ഭഗവാന് ശ്രീകൃഷ്ണനെ അവതാരങ്ങളില്‍ പൂര്‍ണ്ണാവതാരമായി കണക്കാക്കുന്നു. അതായത് സാക്ഷാല്‍ ദൈവവും സൃഷ്ടാവും ദ്വാപരയുഗത്തിലെ രാജാവും ഹൈന്ദവ ത്രിത്വദൈവങ്ങളിലെ വിഷ്ണുപുത്രനുമെന്നു ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.
ക്രിസ്തു ദാവീദിന്റെ ഗോത്രത്തില്‍ പിറന്നവനും ത്രിത്വത്തിലെ പുത്രന് തമ്പുരാനും മേരിയുടെ പുത്രനും ജോസഫിന്റെ സംരക്ഷണയില്‍ വളര്‍ന്നവനെന്നും ക്രിസ്തീയ വേദങ്ങളും പഠിപ്പിക്കുന്നു. കൃഷ്ണനും ക്രിസ്തുവും വ്യത്യസ്ത യുഗങ്ങളില്‍ ജീവിച്ചിരുന്നുവെന്നും അനുമാനിക്കുന്നു. എങ്കിലും കാലഭേദങ്ങളെ മറികടന്നുള്ള ഇരുവരുടെയും വേദാന്തങ്ങളിലുള്ള സാദൃശ്യം ആത്മജ്ഞാനികളുടെ ഒരു പഠനവിഷയവുമാണ്. തന്നത്താന്‍ സ്നേഹിക്കുന്നപോലെ അയല്‍ക്കാരനെയും സ്നേഹിക്കുക, അഹിംസ, കക്കരുത്, ക്ഷമ, ആത്മനിയന്ത്രണം, പ്രാര്‍ഥന, ഏകാന്തമായ മനസോടെയുള്ള ധ്യാനം ആദിയായ ആത്മബലത്തിനുതകുന്ന ചിന്തകള്‍ ഗീതയിലും ബൈബിളിലുമുണ്ട്.
ദൈവത്തെ അന്വേഷിക്കുന്ന എല്ലാ മതവിശ്വാസികളും ദൈവത്തിന്റെ മക്കളെന്നുള്ള വസ്തുത മറക്കരുതെന്നുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഗോള മതസമ്മേളന വേദിയില്‍വെച്ചുള്ള ഒരു പ്രസ്താവന തികച്ചും ശ്രദ്ധേയമായിരുന്നു. ക്രിസ്തുവില്ക്കൂടി മാത്രമേ രക്ഷ പ്രാപിക്കാന്‍ സാധിക്കുള്ളുവെന്നായിരുന്നു നമ്മുടെ പാരമ്പര്യമായ വിശ്വാസത്തിലുണ്ടായിരുന്നത്. അതിനെ നിഷേധിച്ചുകൊണ്ടുള്ള മാര്‍പ്പാപ്പയുടെ വീക്ഷണം യാഥാസ്ഥിതിക ലോകത്തെ ഒന്നാകെ അസ്വസ്ഥമാക്കിയിരിക്കുന്നതും കാണാം.
മാര്‍പ്പാപ്പാ പറഞ്ഞു, ‘പരോപകാരവും സാമൂഹിക സേവനവും അയല്‍ക്കാരനെ സ്നേഹിക്കുകയുംവഴി ദൈവത്തില്‍ വിശ്വസിക്കാത്തവരും ദൈവത്തെ കാണുന്നുണ്ട്. അവരും മനുഷ്യ സ്നേഹത്തിന്റെ ഭാഗമാണ്.’ നാം അങ്ങനെ പരിവര്‍ത്തനങ്ങളില്‍ക്കൂടി പുതിയ ഒരു തത്ത്വസംഹിതയെ കാണുകയാണ്. മനുഷ്യന് കൊടുംയാതനകള്‍ അനുഭവിക്കുമെന്ന നരകമെന്ന സങ്കല്‍പ്പം വിശ്വസിനീയമല്ല. അത്തരം സങ്കല്പം, ദൈവ സ്നേഹമായി യോജിക്കുന്നതല്ല. ദൈവം നമ്മുടെ സുഹൃത്താണ്. വിധിക്കാനുള്ളതല്ല. നരകമെന്നു പറയുന്നത് അലഞ്ഞു നടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടിയുള്ള വെറും ആലങ്കാരികമായ സങ്കല്പം മാത്രമാണ്. മാര്‍പ്പാപ്പായുടെ െ്രെകസ്തവമൂല്യങ്ങളില്ക്കൂടിയുള്ള നൂതനമായ ചിന്താഗതികള്‍ ഹൈന്ദവ ദര്‍ശനത്തിന്റെ പകര്‍പ്പാണോയെന്നും തോന്നിപ്പോവും.! എല്ലാ ആത്മാക്കളും ദൈവസ്നേഹത്തിന്റെ മുമ്പില്‍ ഒന്നായി പരബ്രഹ്മത്തില്‍ ലയിക്കുമെന്നാണ് ഹൈന്ദവ തത്ത്വങ്ങളും പറയുന്നത്.
മാര്‍പ്പാപ്പാ പറയുന്നു, “എല്ലാ മതങ്ങളും സത്യമാണ്. കാരണം, പാവനമായ മനസുകളില്‍ അവരുടെ വിശ്വാസം അവര്‍ സംരക്ഷിക്കുന്നു. അവരുടെ വിശ്വസത്തിനുമപ്പുറം എന്ത് സത്യമാണുള്ളത്? അവര്‍ പാപികളെന്നു പരമ്പരാഗതമായി സഭ അവരെ മുദ്ര കുത്തി. സഭയൊരിക്കലും അവരോടു ദയാപൂര്‍വം പെരുമാറിയിട്ടില്ല. ഇന്ന് നാം ആരെയും വിധിക്കുന്നില്ല. ഒരു സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളെ ഇനിമേല്‍ ശിക്ഷിക്കുന്നില്ല.” ‘ യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും കമ്യൂണിസ്റ്റുകാര്‍വരെയും സഭ സ്വാഗതം ചെയ്യണമെന്നും നാമെല്ലാം ഒരേ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും വേണമെന്നും’ മാര്‍പ്പാപ്പാ പറഞ്ഞു.
യേശുവിന്റെ കഥയും കൃഷ്ണന്റെ കഥയുമായി വളരെയധികം സാമ്യമുണ്ട്. ഇരുവരും ദൈവികാത്മാവിനാല്‍ ജനിച്ചു. ബാവാ, പുത്രന്, പരിശുദ്ധാത്മാവ് എന്നിങ്ങനെ ത്രീത്വത്തിലെ പുത്രനായി യേശു ഭൂമിയില്‍ ജനിച്ചപ്പോള്‍ ശിവ, വിഷ്ണു, ബ്രഹ്മാവു ത്രിത്വത്തിലെ വിഷ്ണുവിന്റെ അവതാരമായി കൃഷ്ണന് ജനിച്ചു. ഇരുവരുടെയും പിതാവു ദിവ്യമായ ആത്മാവായിരുന്നു. ദേവദൂതന്മാര് കൃഷ്ണനും യേശുവും ജനിച്ച കാലങ്ങളില്‍ അവരെ ഒരു ഏകാധിപതി വധിക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടായിരുന്നു. കൃഷ്ണന്റെ ജനനത്തില്‍ പരിഭ്രാന്തനായ ‘കംസന്’ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ വധിച്ചുവെന്നു പുരാണം സാക്ഷ്യപ്പെടുത്തുന്നു. യേശു ജനിച്ചപ്പോഴും ഹേറോദോസ് ചക്രവര്‍ത്തി നാടാകെയുള്ള കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെന്നാണ് ക്രിസ്താനികളും വിശ്വസിക്കുന്നത്. ആത്മീയതലങ്ങളില്‍ ഉണര്‍വുണ്ടാകാന്‍ ഇരുവരും ധ്യാനവും ഉപവാസവും നടത്തിയിരുന്നു. ഈ രണ്ടു മഹാത്മാക്കളും അത്ഭുതങ്ങള്‍ കാണിക്കുകയും മരിച്ചവരെ ഉയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മ കൈവരുത്താന്‍ ക്രിസ്തുവും കൃഷ്ണനും സമാനമായ തത്ത്വചിന്തകളായിരുന്നു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നത്. കൃഷ്ണന്റെ ജനനത്തെപ്പറ്റിയും യേശുവിന്റെ ജനനത്തെപ്പറ്റിയും പ്രവചനങ്ങളിലുണ്ടായിരുന്നു. കൃഷ്ണന് വേടനാല്‍ കൊല്ലപ്പെടുമെന്നു മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അതുപോലെ യേശുവിന്റെ മരണത്തെപ്പറ്റിയുള്ള ദീര്‍ഘദര്‍ശികളുടെ ദര്‍ശനങ്ങളും ചിന്തനീയമാണ്. കന്നുകാലികളും ആട്ടിന്‍ കൂട്ടങ്ങളും ആട്ടിടയന്മാരും യേശുവിന്റെയും കൃഷ്ണന്റെയും ജനന സമയങ്ങളില്‍ സമീപ പ്രദേശങ്ങളിലുണ്ടായിരുന്നു. ആട്ടിടയന്മാരും ഗോപാലകരും രണ്ടു മതങ്ങളിലും പ്രതീകാത്മക രൂപങ്ങളായും കാണാം.
മനസുനിറയെ പരവശനായിരുന്ന അര്ജുനന് ചാഞ്ചല്യഹൃദയത്തോടെ തേരോടിക്കുമ്പോഴും, യുദ്ധക്കളത്തില്‍നിന്നും ഭീരുവിനെപ്പോലെ ദുര്‍ബലഹൃദയനായി പിന്തിരിയാന് ശ്രമിച്ചപ്പോഴും തേരിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഭഗവാന് കൃഷ്ണന് അര്‍ജുനനുവേണ്ട ആത്മബലം നല്കിക്കൊണ്ടിരുന്നു. ‘സര്‍വ്വ ചരാചരങ്ങളെയും ഭഗവാന് കൃഷ്ണന് സൃഷ്ടിച്ചുവെന്നു ഭഗവദ് ഗീതയില്‍ നാം പഠിക്കുന്നുണ്ട്. അവിടുത്തെ സ്വര്‍ഗീയ മഹത്വത്തില്‍ സര്‍വ്വതും നിലനിര്‍ത്തുകയും ചെയ്യുന്നു. അവിടുന്ന് ഇക്കാണുന്ന ഭൗതിക പ്രപഞ്ചങ്ങളുടെ സൃഷ്ടാവുമാണ്. സര്‍വത്തിന്റെയും ഉറവിടവും അസ്തിത്വവും ഭഗവാന് കൃഷ്ണനില്‍ നിന്നുമാണ്. ഭഗവദ് ഗീത പറയുന്നു, “ഞാനാകുന്നു സൃഷ്ടിയുടെ വിത്ത്. ജഗത്തിന്റെ ആരംഭവും അവസാനവും എന്നില്‍നിന്നുതന്നെ. ജീവന്റെ ചൈതന്യവും ഞാന്‍ തന്നെയാകുന്നു. ഞാനില്ലെങ്കില്‍ ഒന്നുമില്ല, ജീവനുമില്ല. സര്‍വ്വതും നിത്യമായ നിര്‍ജീവമായ ശൂന്യതനിറഞ്ഞ സത്യത്തിലായിരിക്കും.’
പുതിയനിയമത്തില്‍ ജോണിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തില്‍ പഠിപ്പിക്കുന്നു, ‘ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു.” ആദിയും അന്തവും അവന്‍തന്നെ, സര്‍വ്വതും അവന് സൃഷ്ടിച്ചു. അവനില്ലാതെ സൃഷ്ടിയില്ല. വചനം മാംസമായി തീര്‍ന്നു. നമ്മില്‍ വചനം കുടികൊള്ളുന്നു. അവന്റെ മഹത്വം നാം ദര്‍ശിക്കുന്നു. പിതാവിങ്കലും അവന്റെ ഏകജാതനിലും മഹിമയുടെ തിലകമണിയിക്കുന്നു. അവനില്‍ സത്യവും കൃപയും നിറഞ്ഞിരിക്കുന്നു. ഗാഭീര്യമായ സൗകുമാര്യവും പ്രപഞ്ച സത്യങ്ങളും സൃഷ്ടാവായ യേശുവില്‍ മുഴങ്ങി കേള്‍ക്കുന്നു.’ പ്രപഞ്ചത്തിനും സകല സൃഷ്ടി വസ്തുക്കള്‍ക്കും മുന്നേ അവനുണ്ടായിരുന്നു.
ഭഗവദ് ഗീത പഠിപ്പിക്കുന്നതു കൃഷ്ണ ഭക്തനായ ഒരുവന് നിത്യജീവിതത്തില്‍ പ്രവേശിക്കുമെന്നാണ്. മരണം വീണ്ടുമില്ല. പുതിയ നിയമത്തിലും നാം പഠിക്കുന്നതായത് ക്രിസ്തു വഴിയും സത്യവുമാകുന്നു. അവന്റെ വഴി മാത്രം സത്യം. അവനില്‍ വിശ്വസിക്കുന്നവര്‍ നശിക്കുന്നില്ല. നിത്യമായ ജീവിതം അവര്‍ക്കുണ്ട്.
എങ്കിലെന്താണ് അയുക്തങ്ങളായി തോന്നാവുന്ന ഈ മതങ്ങളുടെ യുക്തി? നമ്മുടെതന്നെ യുക്തിയെന്തായിരിക്കണം? ‘സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നുതന്നെയാണെന്ന്’ രണ്ടു വിഭിന്ന മതങ്ങളായ ക്രിസ്തുമതവും ഹിന്ദുമതവും പറയുന്നു. അതേ, ഒരേ സൃഷ്ടാവ് അവന് തന്നെയാണ്; അവന്‍തന്നെ ‘സത്യവും ജീവനുമാകുന്നു. നിത്യതയിലേക്കുള്ള വഴി അവന് മാത്രമെന്നും പറയുന്നു. അവനില്‍ക്കൂടി മാത്രമേ ബ്രഹ്മാനന്ദം കൈവരിക്കുകയുള്ളൂ. ഒന്നുകില്‍ ഈ രണ്ടു മതങ്ങളില്‍ ഏതെങ്കിലുമൊരു മതം വ്യാജനിര്‍മ്മിതമോ തട്ടിപ്പോ കപടതയോ, ആയിരിക്കാം. അല്ലെങ്കില്‍ രണ്ടു മതങ്ങളും വിശുദ്ധിയുടെ കിരീടമണിഞ്ഞുകൊണ്ട് രണ്ടുകാലങ്ങളായി, രണ്ടു സംസ്കാരങ്ങളില്‍, ചരിത്രത്തിന്റെ ഏടുകളില്‍ ലിഖിതമായതായിരിക്കാം.
ഹിന്ദുമതത്തിന്റെ പൗരാണിക യുഗത്തിലുണ്ടായിരുന്ന കൃഷ്ണനും ക്രിസ്ത്യാനികളുടെ ക്രിസ്തുവും വിശകലനം ചെയ്താല്‍ ഒന്നുതന്നെയെന്നു തോന്നിപ്പോവും. ‘ക്രിസ്റ്റോസെന്ന’ ഗ്രീക്ക് പദത്തില്‍നിന്നാണ് ‘ക്രൈസ്റ്റ്’ എന്ന പദമുണ്ടായത്. ‘കൃഷ്ണാ’യെന്ന സംസ്കൃത വാക്കിന്റെ ശബ്ദോല്‍പത്തിയില്‍ നിന്നും ഗ്രീക്കുപദമായ ‘ക്രിസ്റ്റോസെന്ന’ വാക്കുണ്ടായതായി ഭാഷാപണ്ഡിതര്‍ വിശ്വസിക്കുന്നു. ‘ക്രിസ്റ്റാ ക്രിസ്റ്റാ’യെന്നു വിളിക്കുന്ന ഭക്തരായ ഹിന്ദുജനങ്ങളുമുണ്ട്. ‘കൃഷ്ണാ’യെന്നു പറഞ്ഞാല്‍ സംസ്കൃതത്തില്‍ ആകര്‍ഷണ ശക്തിയെന്നും അര്‍ത്ഥമുണ്ട്. നാം ക്രിസ്തുവിനെയോ, കൃഷ്ണനെയോ, ക്രിസ്റ്റായെയോ, ദൈവമേയെന്നു വിളിക്കുമ്പോള്‍ ഒരേ സത്യത്തിന്റെ വഴിയില്‍ക്കൂടി ആ ശബ്ദം പരമാത്മാവിലാണ് ലയിക്കുന്നത്. പിതാവേ അങ്ങയുടെ നാമം പൂജിതമാകണം, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേയെന്ന പ്രാര്‍ഥന സത്യത്തില്‍ ഒരേ ദൈവമായ കൃഷ്ണനോടും ഗ്രീക്ക് ദേവനായ കൃസ്റ്റായോടുംകൂടിയാണ്. ക്രിസ്തു പിതാവിങ്കലേക്കുള്ള ഒരു വഴിയും കൃഷ്ണനും ക്രിസ്റ്റായും അതേ ലക്ഷ്യങ്ങളോടെയുള്ള മറ്റു ദൈവിക വഴികളുമാണ്. യേശു പറഞ്ഞതുപോലെ അവിടുന്നു സഞ്ചരിക്കുന്ന പരമാത്മാവിലേക്കുള്ള വഴി ഇടുങ്ങിയതും മുള്ളുകള്‍ നിറഞ്ഞതുമാകാം.
എല്ലാ മതങ്ങളും തുല്യമെന്ന് ഹിന്ദുക്കള്‍ പറയാറുണ്ട്. ഒന്ന് ഒന്നിനേക്കാള്‍ മെച്ചമെന്നു പറയാന്‍ ബൗദ്ധിക തലങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു ഹിന്ദു പറയാന്‍ ആഗ്രഹിക്കില്ല. ക്രിസ്ത്യാനികള്‍ ഹൈന്ദവരുടെ ആ തത്ത്വം അംഗീകരിക്കില്ല. ഞങ്ങളുടെ മതം മാത്രം സത്യമായതെന്നു കൃസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവം മാത്രം സത്യം. എല്ലാ മതങ്ങളും തുല്യമെന്ന് പറയുന്ന ഹിന്ദുക്കളെ സഹതാപത്തോടെയാണ് കൃസ്ത്യാനികള്‍ കാണുന്നത്. എല്ലാ മതങ്ങളെയും തുല്യങ്ങളായി കാണുകയെന്ന ആചാര്യന്മാരുടെ ചിന്തകള്‍ ഹൈന്ദവരുടേ ഉത്കൃഷ്ടങ്ങളായ തത്ത്വങ്ങളായിരിക്കാം. എന്നാല്‍ സത്യമായതെന്നു സ്വയം അവകാശപ്പെടുന്ന മതങ്ങള്‍ ഹിന്ദുമതത്തെ തുല്യമായി കാണാന്‍ ആഗ്രഹിക്കില്ല.
‘മതങ്ങളെല്ലാം തുല്യമെന്ന് ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുവെന്നു’ ഹിന്ദു മതത്തിലുള്ളവര്‍ പറയും. കൃസ്തുമതത്തെയും ഇസ്ലാം മതത്തെയും തങ്ങളുടെ കുഞ്ഞുങ്ങള്‍ ശ്രവിക്കുന്നുണ്ടെന്നും ഒരു മതത്തിനും എതിരല്ലെന്നും ഹിന്ദുക്കള്‍ പറയും. വാസ്തവത്തില്‍ ഹിന്ദു കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഹൈന്ദവ മതത്തെപ്പറ്റിയുള്ള ആഴമില്ലാത്ത കാര്യങ്ങളാണ്. ഹിന്ദുമതത്തെ സംബന്ധിച്ച് വളരെ കുറച്ചുമാത്രം പഠിപ്പിക്കുന്നു. ഹൈന്ദവ ആചാരങ്ങളും ഉത്സവങ്ങളും പോലുള്ള വിവരങ്ങള്‍ ഹിന്ദുക്കളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. അഗാധമായ തത്ത്വചിന്തകളോ, ഹൈന്ദവ പുരാണങ്ങളിലെ ശാസ്ത്രീയ ഉള്കാഴ്ചകളോ വിശദമായി പഠിപ്പിക്കാറില്ല. ഹിന്ദു മതത്തിന്റെ നല്ല വശങ്ങള് പഠിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തന്നെയും മറ്റുള്ള മതങ്ങള്‍ക്ക് അത് വെറുപ്പ് ജനിപ്പിക്കാന്‍ ഇടയാക്കും. ഉദാഹരണമായി യോഗയും ഹിന്ദു ആചാരങ്ങളും ഭരത നാട്യവും ദേവീദേവന്മാരുടെ പ്രാചീന കൊത്തുപണികളും കഥകളിയും കലകളും പലപ്പോഴും മറ്റുള്ള മതങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചെന്നു വരില്ല.
ക്രിസ്ത്യാനികളും മുസ്ലിമുകളും ഹിന്ദുമതത്തെയും സംസ്കാരങ്ങളെയും ആചാരങ്ങളെയും സ്വീകരിക്കണമെന്നാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്. ഭാരതത്തിന്റെ പൗരാണികതയും അനുഷ്ഠാനങ്ങളുമൊക്കെ അതിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കാം. െ്രെകസ്തവ മതങ്ങളിലെ പുരോഹിതര്‍ മുഖാമുഖം ഹൈന്ദവ മതത്തെ നിന്ദിക്കില്ലെങ്കിലും തങ്ങളുടെ സത്യമായ മതത്തില്‍ ഹൈന്ദവര്‍ ചേര്‍ന്നില്ലെങ്കില്‍ അവര്‍ നരകത്തില്‍ പോവുമെന്നും പ്രചരണം നടത്തും. ‘അവര്‍ പാപികളാണ്. യേശുവിനെപ്പറ്റിയും അവന്റെ പിതാവിനെപ്പറ്റിയും ഞങ്ങള്‍ അവരോടു പറഞ്ഞിരുന്നു. അവര്‍ കേള്‍ക്കാഞ്ഞത് അവരുടെ തെറ്റാണ്. എന്നിട്ടും അവര്‍ തെറ്റായ ദൈവങ്ങളെ പൂജിക്കുകവഴി അഹങ്കാരവും ധിക്കാരവും നിറഞ്ഞ വിഡ്ഢികളായി ജീവിക്കുന്നു. അവര്‍ക്കു വിധിച്ചിരിക്കുന്നത് നിത്യമായ തീയാലെരിയുന്ന നരകമാണ്.’ അതേ സമയം ഹൈന്ദവ തത്ത്വങ്ങള്‍ പറയുന്നു, എല്ലാ മതങ്ങളെയും തുല്യമായി ഏക മനസോടെ ആദരിക്കണം. നന്മയുടെ മഹത്വം ഉത്ഘോഷിച്ചുകൊണ്ട് എല്ലാ മതങ്ങളും മനുഷ്യത്വമാണ് പഠിപ്പിക്കുന്നത്. മതങ്ങള്‍ മനുഷ്യനെ നേരായ വഴിയില്‍ക്കൂടി സ്രഷ്ടാവിങ്കലേയ്ക്ക് എത്തിക്കുന്നു. ‘വാസുദൈവ കുടുംബകമെന്ന ‘ വേദതത്ത്വങ്ങളുള്‍ക്കൊണ്ടു മതങ്ങളുടെ സാരാംശം കൈക്കൊള്ളാന്‍ ഹൈന്ദവര്‍ സര്‍വ്വമത സമ്മേളനങ്ങളില്‍ പങ്കുകൊള്ളാറുണ്ട്. എല്ലാ മതങ്ങള്‍ക്കും നന്മയുണ്ട്. നല്ലവരുമുണ്ട്. എന്നാലും മതങ്ങള്‍ പരസ്പര സ്പര്‍ത്തയോടെ പ്രവര്‍ത്തിക്കുന്നുവെന്നാണ് സത്യം. ഉള്ളിന്റെ ഉള്ളില്‍ അവന് ക്രിസ്ത്യാനി, മുസ്ലിം അല്ലെങ്കില്‍ ഹിന്ദുവാണ്. മറ്റുള്ള മതങ്ങളെ വെറുക്കാനാണ് സ്വന്തം ജനതയെ പുരോഹിതര്‍ പഠിപ്പിക്കുന്നത്.
ഭ്രാന്തു പിടിച്ച ലോകം ഇന്ന് മതത്തിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്ന കാഴ്ചകളാണ് ദൈനംദിന ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഓരോരുത്തരുടെയും ഭാവനയിലുള്ള ദൈവത്തെ പൂജിക്കാന്‍ ഒരുവന്റെ മതം മറ്റൊരുവന്റെ മതത്തിനെതിരെ യുദ്ധം അഴിച്ചുവിടുന്നു. അവിശ്വാസിയെന്നു മുദ്രകുത്തി അവനെ വെറുപ്പിക്കാന്‍ പഠിപ്പിക്കുന്നു. ഒരേ ദൈവത്തിനു വേണ്ടി പട കൂടുന്നവര്‍ മതപരിവര്‍ത്തനം കൊണ്ട് സംതൃപ്തരാകുമോ? വിവേകാനന്ദന് പറഞ്ഞതുപോലെ ‘ഒരുവന് മറ്റൊരു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ അവന് സ്വന്തം വിശ്വാസം ഉപേക്ഷിക്കുന്നതിനൊപ്പം ജനിച്ചു വീണ മതത്തിന്റെ ശത്രു’വുമാകുകയാണ്.
ഭാരതീയ സന്യാസികള്‍ പുരാതനകാലം മുതല്‍ ദര്‍ശിച്ചിരുന്നത് നാനാത്വത്തില്‍ ഏകത്വമായിരുന്നു. ദൈവത്തിന്റെ ‘സത്ത’ ഓരോരുത്തരുടെയും ഉപബോധമനസുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നു. അത് അന്തഃകരണത്തിനുള്ളിലെ സനാതനമായ സത്ത മാത്രം. അവനുമാത്രമേ ദിവ്യമായ ആ പരമാര്‍ത്ഥം തിരിച്ചറിയാന്‍ കഴിയുള്ളൂ. അതിലേക്കുള്ള വഴികള്‍ കഠിനവും മുള്ളുകള്‍ നിറഞ്ഞതുമായിരിക്കാം. മുള്‍ക്കിരീടമണിഞ്ഞ യേശു ആത്മത്തെ കണ്ടെത്തി. അങ്ങനെ നാമെല്ലാം ആ യാത്രയിലെ അനന്തതയുടെ കിരണങ്ങളായ ദൈവികമക്കളാണ്. ഈശ്വരന്റെ ഒരേ തറവാട്ടില്‍ ജനിക്കുകയും മരിക്കുകയുമെന്ന പ്രക്രീയകള്‍ യുഗങ്ങളായി അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനിച്ചു ഭൂമിയില്‍ വീഴുന്ന ഓരോരുത്തരും ‘വാസുദൈവ കുടുംബകമെന്ന ‘ ആ വലിയ കുടുംബത്തിലെ അംഗങ്ങളാണ്. അവിടെയാണ് ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വം കുടികൊള്ളുന്നത്. സത്യമവിടെ ശ്രുതിമനോഹരമായ ഐക്യമത്യത്തിന്റെ ഒരു ലോകം പ്രദാനവും ചെയ്യുന്നു.
ഉപബോധമനസില്‍ കുടികൊള്ളുന്ന ആത്മത്തെ കണ്ടെത്തി സത്തയായ ദൈവത്തെ പൂജിക്കുന്നതിനേക്കാളും ഒരു വ്യക്തിഗത ദൈവത്തെ പൂജിക്കുകയാണ് എളുപ്പം. വ്യക്തിഗത ദൈവമെന്നുള്ളത് ദൈവത്തെയറിയാന്‍ ആഗ്രഹിക്കുന്നവന്റെ ബാലപാഠമാണ്. ക്രിസ്തു ഏകമായ ഒരേ ദൈവത്തെപ്പറ്റി സംസാരിച്ചു. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കൂവെന്നു’ പറഞ്ഞു. എന്നാല്‍ ബൗദ്ധികതലങ്ങളില്‍ ഒന്നുകൂടി ഉയര്ന്നവന് ക്രിസ്തുവചനം മറ്റൊരു വിധത്തില്‍ പറയും, “ഞാന്‍ മുന്തിരിച്ചെടിയാകുന്നു, നീ അതിന്റെ ശാഖകളും.” ആത്മത്തില്‍ പൂര്‍ണ്ണത പ്രാപിച്ചവന്റെ നാവില്‍നിന്നും ക്രിസ്തുവചനം പറയുന്നതിങ്ങനെ, “ഞാനും പിതാവും ഒന്നാകുന്നു.” ക്രിസ്തു ആത്മത്തെ കണ്ടെത്തി. കഠിനമായ യാതനകളില്‍ക്കൂടി പിതാവിലും ലയിച്ചു. ‘ഞാനും പിതാവും ഒന്നാണെന്നുള്ള’ അതേ ക്രിസ്തുവചനങ്ങള്‍ തന്നെയായിരുന്നു, ശ്രീ രാമ കൃഷ്ണ പരമഹംസന്റെ തത്ത്വചിന്തകളിലും മുഴങ്ങി കേട്ടിരുന്നതെന്ന് സ്വാമി വിവേകാനന്ദന് പറയുന്നു.
ശ്രീ രാമകൃഷ്ണ പരമഹംസന് തന്റെ പ്രിയപ്പെട്ട ശിക്ഷ്യനായ നരേനോട് (വിവേകാനന്ദന്) വെളിപ്പെടുത്തിയത്, രാമനെയും കൃഷ്ണനെയും അറിയുന്നവന്റെ ഉപബോധ മനസ്സില്‍ കുടികൊള്ളുന്ന ആത്മം രാമകൃഷ്ണനാണ്. അതായത് പരമാത്മാവിന്റെ ‘സത്ത’. വാസ്തവത്തില്‍ പരമപീഠങ്ങളില്‍ അലംകൃതങ്ങളായിരുന്ന ഗുരുക്കന്മാരുടെ ശിക്ഷ്യന്മാര് പില്ക്കാലങ്ങളില് പഠിപ്പിക്കുന്നത് തങ്ങളുടെ ഗുരുക്കന്മാര് പഠിപ്പിച്ചതിനു വിപരീതങ്ങളായിട്ടെന്നുള്ളതും ഇന്നിന്റെ ദുഖസത്യങ്ങളാണ്. പിന്നീട് വന്ന ശിക്ഷ്യഗണങ്ങള്‍ ഗുരുവിന്റെ വാക്യങ്ങളെ തെറ്റായി ദുര്‍വ്യാഖ്യാനം ചെയ്യുന്നതും സാധാരണമാണ്. അവരുടെ ഗുരു മാത്രം സത്യമെന്നും വിശ്വസിക്കുന്നു. അങ്ങനെ ചിന്തിക്കുന്നതിലൂടെ അവര്‍ തങ്ങളുടെ ഗുരുക്കളെ വെറും സാധാരണ മനുഷ്യരാക്കുന്നു.
വിവേകാനന്ദന് ഇവിടെ ഒരു ഉപമ പറയുന്നുണ്ട്. ‘നസറത്തിലെ യേശു ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം ഒരു മനുഷ്യന് യേശുവിനോടായി, ഗുരോ അങ്ങ് പഠിപ്പിക്കുന്നതെല്ലാം മനോഹരം. അങ്ങ് പറഞ്ഞതെല്ലാം ഉല്‍കൃഷ്ടതയിലേക്കുള്ള വഴിയും സത്യവുമായി ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അങ്ങയുടെ പിന്നാലെ വരാനും ആഗ്രഹിക്കുന്നു. എന്നാല്‍ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ നസ്രത്തിലെ യേശുവിന്റെ ഉത്തരം എന്തായിരിക്കും? യേശു പറയും, ‘പ്രിയ സഹോദരാ നീ പറഞ്ഞത് ശരിയാണ്. ദൈവത്തിങ്കലേക്കുള്ള വഴി നീ മാത്രം തെരഞ്ഞെടുക്കേണ്ടതാണ്. എന്റെ വാക്കുകള്‍ക്ക് വില കൊടുത്താലും വിലകൊടുത്തില്ലെങ്കിലും ഞാനത് കാര്യമാക്കില്ല. ഞാന്‍ സത്യം പഠിപ്പിക്കുന്നു. സത്യമെന്നുള്ളത് ആരുടേയും കുത്തകയല്ല. അത് ഒരുവന് മാത്രം അവകാശമുള്ളതല്ല. സത്യം ദൈവം മാത്രം. നിന്റെ അന്വേഷണം തുടരട്ടെ.’ എന്നാല്‍ അവിടുത്തെ ഇന്നുള്ള ശിക്ഷ്യന്മാര് പറയുന്നതിങ്ങനെ, ‘നിങ്ങള്‍ ആ മനുഷ്യന്റെ വാക്കുകള്‍ക്ക് വില കല്പിക്കുമോ? നിങ്ങള്‍ യേശുവിന്റെ വചനം മാത്രം ശ്രവിച്ചാല്‍ രക്ഷപെടും. ഇല്ലായെങ്കില്‍ നിങ്ങള്‍ക്ക് രക്ഷയില്ല. അറിയുക സഹോദരാ, നിത്യമായ നരകം നിങ്ങളെ മാടിവിളിക്കുന്നു. ഉണരുവിന്‍, ജാഗ്രതയോടെ യേശുവിനെ നമിക്കൂ.’
വിവേകാനന്ദന് പറഞ്ഞു, ‘ക്രിസ്തു സത്യത്തിന്റെ മുഖം കാണിച്ചു തന്നു. അവിടുന്നു പഠിപ്പിച്ചത് സ്വര്‍ഗ്ഗരാജ്യം നിന്നിലാകുന്നുവെന്നായിരുന്നു. ‘അത് നിന്നില്‍ത്തന്നെയുണ്ട്.’ അതുതന്നെയാണ് ഗീതയുടെ സാരാംശവും. ‘ഞാന്‍ മായയാണ്. എന്നെ തേടുന്നവന് എന്നെ കണ്ടെത്തും. സര്‍വ്വമായയായി ഞാനെന്നും നിത്യവും എവിടെയുമുണ്ട്.’ യേശു പറഞ്ഞു ‘എന്നെ പ്രതി ജീവന് നഷ്ടപ്പെടുന്നവന് അവനതു കണ്ടെത്തും. തേരോടിക്കുന്ന കൃഷ്ണന് കൗരവ പാണ്ഡവ യുദ്ധത്തിലെ പോരാളിയായ അര്‍ജുനനോടു പറഞ്ഞതും അതുതന്നെയായിരുന്നു. അധര്‍മ്മത്തെ നശിപ്പിച്ചുകൊണ്ടു ധര്‍മ്മം സ്ഥാപിക്കാന്‍ യുഗയുഗങ്ങളായി ഞാന്‍ ജനിക്കുന്നുവെന്നും ഭീരുത്വം കൈവെടിഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ പോരാടുകയാണ് ഒരു ക്ഷത്രിയന്റെ ധര്‍മ്മവുമെന്നുമുള്ള ഭഗവാന്റെ ഉപദേശവും അര്‍ജുനനെ ആവേശഭരിതനാക്കിയിരുന്നു.
നസ്രത്തുകാരന് യേശു കിഴക്കിന്റെ ദീപമാണ്. ആ സത്യം പടിഞ്ഞാറുള്ളവര്‍ മറക്കുന്നു. ഈ ജീവിതത്തിലല്ലെങ്കില്‍ മറ്റൊരു ജീവിതത്തിലെന്നു ക്രിസ്തു പറയുന്നുണ്ടെങ്കില്‍ അവന് സത്യമായും കിഴക്കിന്റെ പുത്രനായിരുന്നു. അവനുമുമ്പേ പരമാത്മാവിലേക്കുള്ള വഴികള്‍ തെളിച്ചവരുണ്ട്. അവനും അതേ വഴികളില്‍ സഞ്ചരിച്ചുകൊണ്ട് പരബ്രഹ്മത്തെ പ്രാപിച്ചു. ആത്മത്തെ തേടിയുള്ള ആ യാത്രയില്‍ എന്റെ പിന്നാലെ വരൂവെന്നു ശിക്ഷ്യ ഗണങ്ങളോടായി യേശു പറഞ്ഞു. ചിലര്‍ അവനെ തെറ്റിദ്ധരിച്ചു. മറ്റുചിലര്‍ അവന്റെ വാക്കുകളെ ശ്രവിച്ചു.വിവേകാനന്ദന്റെ മഹത് വാക്യങ്ങള്‍ ഒന്നുകൂടി എടുത്തു പറയട്ടെ, “നസ്രത്തിലെ യേശുവിന്റെ ദിനങ്ങളില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ ഹൃദയംഗമമായ രക്തംകൊണ്ട് അവന്റെ പൂജ്യമായ കാല്പ്പാദങ്ങള് കഴുകി നമിക്കുമായിരുന്നു. മഹാത്മാക്കളുടെ തത്ത്വങ്ങളായിരുന്നു നാളിന്നുവരെ എന്നെ നയിച്ചിരുന്നത്. ദൈവം വീണ്ടും വീണ്ടും വരുമെന്ന് എന്റെ പ്രഭാഷണങ്ങളില്‍ എക്കാലവും മുഴങ്ങുന്നുണ്ടായിരുന്നു. അവന് കൃഷ്ണനായും, രാമനായും ബുദ്ധനായും നമ്മുടെ പവിത്രഭൂമിയില്‍ ജീവിച്ചിരുന്നു.”