ് ഓപറേഷനിലൂടെ വാര്‍ത്ത പുറത്തുവിട്ട അതേസമയത്താണ് രാഹുലിന്‍െറ ആരോപണം. തങ്ങളുടെ കള്ളി വെളിച്ചത്താകുമെന്ന തോന്നലില്‍ നിന്നാണ് ഈ ആരോപണം. താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, സ്വന്തം കാലടിയിലെ മണ്ണ് ഒലിച്ചുപോകുക മാത്രമാണ് സംഭവിക്കുക. രാഹുല്‍ സംസാരിച്ചാല്‍ സര്‍ക്കാറിനാണ് അത് ഗുണം ചെയ്യുക.

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയെ ഓള്‍ ഇന്ത്യ കറന്‍സി കണ്‍ഡൂയിറ്റ് (കറന്‍സി കടത്തു കമ്മിറ്റി) എന്ന് തിരുത്തണമെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് കമീഷന്‍ ഏജന്‍റായിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ വഴി ഇവര്‍ക്ക് വലിയ മുറിവാണ് ഏറ്റത്. അതാണ് ഈ പ്രതിഷേധത്തിനു കാരണം. ഇപ്പോള്‍ അവര്‍ മണി എക്സ്ചേഞ്ച് സെന്‍ററും തുറന്നിരിക്കുന്നു. കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും എന്‍.സി.പിയും രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top