ദലിത് ക്രൈസ്തവര്‍ അയിത്തവും കടുത്ത വിവേചനവും നേരിടുന്നുണ്ടെന്ന് കത്തോലിക്ക സഭ

rv2076_articoloന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ദലിതരായ ക്രിസ്ത്യാനികള്‍ തൊട്ടുകൂടായ്മയും വിവേചനവും നേരിടുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യന്‍ കത്തോലിക്ക സഭ. ഉന്നതസ്ഥാനങ്ങളില്‍ ദലിത് ക്രിസ്ത്യാനികള്‍ക്ക് പങ്കാളിത്തമില്ലെന്നും സഭ ഔദ്യോഗികമായി തുറന്നുസമ്മതിക്കുന്നു.

കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) തിങ്കളാഴ്ച പുറത്തുവിട്ട നയപ്രമാണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദലിത് ക്രിസ്ത്യാനികള്‍ നേരിടുന്ന ഈ സാമൂഹിക പിന്നോക്കാവസ്ഥ തുടച്ചുനീക്കാനും അവരെ ശാക്തീകരിക്കാനുമാണ് സഭയുടെ തീരുമാനം.

44 പേജുള്ള ഡോക്യുമെന്റിന് ‘ഇന്ത്യയിലെ കത്തോലിക്ക സഭയിലെ ദലിത് ശാക്തീകരണ നയം’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ദലിത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ട ദീര്‍ഘവും ഹ്രസ്വകാലവുമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ 171 രൂപതകളോട് ആവശ്യപ്പെട്ടു. ജാതിവിവേചനത്തിന്റെ പേരില്‍ രണ്ട് തരത്തിലുള്ള സമ്പ്രദായങ്ങള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ നിര്‍ത്തണം. അവ നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സഭാ അധികാരികള്‍ എടുക്കണമെന്നും ഡോക്യമെന്റില്‍ പറയുന്നു.

ഇന്ത്യയിലെ 19 ദശലക്ഷം വരുന്ന സഭാ അംഗങ്ങളില്‍ 12 ദശലക്ഷം ദലിത് ക്രൈസ്തവരാണ്. എന്നാല്‍, സഭയുടെ ഉന്നത സ്ഥാനങ്ങളില്‍ ഇവരുടെ പ്രാതിനിധ്യം തീരെയില്ല. ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ എണ്ണം അയ്യായിരത്തോളമാണ്. അതില്‍ 12 പേര്‍ മാത്രമാണ് ദലിത് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളതെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ദലിത് ക്രൈസ്തവരുടെ കാര്യത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചതായി സി.ബി.സി.ഐ പ്രസിഡന്‍റ് ബസേലിയോസ് കര്‍ദിനാള്‍ കാതലിക് ക്ളീമിസ് പറഞ്ഞു. സമുദായത്തില്‍ വിപ്ളവകരമായ ചുവടാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. സഭയില്‍ ജാതിയുടെ പേരിലുള്ള വിവേചനം പുതിയ ചുവടുവെപ്പിലൂടെ അവസാനിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”ഇതൊരു വിപ്ലവഘട്ടത്തിനുള്ള ചുവടുവെപ്പാണ്. സാമൂഹിക തിന്മയും, തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമെല്ലാം കുഴിച്ചുമൂടണം. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പോവുമ്പോള്‍ ഇത്തരം തിന്മകള്‍ ഒരു പാപമായി കരുതണം. സഭയ്ക്കകത്ത് നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമാണിത്. ഇതൊരു സന്ദേശം മാത്രമല്ല ആത്മപരിശോധന നടത്തേണ്ടതും കൂടിയാണ്”, സിബിസിഐ പ്രസിഡന്റ് ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്ക പറഞ്ഞു.

സഭയുടെ പട്ടികജാതി പട്ടികയില്‍ ദലിത് ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തുന്നതിനായി വര്‍ഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് സഭ. ജാതി അടിസ്ഥാനത്തില്‍ രണ്ടുതരം രീതി നടപ്പാക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ അവസാനിപ്പിക്കണം. ഇതില്‍ പരാജയപ്പെട്ടാല്‍ സഭ അതോറിറ്റി നടപടിയെടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. സഭ ഉന്നതബോധമുള്ള യുവാക്കളെ വളര്‍ത്തിയെടുക്കുമ്പോഴും അവരില്‍ അയിത്തത്തിന്‍െറ പുതിയ രൂപങ്ങള്‍ ഉണ്ടാവുകയാണ്. ഭരണകൂടത്തിനും മതത്തിനും ഇടയില്‍ സാന്‍ഡ് വിച്ച് പോലെയാണ് ദലിത് ക്രൈസ്തവരുടെ അവസ്ഥ.
ദലിത് ഹിന്ദുക്കള്‍ മതം മാറി ദലിത് ക്രൈസ്തവരാകുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമല്ലാതാകുമെന്നാണ് സുപ്രീംകോടതി പറയുന്നത്. ഇത് ആര്‍ട്ടിക്കിള്‍ 15 പ്രകാരം ഭരണഘടന വിരുദ്ധമാണെന്നും പുതിയ നയരേഖയില്‍ സി.ബി.സി.ഐ കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment