സമൃദ്ധിയില്‍ സന്തോഷിച്ചുകൊണ്ടല്ല, സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ളവരില്‍, ദരിദ്രരില്‍, അനാഥരില്‍, ക്രിസ്തുവിനെ അന്വേഷിക്കണം

getphotoജാതിമത വ്യത്യാസമില്ലാതെ ലോകമെമ്പാടും തിരുപ്പിറവി ആഘോഷിക്കുന്ന വേളയില്‍ നിര്‍മ്മലമായ ഹൃദയത്തിന്റെ ഉടമകളായി സന്തോഷവും സമാധാനവും കണ്ടെത്തുന്ന അവസരങ്ങളാകട്ടെ എന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബി തോമസ് ആശംസിച്ചു. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ കാണുമെന്ന് ബൈബിള്‍ നമ്മേ പഠിപ്പിക്കുന്നു. ഈശ്വരസാന്നിദ്ധ്യം നമുക്ക് മനസ്സിലാവണമെങ്കില്‍ ക്രിസ്തു ഓരോ മനുഷ്യഹൃദയങ്ങളില്‍ ജനിക്കുകയും, അവിടെ വസിക്കുകയും ചെയ്യണം.

ബാഹ്യമായ മറ്റു കാര്യങ്ങളെല്ലാം ആ ഒരുക്കത്തിന്റെ പ്രതീകങ്ങളായി മാറണം. കൊടും തണുപ്പുള്ള ആ രാത്രിയില്‍ ആട്ടിടയന്മാരും, രാജാക്കന്മാരും, ജ്ഞാനികളുമൊക്കെ ഉണ്ണിയേശുവിനെ തേടി വന്നതുപോലെ നാം നമ്മുടെ അയല്‍ ഭവനങ്ങളില്‍, സമൂഹത്തിലെ താഴെത്തട്ടില്‍ ഉള്ളവരില്‍, ദരിദ്രരില്‍, അനാഥരില്‍, ക്രിസ്തുവിനെ അന്വേഷിക്കണം. അവിടെ ഉണ്ണിയേശുവിനെ നമുക്ക് കാണുവാന്‍ സാധിക്കും. നമ്മുടെ സമൃദ്ധിയില്‍ സന്തോഷിച്ചുകൊണ്ടല്ല നാം ക്രിസ്തുവിനെ അന്വേഷിക്കേണ്ടത്. ക്രിസ്തുമസ്സ് നക്ഷത്രങ്ങള്‍, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ട്രീകള്‍, വര്‍ണ്ണശബളമായ അലങ്കാര ദീപങ്ങള്‍, ഗിഫ്റ്റുകള്‍ വാങ്ങികൊടുക്കല്‍ ഇവയിലൊന്നുമല്ല ക്രിസ്തു വസിക്കുന്നത്. ഇവയൊക്കെയും ബാഹ്യമായ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന അലങ്കാരങ്ങള്‍ മാത്രമാണ്. പിന്നെയോ വിശക്കുന്നവന് ഭക്ഷണം നല്‍കുവാനും, കരയുന്നവന്റെ കണ്ണീര്‍ ഒപ്പുവാനും, നഗ്നനെ ഉടുപ്പിക്കുവാനും, ഭവനരഹിതനെ താമസിപ്പിക്കുവാനും, ദുഃഖിതന് സാന്ത്വനമേകുവാനും നമുക്ക് കഴിയണം. താന്‍ ലോകത്തിന്റെ പ്രകാശമാകുന്നുവെന്നും, തന്റെ പിന്നാലെ വരുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയല്ലായെന്നും ക്രിസ്തു നമ്മെ ഉത്‌ബോധിപ്പിക്കുന്നു.

ദൈവം കാണിച്ചുതന്ന മാതൃക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ട് മറ്റുള്ളവരെ സഹായിക്കുവാന്‍ നമുക്ക് സാധിക്കണം. ആരോടും പിണക്കമില്ലാതെ, പരിഭവങ്ങളില്ലാതെ മറ്റുള്ളവരുടെ നന്മകളില്‍ സന്തോഷിക്കുന്നവരായി മാറുന്നതോടൊപ്പം ക്രിസ്തുമസ് ദിനങ്ങളില്‍ സമ്മാനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ ജീവിക്കുന്നവരെക്കൂടി നാം ഓര്‍ക്കണം. അവരെ സഹായിക്കുവാന്‍ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകളായി മാറുവാന്‍ നമുക്ക് സാധിക്കണം.

ജാതിമത വ്യത്യാസമില്ലാതെ ക്രിസ്തുമസ്സിന്റെ ശരിയായ ദൂത് എല്ലാവരിലും പ്രകടമായി കാണുവാന്‍, നിര്‍മ്മലമായ ഹൃദയത്തിന്റെ ഉടമകളായി സ്‌നേഹത്തിന്റെയും കരുതലിന്റേയും അവസരങ്ങളായി തീരട്ടെ എന്ന് ആശംസിക്കുന്നു.

എബി തോമസ്
പ്രസിഡന്റ്
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment