കോട്ടയം: റാഗിങ്ങിനിരയായ ദലിത് വിദ്യാര്‍ഥി അതീവ ഗുരതരാവസ്ഥയില്‍ ചികില്‍സയില്‍. കോട്ടയം നാട്ടകം പോളിയിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ളോമ വിദ്യാര്‍ഥി ഇരിങ്ങാലക്കുട സ്വദേശി ഊടന്‍വീട്ടില്‍ ശിവദാസന്‍െറ മകന് അവിനാശാണ് (17) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയനായി കഴിയുന്നത്. മദ്യത്തില്‍ കലര്‍ന്ന വിഷമാണ് വൃക്ക തകരാറിലാവാന്‍ കാരണം.
പോളി ഹോസ്റ്റലില്‍ കഴിഞ്ഞ രണ്ടിനാണ് റാഗിങ് നടന്നയത്. രാത്രി മറ്റൊരു മുറിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയാണ് റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നഗ്നരാക്കി അമ്പത് പുഷ്അപ്, ഫ്രണ്ട്റോള്, ബാക്ക്റോള്, സിറ്റ്അപ്, മുറിയില്‍ ഇഴയല്‍ തുടങ്ങി പീഡനം നടത്തി. മദ്യത്തില്‍ ഏതോ പൊടിയിട്ട് അമിത അളവില്‍ കുടിപ്പിക്കുകയും വെളുക്കുവോളം പാട്ട് പാടിപ്പിക്കുകയും ഡാന്‍സ് ചെയ്യിപ്പിക്കുകയും ചെയ്തു. പലതവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടര്‍ന്നു.
കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവശതയിലായ അവിനാശ് വീട്ടിലേക്ക് മടങ്ങി. ഇരിങ്ങാലക്കുടയില്‍ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയെങ്കിലും അന്ന് രാത്രി മൂത്രത്തില്‍ രക്തത്തിന്‍െറ അംശം കണ്ടതിനാല്‍ സ്വകാര്യ ക്ളിനിക്കില്‍ പരിശോധിച്ചു. അവിടെ നിന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ കോളജ് അധികാരികളോ ഹോസ്റ്റല്‍ വാര്‍ഡനോ നടപടി എടുക്കുന്നില്ളെന്നും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കോട്ടയം എസ്.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
അതിനിടെ, റാഗ് ചെയ്തെന്ന പരാതിയില്‍ പ്രതികളായ എട്ട് സീനിയര്‍ വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, റെയ്സന്, രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ നിധിന്, പ്രവീണ്‍, ശരണ്‍, ജെറിന്, ജയപ്രകാശ്, കണ്ടാലറിയാവുന്ന മറ്റൊരു വിദ്യാര്‍ഥി എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കുനേരെയുള്ള അതിക്രമം നടത്തിയെന്ന വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്.
സംഭവത്തില്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടറും ജില്ല പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം വിശദീകരണം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമീഷന് ഉത്തരവിട്ടു.
നേരത്തെ എറണാകുളം സ്വദേശിയായ ഒന്നാം വര്‍ഷവിദ്യാര്‍ഥിയും ക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നു. പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലില്‍ രണ്ടിനായിരുന്നു സംഭവം. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്സിനായി ഓഗസ്റ്റിലാണ് എറണാകുളം സ്വദേശിയായ പതിനേഴുകാരന് പോളിടെക്നിക് കോളജില്‍ എത്തിയത്. രണ്ടിന് അര്‍ധരാത്രിയോടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു വിദ്യാര്‍ഥി പൊലീസിനു മൊഴി നല്കി.
ഈ മുറിയില്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വസ്ത്രം അഴിപ്പിച്ചശേഷം അന്‍പത് പുഷ്അപ് എടുക്കാന്‍ നിര്‍ബന്ധിച്ചു. പുഷ്അപ് എടുക്കുന്നതിനിടെ പല തവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടര്‍ന്നു. പുഷ്അപ് പൂര്‍ത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു. പിന്നീട് ശുചിമുറിയില്‍ എത്തിച്ചശേഷം തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചതായും വിദ്യാര്‍ഥി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, രണ്ടു വിദ്യാര്‍ഥികളെയും റാഗിങ്ങിനിരയാക്കിയത് ഒരേ വിദ്യാര്‍ഥികള്‍ തന്നെയാണോയെന്ന് അറിവായിട്ടില്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply