Flash News

ആഘോഷങ്ങളില്ലാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 80-ാം പിറന്നാള്‍

December 18, 2016

news-2016-12-17-07-07-04വത്തിക്കാന്‍സിറ്റി: ആഘോഷങ്ങളില്ലാതെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് 80 വയസ്. വത്തിക്കാന്‍ സമയം രാവിലെ 8 മണിക്ക് പൗളിന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് പാപ്പ കൃതഞ്ജതാ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലെയും പോലെ പരിപാടികള്‍ സാധാരണമായിരിക്കും. മെഡിറ്ററേനിയനിലെ ദ്വീപരാജ്യമായ മാള്‍ട്ടയുടെ പ്രസിഡന്റ് മേരീ ലൂയിസ് പ്രെകയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാനിലെ ഒരു കാര്യാലയ മേധാവിയുമായി ചര്‍ച്ച. വീടുകള്‍ നഷ്ടപ്പെട്ടവരോടൊപ്പമാണ് പാപ്പ പ്രഭാത ഭക്ഷണം കഴിച്ചത്.

ഇതു നാലാം തവണയാണു വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജന്മദിനം ആഘോഷിക്കുന്നത്. 2013 മാര്‍ച്ചിലാണ് അദ്ദേഹം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്.

രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി മാര്‍പാപ്പ ചെലവഴിച്ചു.

1969 ഡിസംബര്‍ 13-ാം തീയതിയാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്.

1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി ‘ഫാ. ജോര്‍ജ് ബെർഗോളി’യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്.

1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു.

നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. ‘ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്’. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി ‘ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്’ പറഞ്ഞ വാക്കുകള്‍.

2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി.

കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top